‘അരവിന്ദാക്ഷനോ അമ്മയ്ക്കോ 63 ലക്ഷം രൂപയുടെ നിക്ഷേപമില്ല’: ഇഡിയുടെ വാദം തള്ളി പെരിങ്ങണ്ടൂർ ബാങ്ക്

Mail This Article
തൃശൂർ∙ കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസിൽ അറസ്റ്റിലായ സിപിഎം അത്താണി ലോക്കൽ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ.അരവിന്ദാക്ഷന്റെ അമ്മയ്ക്ക് പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്ന ഇഡിയുടെ വാദം തള്ളി ബാങ്ക്. അരവിന്ദാക്ഷനോ അമ്മയ്ക്കോ 63 ലക്ഷം രൂപയുടെ നിക്ഷേപമില്ലെന്ന് ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു. തെറ്റായ പ്രചാരണം ബാങ്കിലെ നിക്ഷേപകരെ ആശങ്കയിലാക്കുന്നതാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ പി.ആർ.അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മ ചന്ദ്രമതിയുടെ പേരിൽ 63.56 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. എന്നാൽ 1600 രൂപയുടെ ക്ഷേമപെൻഷൻ മാത്രമാണ് ഇവർക്കുള്ളത്. അക്കൗണ്ടിന്റെ നോമിനിയായി വച്ചത് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാറിന്റെ സഹോദരനെയാണെന്നും ഇഡി കണ്ടെത്തി.
അരവിന്ദാക്ഷന്റെ ഭാര്യ ഷീല 85 ലക്ഷം രൂപയുടെ ബിസിനസ് ഇടപാട് അജിത്ത് മേനോൻ എന്ന എൻആർഐയുമായി നടത്തി. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ പറ്റിയിട്ടില്ലയെന്നും ഇഡി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി. കവിത്കര്‍ കോടതിയിൽ ബോധിപ്പിച്ചു. ബുധനാഴ്ചയാണ് പി.ആർ.അരവിന്ദാക്ഷനെ കള്ളപ്പണ നിരോധനനിയമപ്രകാരം ഇഡി അറസ്റ്റ് ചെയ്തത്.
English Summary: Peringandoor Co-operative Bank's Explanation on ED Allegation Abour PR Aravindakshan