ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിലെ വൃത്തിഹീനമായ ശുചിമുറി ആശുപത്രി ഡീനിനെ കൊണ്ടു വൃത്തിയാക്കിപ്പിച്ച് ശിവസേന എംപി. ശിവസേന (ഷിൻഡെ വിഭാഗം) എംപി ഹേമന്ദ് പാട്ടീലാണ് ആശുപത്രി ഡീൻ ഡോ.ശ്യാമറാവോ വകോടേയെ കൊണ്ട് വൃത്തിയാക്കിച്ചത്. ഇതുസംബന്ധിച്ച ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു.  

ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ 48 മണിക്കൂറിനിടെ 31 പേരാണ് മരിച്ചത്. ഇതിൽ 15 പേർ നവജാതശിശുക്കളോ കുട്ടികളോ ആണ്. ആശുപത്രിയിലെ 71 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതേത്തുടർന്നാണ് ആശുപത്രിയിലെ സാഹചര്യം വിലയിരുത്തുന്നതിനായി എംപി സന്ദർശിച്ചത്. ഇതിനിടെ നടത്തിയ പരിശോധനയിലാണ് ശുചിമുറി വൃത്തിഹീനമായി കണ്ടത്. തുടർന്ന് ആശുപത്രി ഡീൻ ഡോ.ശ്യാമറാവോ വകോടേയോട് വൃത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. ചൂലു കൊണ്ട് ഡീൻ ശുചിമുറി കഴുകുമ്പോൾ വെള്ളമൊഴിച്ചു കൊടുത്ത് എംപി സമീപത്ത് നിൽക്കുന്ന ചിത്രങ്ങളാണു പുറത്തുവന്നത്. ആശുപത്രിയിലെ ശുചിമുറി തീർത്തു വൃത്തിഹീനമായിരുന്നുവെന്നാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്.

ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ വൃത്തിഹീനമായ ശുചിമുറി ആശുപത്രി ഡീൻ ഡോ.ശ്യാമറാവോ വകോടേയെ കൊണ്ട് വൃത്തിയാക്കിക്കുന്ന ശിവസേന (ഷിൻഡെ വിഭാഗം) എംപി ഹേമന്ദ് പാട്ടീൽ. (ചിത്രം:X/@MohammedAkhef)
ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ വൃത്തിഹീനമായ ശുചിമുറി ആശുപത്രി ഡീൻ ഡോ.ശ്യാമറാവോ വകോടേയെ കൊണ്ട് വൃത്തിയാക്കിക്കുന്ന ശിവസേന (ഷിൻഡെ വിഭാഗം) എംപി ഹേമന്ദ് പാട്ടീൽ. (ചിത്രം:X/@MohammedAkhef)

ഇതിനിടെ മരുന്നുകൾ ലഭ്യമല്ലാത്തതാണു അത്യാഹിതത്തിനു കാരണമെന്ന ആരോപണം ആശുപത്രി ഡീൻ ഡോ.ശ്യാമറാവോ വകോടേ നിഷേധിച്ചു. ഡോക്‌ടർമാരുടെ അഭാവമോ മരുന്നുകളുടെ അപര്യാപ്തതയോ ഉണ്ടായിട്ടില്ലെന്നും ഡീൻ പറഞ്ഞിരുന്നു.  മരുന്നിന്റെ ലഭ്യതക്കുറവാണ് മരണങ്ങൾക്കു കാരണമെന്നു കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. 70 – 80 കി.മീ. ചുറ്റളവിലുള്ള ഏക ആശുപത്രിയാണെന്നും ചില ഘട്ടങ്ങളിൽ രോഗികളുടെ എണ്ണം വല്ലാതെ വർധിക്കാറുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു നിഷേധിച്ചു കൊണ്ടാണ് ഇന്നു പ്രസ്‌താവന ഇറക്കിയിരിക്കുന്നത്. ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രോഗികളാണി മരിച്ചതെന്നാണ് ഇന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 

ആശുപത്രിയിൽ സെപ്‌റ്റംബർ 30നും ഒക്‌ടോബർ ഒന്നിനും മരിച്ച 12 നവജാത ശിശുക്കൾക്കു തീരെ ഭാരം ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി ഡീൻ തിങ്കളാഴ്ച പറഞ്ഞിരുന്നു. ശിശുരോഗ വിഭാഗത്തിൽ 142 കുട്ടികളെയാണു പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ 42 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടർ അറിയിച്ചു. ആശുപത്രിയിലെ കൂട്ടമരണത്തിൽ ഏക്‌നാഥ് ഷിൻഡെ സർക്കാരിനെ  പ്രതിരോധത്തിലാക്കി കടുത്ത വിമർശനം ഉയർന്നിരുന്നു. അന്വേഷണം വേണമെന്നു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. പബ്ലിസിറ്റിക്കായി ബിജെപി സർക്കാരിനു കോടികൾ ചിലവഴിക്കാം, കുട്ടികൾക്കു മരുന്നുവാങ്ങാൻ പണമില്ലേ എന്ന് എക്സ്‌ പ്ലാറ്റ്‍ഫോമിൽ വിമർശിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

English Summary: In Hospital Where 31 Died In 48 Hours, MP Makes Dean Clean Filthy Toilet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com