ഓണം ബംപർ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനെന്ന് പരാതി; പ്രത്യേക സമിതി പരിശോധിക്കും
Mail This Article
തിരുവനന്തപുരം∙ ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്നും സമ്മാനം നൽകരുതെന്നും തമിഴ്നാട് സ്വദേശി നൽകിയ പരാതി ലോട്ടറി വകുപ്പിന്റെ പ്രത്യേക സമിതി പരിശോധിക്കും. ജോയിന്റ് ഡയറക്ടറും ഫിനാൻസ് ഓഫിസറും ഉൾപ്പെടെ 7 പേരാണ് സമിതിയിലുള്ളത്. ഇതര സംസ്ഥാനങ്ങളിലുള്ളവർക്ക് ലോട്ടറി സമ്മാനം ലഭിച്ചാൽ ഈ സമിതി പരിശോധിച്ചശേഷമാണ് സമ്മാനം കൈമാറുന്നത്.
കേരളത്തിലെ ലോട്ടറി ഏജൻസിയിൽനിന്ന് കമ്മിഷൻ വ്യവസ്ഥയിലെടുത്ത് തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിൽ വിറ്റ ടിക്കറ്റിൽ ഉൾപ്പെട്ട ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് തമിഴ്നാട് സ്വദേശിയുടെ പരാതിയിൽ പറയുന്നത്. കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ വ്യക്തിക്ക് ഉൾപ്പെടെയാണ് സമ്മാനം ലഭിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. കേരളത്തിലെ ലോട്ടറി മറ്റു സംസ്ഥാനങ്ങളിൽ വിൽക്കാൻ നിയമപരമായി കഴിയില്ല. സമ്മാനാർഹൻ ലോട്ടറി എടുത്ത ഏജൻസിയിൽ സമിതി അന്വേഷണം നടത്തും. ഹാജരാക്കുന്ന രേഖകളും പരിശോധിക്കും. സമ്മാനാർഹൻ കേരളത്തിൽ വരാനുള്ള കാരണങ്ങളും പരിശോധിക്കും.
സമ്മാനാർഹൻ കേരളത്തിന് പുറത്തുളള ആളാണെങ്കിൽ ഒരു ലക്ഷം രൂപക്ക് മുകളിൽ സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് മുഖാന്തരം ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ: സമ്മാനാർഹമായ ടിക്കറ്റിന് പുറകിൽ സമ്മാനാർഹന്റെ പേരും മേൽവിലാസവും പിൻകോഡും, (ആധാർ കാർഡിൽ ചേർത്തിരിക്കുന്നതുപോലെ ) ഒപ്പും രേഖപ്പെടുത്തണം. ടിക്കറ്റിന്റെ ഫോട്ടോകോപ്പി നോട്ടറി ഓഫിസർ ഒപ്പിട്ട്, നോട്ടറി ഓഫിസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കണം. സർക്കാർ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് സമ്മാനാർഹന്റെ രണ്ട് ഫോട്ടോകള്‍ ഒട്ടിച്ച്, ഫോട്ടോയില്‍ നോട്ടറി ഓഫിസര്‍ ഒപ്പിട്ട്, നോട്ടറി ഓഫിസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തണം. സമ്മാനതുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച് സമ്മാനാർഹന്റെ ഒപ്പ് റവന്യൂ സ്റ്റാമ്പില്‍ പതിപ്പിച്ച് സമ്മാനാർഹന്റെ പൂര്‍ണ മേല്‍വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയതിനോടൊപ്പം നോട്ടറി ഓഫിസര്‍ ഒപ്പിട്ട്, നോട്ടറി ഓഫിസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തണം. ആധാർ, പാൻകാർഡ്, ബാങ്ക് പാസ് ബുക്ക് കോപ്പിയും ഇതേരീതിയിൽ സമർപിക്കണം. സമ്മാനാർഹൻ കേരളത്തിൽ വരാനുണ്ടായ കാരണവും ടിക്കറ്റ് എടുക്കുവാനുണ്ടായ സാഹചര്യവും കാണിച്ചുകൊണ്ടുള്ള കത്ത് സമർപ്പിക്കണം.
English Summary: Controversy Surrounding Onam Bumper Lottery: Special Committee Formed to Investigate Allegations