ADVERTISEMENT

കൊച്ചി∙ പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ, വിദ്യാർഥിനിയുടെ സുഹൃത്തായ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ‍‍ സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം പോക്സോ കോടതിയുടെതാണ് വിധി. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവ തെളിഞ്ഞതിനെ തുടർന്ന് പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തേ വിധിച്ചിരുന്നു. 2020 ജനുവരി 7നാണ് സംഭവം നടന്നത്. ആലപ്പുഴ തുറവുർ സ്വദേശിനിയായ 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞ് വിദ്യാർഥിനിയെ കാറിൽ കയറ്റികൊണ്ടുപോയി വാൽപ്പാറയിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രണയം നിരസിച്ചതിനെ തുടർന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവെടുപ്പിനിടെ ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു. കൊച്ചിയിലെ സ്കൂളിൽ നിന്ന് ഉച്ചയോടെ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം 10 മണിക്കൂറിനുശേഷം രാത്രി പന്ത്രണ്ടോയെയാണ് വാൽപ്പാറയിലെ തോട്ടത്തിൽ പൊലീസ് കണ്ടെത്തിയത്. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം തോട്ടത്തിൽ തള്ളുകയായിരുന്നു. വിദ്യാർഥിനിയുടെ നെഞ്ചിൽ ആഴത്തിലുള്ള 4 മുറിവുകളുണ്ടായിരുന്നു. ദേഹത്തു ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുണ്ട്. 

സർവീസ് ചെയ്യാനെത്തിച്ച കാർ മോഷണം പോയതായി സഫർ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സർവീസ് സ്റ്റേഷൻ അധികൃതർ ശേഷം മരട് പൊലീസിൽ പരാതി നൽകിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയിൽ പറഞ്ഞിരുന്നു. വിദ്യാർഥിനി തിരിച്ചെത്താതിരുന്നതിനെ തുടർന്നു വിദ്യാർഥിനിയുടെ പിതാവും സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയിൽ സഫറിന്റെ കാര്യം പരാമർശിച്ചിരുന്നില്ല. സെൻട്രൽ പൊലീസ് അപ്പോൾ തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു. 

മരടിൽ നിന്നു മോഷണം പോയ കാർ മലക്കപ്പാറ ചെക്പോസ്റ്റ് കടന്നു തമിഴ്നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് വിവരം ലഭിച്ചു. സഫറിന്റെ മൊബൈൽ ലൊക്കേഷൻ വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്നാടിന്റെ ഭാഗമായ വാൽപ്പാറ ചെക്പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി. വാൽപ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുൻപു തന്നെ വാട്ടർഫാൾ പൊലീസ് കാർ തടഞ്ഞു. പരിശോധനയിൽ, കാറിൽ പെൺകുട്ടിയെ കണ്ടെത്തിയില്ല. കാറിൽ രക്തക്കറ കണ്ടെത്തിയതോടെ സഫറിനെ കസ്റ്റഡിയിലെടുത്തു. മലക്കപ്പാറയിൽ നിന്നുള്ള പൊലീസ് സംഘം, സഫറിനെയും കൂട്ടി 4 മണിക്കൂറോളം നടത്തിയ തിരച്ചലിലാണു മൃതദേഹം കണ്ടെത്തിയത്. 

English Summary: Kochi Plus Two Student Murder Case Accused found guilty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com