ADVERTISEMENT

ടൊറന്റോ∙ ഇന്ത്യയുമായുള്ള ക്രിയാത്മക ബന്ധം തുടരുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. നയതന്ത്ര പ്രതിനിധികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടാകേണ്ടത് കാനഡയുടെ ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഒട്ടാവയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘നിലവിൽ ഇന്ത്യയുമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയുമായുള്ള പ്രശ്നം കൂടുതൽ വഷളാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ ദുഷ്കരമായ സമയത്തും ഇന്ത്യയുമായി ക്രിയാത്മക ബന്ധം തുടരാനുള്ള ശ്രമങ്ങളാണ് കാനഡ നടത്തുന്നത്. ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് അവിടുത്തെ കനേഡിയൻ പൗരന്മാരെ സംരക്ഷിക്കാൻ ഞങ്ങൾ‌ ആഗ്രഹിക്കുന്നു’’– ട്രൂഡോ പറഞ്ഞു. 

ഒക്ടോബർ പത്തിന് മുൻപായി, ഇന്ത്യയിലുള്ള 62 നയതന്ത്ര പ്രതിനിധികളിൽ 41 പേരെ ഡൽഹിയിൽനിന്നു തിരിച്ചുവിളിക്കണമെന്നാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതെന്നു ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ട്രൂഡോയുടെ പ്രസ്താവന. എന്നാൽ ഈ റിപ്പോർട്ടിനെ കുറിച്ച് പരാമർശിക്കാൻ ട്രൂഡോ കൂട്ടാക്കിയില്ല. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ ജൂൺ 18ന് കാനഡയിലെ സറെ നഗരത്തിലെ ഗുരുദ്വാരയുടെ പാർക്കിങ്ങിൽ വച്ചു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യ – കാനഡ ബന്ധം വഷളായത്. ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള നിജ്‌ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള അനൗദ്യോഗിക ചർച്ചകളിലാണ് കാനഡ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

English Summary: "Not Looking To Escalate, Want Constructive Ties" With India: Canada PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com