ഒരു വര്‍ഷത്തിനു ശേഷം ലോക്കര്‍ തുറന്ന അല്‍ക്ക ഞെട്ടി; ചിതലരിച്ച് പൊടിയായത് 18 ലക്ഷം രൂപ

Mail This Article
മൊറാദാബാദ്∙ ഉത്തര്‍പ്രദേശില്‍ മകളുടെ വിവാഹാവശ്യത്തിനു വേണ്ടി മാതാവ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതലരിച്ചു നഷ്ടപ്പെട്ടു. കെവൈസി പുതുക്കണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ബാങ്കിലെത്തിയ അല്‍ക്ക പഥക് എന്ന സ്ത്രീ ലോക്കര്‍ തുറന്നു നോക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞത്. താന്‍ സ്വരൂപിച്ചു വച്ചിരുന്ന 18 ലക്ഷത്തോളം രൂപ പൂര്‍ണമായും ചിതലരിച്ചു നശിച്ചിരിക്കുന്നത് കണ്ട് അല്‍ക്ക സ്തംഭിച്ചുപോയി.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് അല്‍ക്ക 18 ലക്ഷം രൂപ ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ശാഖയിലെ ലോക്കറില്‍ വച്ചത്.
ലക്ഷക്കണക്കിനു രൂപ ചിതലരിച്ച് പൊടിയായി മാറിയെന്നറിഞ്ഞ് ബാങ്ക് അധികൃതരും ഞെട്ടി. വിവരം ബാങ്ക് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് വിവരങ്ങളൊന്നും ബാങ്ക് നല്‍കുന്നില്ലെന്ന് അല്‍ക്ക പരാതിപ്പെട്ടു. വിഷയത്തില്‍ ബാങ്ക് സഹകരിച്ചില്ലെങ്കില്‍ തുടര്‍ നടപടികളിലേക്കു പോകുമെന്നും അവര്‍ പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ നിയമപ്രകാരം ബാങ്ക് ലോക്കറുകളില്‍ പണം സൂക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ ലോക്കര്‍ കരാറിലും ഇതു വ്യക്തമാക്കിയിട്ടുണ്ട്. ആഭരണങ്ങളോ രേഖകളോ മാത്രമേ ലോക്കറില്‍ സൂക്ഷിക്കാനാവൂ എന്നും പണം സൂക്ഷിക്കാന്‍ കഴിയില്ലെന്നും കരാറില്‍ പറയുന്നു. ലോക്കറിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയാല്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ടാകും. കെട്ടിടം തകര്‍ന്നുവീണാലോ തീപിടിത്തം ഉണ്ടായാലോ തട്ടിപ്പു നടന്നാലോ ബാങ്ക് നഷ്ടപരിഹാരം നല്‍കുമെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: She Opened Bank Locker After A Year. Termites Ate 18 Lakh Cash She Stored