ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റിന്റെ സഹോദരൻ അണ്ണാഡിഎംകെയിലേക്ക്
Mail This Article
ചെന്നൈ∙ തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റും നിയമസഭാ കക്ഷി നേതാവുമായ നൈനാർ നാഗേന്ദ്രന്റെ സഹോദരൻ നൈനാർ വീരപെരുമാൾ അണ്ണാഡിഎംകെയിലേക്ക്. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമായിരിക്കും അദ്ദേഹം അണ്ണാഡിഎംകെയിലെത്തുക.
ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിൽ അംഗത്വം ഏറ്റുവാങ്ങും. സഖ്യം പിരിഞ്ഞതിനെ തുടർന്ന് ഇരുപാർട്ടികളും തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനിടെയാണു ബിജെപിക്കു തലവേദനയായി കൊഴിഞ്ഞുപോക്കുണ്ടാകുന്നത്.
മുൻ തെങ്കാശി എംപിയും നിലവിൽ ഡിഎംകെ അംഗവുമായ വാസന്തി മുരുകേശനും അണ്ണാഡിഎംകെയിൽ ചേരാനൊരുങ്ങുന്നെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.
അതേസമയം, സഖ്യം തകർന്നതോടെ തുടർ നീക്കങ്ങളെപ്പറ്റി ബിജെപിയും തലപുകഞ്ഞ് ആലോചന തുടങ്ങി. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലും നിർവാഹക സമിതി യോഗത്തിലും വിഷയം ഉടൻ ചർച്ച ചെയ്യുമെന്നു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. തമിഴ്നാട്ടിലെ സ്ഥിതി കേന്ദ്രം നിരീക്ഷിക്കുന്നുണ്ടെന്നും ഉടൻ തീരുമാനമെടുക്കുമെന്നും ബിജെപി ദേശീയ നേതാവ് പൊങ്കുലേഡി സുധാകർ റെഡ്ഡിയും പറഞ്ഞു.
English Summary: BJP state vice president's brother to AIADMK