എൽജെഡി – ആർജെഡി ലയനസമ്മേളനം ഈ മാസം 12ന്; ലാലു പ്രസാദും തേജസ്വി യാദവും പങ്കെടുക്കും

Mail This Article
കോഴിക്കോട്∙ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) – രാഷ്ട്രീയ ജനതാദൾ (ആർജെഡി) ലയനസമ്മേളനം ഈ മാസം 12ന് കോഴിക്കോട്ട് നടക്കും. ഡോ.റാം മനോഹർ ലോഹ്യയുടെ ഓർമദിനമായ 12ന് വൈകിട്ട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിലെ എം.കെ.പ്രേംനാഥ് നഗറിലാണ് 15,000 പ്രവർത്തകർ പങ്കെടുക്കുന്ന ലയന സമ്മേളനം നടക്കുക. ആർജെഡി ദേശീയ പ്രസിഡന്റും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, രാജ്യസഭാ പാർട്ടി നേതാവ് മനോജ് ഝാ തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
എല്ലാക്കാലത്തും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച പ്രസ്ഥാനമാണ് എൽജെഡിയെന്നു സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ഭരണഘടനാമൂല്യങ്ങളെ തകർത്തുകൊണ്ട് മുന്നോട്ട് പോകുകയാണ്. അവരെ പരാജയപ്പെടുത്തുന്നതിനു രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് പ്രസ്ഥാനമെന്ന നിലയിലാണ് ഇന്ത്യ മുന്നണിയിലെ പ്രധാനഘടകമായ ആർജെഡിയിൽ ലയിക്കുന്നത്.
ആർജെഡിയിൽ ലയിക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായിരിക്കും കേരളത്തിലെ ജനാധിപത്യ സോഷ്യലിസ്റ്റുകൾ നടത്തുന്നതെന്നും ശ്രേയാംസ്കുമാർ പറഞ്ഞു. 12ന് മഹാസമ്മേളനത്തിൽ ലാലു പ്രസാദ് യാദവും തേജസ്വി യാദവും ചേർന്ന് ആർജെഡി പതാക എം.വി.ശ്രേയാംസ്കുമാറിന് കൈമാറും.
English Summary: LJD-RJD merge conference on October 12