ADVERTISEMENT

ഒറ്റപ്പാലം ∙ താലൂക്ക് ആശുപത്രിയെ സമീപിച്ച പൊതുപ്രവർത്തകർക്കെതിരെ വീണ്ടും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്.  കാലിൽ മുറിവോടെയെത്തിച്ച മാനസിക വെല്ലുവിളിയുള്ള യുവാവിനു ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ചു സബ് കലക്ടറെ സമീപിച്ച സിപിഎം പുളയ്ക്കാപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നഗരസഭാ മുൻ കൗൺസിലറുമായ ടി.പി.പ്രദീപ്കുമാർ, സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് എന്നിവർക്കെതിരെയാണു കേസ്. കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ റഹ്മാൻകുട്ടിയുടെ പരാതിയിലാണു പൊലീസ് കേസെടുത്തത്.

അർബുദരോഗിയായ വീട്ടമ്മയ്ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഇടപെട്ട ബിജെപി അംഗമായ വനിത കൗൺസിലർക്കെതിരെ സൂപ്രണ്ടിന്റെ പരാതിയിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഞങ്ങൾ നിർദേശിക്കുംവിധം രോഗിയെ ചികിത്സിക്കണമെന്ന് പ്രദീപ്കുമാറും ഫ്രാൻസിസും ആവശ്യപ്പെട്ടെന്നും തിരക്കേറിയ കാഷ്വൽറ്റിയിൽ ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ചു ഡോക്ടർ നൽകിയ പരാതി പ്രകാരമാണു കേസ്. ആരോഗ്യ പ്രവർത്തകർക്ക് ജോലി സംരക്ഷണം നൽകുന്ന കേരളാ ഹെൽത്ത് കെയർ സർവീസ് പഴ്സൺസ് ആൻഡ് ഹെൽത്ത് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് നിയമവും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലും ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ ചുമത്തി. കഴിഞ്ഞ 18നാണ് ഇരുവരും ചേർന്ന് രോഗിയെ ആശുപത്രിയിലെത്തിച്ചത്.

കുത്തിവയ്പ്പിനും മുറിവ് ഡ്രസ് ചെയ്യാനും നിർദേശിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ കുറിപ്പടി തയാറാക്കിയെങ്കിലും ഇതുമായി മുറിവ് കെട്ടുന്ന കേന്ദ്രത്തിലെത്തിയപ്പോൾ ജീവനക്കാരൻ മോശമായി പെറുമാറി തിരിച്ചയച്ചെന്നായിരുന്നു സബ് കലക്ടർക്കു ഫ്രാൻസിസ് നൽകിയ പരാതിയിലെ ആരോപണം. കാഷ്വൽറ്റി മെഡിക്കൽ ഓഫിസറെ സമീപിച്ചപ്പോഴും പ്രതികരണം സമാനമായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഒടുവിൽ നഗരസഭാധ്യക്ഷ ഇടപെട്ടപ്പോഴാണു ചികിത്സ ലഭിച്ചത്. സബ് കലക്ടറുടെ  അന്വേഷണം നടക്കുന്നതിനിടെയാണ് ഡോക്ടർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പാലപ്പുറം ആപ്പേപ്പുറത്തെ 67 വയസ്സുകാരിക്ക് പെൻഷൻ അപേക്ഷയ്ക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഇടപെട്ട നഗരസഭാ കൗൺസിലർ സി.പ്രസീതയ്ക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് മറ്റു 2 പൊതുപ്രവർത്തകർക്കെതിരെ കൂടി എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

English Summary: A case under the non-bailable section against the public servants who approached the taluk hospital at Ottappalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com