കോഴിക്കോട്ട് ഡോക്ടറെ വടിവാൾ കാട്ടി ഭീഷണി, കവർച്ച; യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം പിടിയിൽ

Mail This Article
കോഴിക്കോട് ∙ ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ.മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി.ഷിജിൻദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.
ടൗൺ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ റെയിൽവെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. ഡോക്ടറെ വടിവാൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതികൾ കവർച്ച നടത്തുകയായിരുന്നു.
കഴിഞ്ഞ രാത്രിയിൽ ഇവർ ഡോക്ടറുമായി പരിചയപ്പെട്ടു. ഡോക്ടറുടെ റൂം മനസ്സിലാക്കിയശേഷം പുലർച്ചെ ആയുധവുമായെത്തി ഭീഷണിപ്പെടുത്തി. ഡോക്ടറുടെ കൈവശം പണമില്ലെന്ന് കണ്ടപ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്നും ഗൂഗിൾ പേ വഴി 2,500 രൂപ അയപ്പിച്ചു. പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരിമരുന്ന് വാങ്ങാൻ പണം കണ്ടെത്താനായിരുന്നു മോഷണം. പൊലീസ് പിടികൂടാതിരിക്കാൻ അനസും അനുവും ഡൽഹിയിലേക്ക് പോകാൻ പ്ലാൻ ചെയ്തിരുന്നു. ഇതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്.
ഇവരിൽനിന്ന് ബൈക്കുകളും മൊബൈൽ ഫോണുകളും വടിവാളും പൊലീസ് കണ്ടെത്തി. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എഎസ്ഐ കെ.അബ്ദു റഹ്മാൻ, കെ.അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ടൗൺ സ്റ്റേഷനിലെ എസ്ഐമാരായ സിയാദ്, അനിൽകുമാർ, എഎസ്ഐ ഷിജു, രജിത്ത് ഗിരീഷ്, ഷിബു പ്രവീൺ, അഭിലാഷ് രമേശൻ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
English Summary: Robbery in Kozhikode, Three Arrested