ADVERTISEMENT

മൂവാറ്റുപുഴ∙ താൻ കൂടി പങ്കാളിയായ കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനം അയച്ച വക്കീൽ നോട്ടിസിന്, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ നൽകിയ മറുപടിയെ പരിഹസിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വാർത്താ സമ്മേളനത്തിൽ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയ ശേഷം, കെഎംഎൻപി ലോ എന്ന സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മോഹനൻ നൽകിയ മറുപടിയിൽ ഉള്ളതെന്ന് മാത്യു കുഴൽനാടൻ വെളിപ്പെടുത്തി. മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി അദ്ദേഹം പിന്തിരിഞ്ഞോടാൻ ശ്രമിക്കുകയാണ്. ഇത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. വക്കീൽ നോട്ടിസിനു രഹസ്യമായി മറുപടി അയച്ച് എല്ലാം ഒതുക്കാമെന്ന് മോഹനൻ വിചാരിക്കേണ്ടെന്നും നിയമടനപടികളുമായി മുന്നോട്ടു പോകുമെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

‘‘എതിർക്കുന്നവർക്കെതിരെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞ് അവരുടെ മനോവീര്യം തകർത്ത് നിശബ്ദരാക്കുക എന്നത് സിപിഎം ശൈലിയാണ്. കൂടാതെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കാനും നിശബ്ദരാക്കാനും ശ്രമിക്കും. ഇതൊന്നും വിലപ്പോകാത്തപ്പോഴാണ് കായികമായി നേരിടാൻ അവർ ശ്രമിക്കുന്നത്. ഇത് കാലങ്ങളായി സിപിഎം പിന്തുടരുന്ന ഫാഷിസ്റ്റ് ശൈലിയാണ്.

നമ്മൾ ഇതിനെ ചങ്കുറപ്പോടെ നേരിടാൻ ഇറങ്ങിയാൽ അവർ പിന്നോട്ടു പോകുന്ന കാഴ്ചയും കാണാം. മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള മാസപ്പടി വിഷയം സഭയിൽ ഉന്നയിച്ചതിനെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ എനിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും അധിക്ഷേപങ്ങളും നിങ്ങളും കേട്ടിരുന്നല്ലോ.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, കെഎൻഎംപി എന്ന സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതിനെതിരെ എന്റെ സ്ഥാപനം അദ്ദേഹത്തിന് അയച്ച വക്കീൽ നോട്ടീസിന് അദ്ദേഹം നൽകിയ മറുപടി വളരെ വിചിത്രമാണ്’’ – മോഹനന്റെ മറുപടിയെക്കുറിച്ച് വിശദീകരിക്കുന്ന വിഡിയോയ്ക്കൊപ്പം കുഴൽനാടൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

സി.എൻ.മോഹനൻ നൽകിയ മറുപടിയെക്കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ മാത്യു കുഴൽനാടൻ വിശദീകരിച്ചത് ഇങ്ങനെ:

‘‘കെഎംഎൻപി ലോ എന്ന സ്ഥാപനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം അയച്ച മറുപടിയിൽ പറയുന്നത്. കെഎംഎൻപി ലോയേക്കുറിച്ച് ഞാൻ പറ‍ഞ്ഞതല്ലാത്ത കാര്യങ്ങളൊന്നും അറിയില്ല എന്നും മറുപടിയിലുണ്ട്. അതിനുശേഷം എന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലുള്ള തെറ്റായ വിവരങ്ങൾ, ഞാൻ വെളിപ്പെടുത്തിയിട്ടുള്ള സ്വത്തുവിവരവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുള്ള സംശയങ്ങൾ തുടങ്ങിയവ വളരെ ദീർഘമായി എഴുതിയിട്ടുണ്ട്.

മാത്രമല്ല, ഞാൻ മുഴുവൻ സമയ രാഷ്ട്രീയക്കാരെ ആക്ഷേപിച്ചുകൊണ്ട് സംസാരിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നും, ഞാൻ പാർട് ടൈം രാഷ്ട്രീയക്കാരനാണെന്നുമെല്ലാം അതിൽ പറയുന്നു. മുഴുവൻ സമയ രാഷ്ട്രീയക്കാർ സത്യസന്ധരാണെന്നും എന്നേപ്പോലെ മറ്റു പ്രഫഷൻ കൊണ്ടുനടക്കുന്നവരെപ്പോലെയല്ല എന്നും എഴുതിയിട്ടുണ്ട്. മാത്യു കുഴൽനാടൻ എന്ന രാഷ്ട്രീയക്കാരനെതിരെ പറഞ്ഞതല്ലാതെ, വക്കീൽ നോട്ടിസ് അയച്ച നിയമസ്ഥാപനത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് ആവശ്യങ്ങൾ പിൻവലിച്ച് കേസിനു പോകരുതെന്നും ആവശ്യപ്പെടുന്നു.

ഞാൻ ഈ വിഷയം ഉന്നയിച്ച് മുന്നോട്ടു പോയ സമയം മുതൽ എന്റെ തറവാട്ടു വീട്ടിലെ പറമ്പ് അളക്കുന്നു, ചിന്നക്കനാലിലെ എന്റെ സ്വത്തുമായി ബന്ധപ്പെട്ട് കേസെടുക്കുന്നു, ഞാൻ അഭിഭാഷകനായിരിക്കെ ബിസിനസും നടത്തി അഭിഭാഷകനെന്ന നിലയിലുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബാർ കൗൺസിലിൽ പരാതി നൽകുന്നു, ഏറ്റവും ഒടുവിൽ എനിക്കെതിരായ വിജിലൻസ് കേസിനായി അനുമതിയും സർക്കാർ കൊടുത്തു. എല്ലാ നിലയിലും വേട്ടയാടൽ തുടരുമ്പോഴും ഞാൻ പൊതുസമൂഹത്തിനു കൊടുത്ത വാക്ക് പാലിക്കാൻ ബാധ്യസ്ഥനാണ്. എന്തൊക്കെ സംഭവിച്ചാലും ഈ പോരാട്ടം ഞാൻ മുന്നോട്ടു കൊണ്ടുപോകും.

ഇതിന്റെ ഭാഗമായിട്ടു കൂടിയാണ് എനിക്കും എന്റെ സ്ഥാപനത്തിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറിക്ക് എതിരെ വക്കീൽ നോട്ടിസ് അയച്ചത്. ഇപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി അദ്ദേഹം പിന്തിരിഞ്ഞോടാൻ ശ്രമിക്കുകയാണ്. ഇത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. ഇതുകൊണ്ടൊന്നും എന്നെ തളർത്താൻ ഇവർക്കാകില്ല. വക്കീൽ നോട്ടിസിനു രഹസ്യമായി മറുപടി അയച്ച് എല്ലാം ഒതുക്കാമെന്ന് മോഹനനും വിചാരിക്കേണ്ട. ഞങ്ങൾ നിയമടനപടികളുമായി മുന്നോട്ടു പോകും’’ – മാത്യു കുഴൽനാടൻ വിശദീകരിച്ചു.

നേരത്തെ, ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു നിരുപാധികം മാപ്പു പറയണമെന്നും അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിനു 2.5 കോടി രൂപ 7 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ പങ്കാളിയായ കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനു വക്കീൽ നോട്ടിസ് അയച്ചത്. കെഎംഎൻപി ലോയ്‌ക്ക് കൊച്ചി, ഡൽഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫിസുകളുണ്ടെന്നും ഈ ഓഫിസുകൾ വഴി കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്നും കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സി.എൻ.മോഹനൻ ആരോപിച്ചിരുന്നു. 

English Summary: Mathew Kuzhalnadan Takes A Dig At CPM Ernakulam District Secretary CN Mohanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com