അന്തർ സംസ്ഥാന ലഹരിമരുന്ന് സംഘത്തിലെ മുഖ്യ സൂത്രധാരൻ ബെംഗളൂരുവിൽ പിടിയിൽ

Mail This Article
കോഴിക്കോട്∙ ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്കു ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. കോഴിക്കോട് പുതിയങ്ങാടി കൊരണി വയൽ സ്വദേശി അനഗേഷ് (24) ആണ് പിടിയിലായത്. ബെംഗളൂരുവിലെ ഒളിത്താവളത്തിൽനിന്നു ജില്ലാ ഡപ്യൂട്ടി കമ്മിഷണർ കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പും ചേവായൂർ സബ് ഇൻസ്പെക്ടർ നിമിൻ കെ.ദിവാകരനും ചേർന്നാണു പ്രതിയെ പിടികൂടിയത്. ഇയാളെ ചേവായൂർ സ്റ്റേഷനിലെത്തിച്ച് മെഡിക്കൽ കോളജ് എസിപി കെ.സുദർശന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.
2020 നവംബർ 17ന് ചേവായൂർ പൊലീസും ഡൻസാഫും ചേർന്ന് 16 കിലോഗ്രാം കഞ്ചാവ് പാറോപ്പടിയിലെ ആളൊഴിഞ്ഞ മുറിയിൽനിന്നു പിടികൂടിയിരുന്നു. ഈ മുറി അനഗേഷ് വാടകയ്ക്ക് എടുത്തതായിരുന്നു. ഇവിടെ വച്ചായിരുന്നു കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ഈ കേസിൽ നാലു പേർ അറസ്റ്റിലായി. എന്നാൽ, അനഗേഷിനെ പിടികൂടാനായില്ല. വീട്ടിലെത്തിയ പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞു. ഇയാളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ബൈക്കിന്റെ ഉടമസ്ഥാവകാശം സഹോദരന്റെ പേരിലേക്കു മാറ്റുകയും സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോവുകയും ചെയ്തു. പിന്നീടൊരിക്കൽ പൊലീസിനു നേരെ നായയെ അഴിച്ചുവിട്ടും കടന്നുകളഞ്ഞു.
മാസങ്ങൾക്കു മുൻപ് രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇയാളെ അന്വേഷിച്ച് ബെംഗളൂരുവിൽ എത്തി. എന്നാല്‍ പൊലീസിനെ കണ്ട പ്രതി കാറിൽ രക്ഷപ്പെട്ടു. ഈ കാർ പിന്നീടു കാമുകിയുടെ സഹോദരനും സുഹൃത്തും ചേർന്നു നാട്ടിലെത്തിച്ചു. ഇതിനുശേഷം സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങാതെ പലയിടങ്ങളിൽ സംഘാംഗങ്ങളുടെ കൂടെ മാറി മാറി താമസിക്കുകയായിരുന്നു പ്രതിയുടെ രീതി. പൊലീസിന്റെ സാന്നിധ്യമുണ്ടായാൽ അറിയിക്കാൻ പല സ്ഥലങ്ങളിലും ലഹരിക്കടിമകളായ നിരവധി യുവാക്കളെയും നിയോഗിച്ചിരുന്നു.
ബെംഗളൂരുവിൽ വച്ച് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി ആദ്യം തിരുപ്പതിയിൽ എത്തുകയും അവിടെ ഒരാഴ്ച നിന്നശേഷം മുംബൈയിലേക്കു പോയി. പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ ഹിമാചൽ പ്രദേശിൽ ഒളിവിൽ കഴിഞ്ഞു. നാലു മാസത്തിനുശേഷം ബെംഗളൂരുവിൽ എത്തി. ബെംഗളൂരുവിലെ പഴയ താമസ സ്ഥലത്തുനിന്നു മാറി ഉൾപ്രദേശങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു.
ഡപ്യൂട്ടി കമ്മിഷണറുടെ നിർദേശപ്രകാരം സിറ്റി സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് പ്രതിയെ കുറിച്ച് അന്വേഷിച്ചപ്പോൾ ബെംഗളൂരുവിൽ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിലേക്കു തിരിച്ചു. ദിവസങ്ങളോളം നിരീക്ഷിച്ച് പ്രതിയുടെ താവളം കണ്ടെത്തുകയും പിന്നീട് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ സംഘത്തിൽപ്പെട്ട ചിലർ കോഴിക്കോട് കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കൂടാതെ ഫോൺ പരിശോധിച്ചതിൽ കണ്ട പണമിടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
English Summary: Inter-state drug dealer arrested in Bengaluru