ADVERTISEMENT

ന്യൂഡൽഹി∙ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ. കുറ്റക്കാരനാണെന്ന് ഉത്തരവുകൂടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഫൈസലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ഹാജരാകും. ഹർജി ഒക്ടോബർ 9ന് സുപ്രീംകോടതി പരിഗണിക്കും. 

മുന്‍ കേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കിയിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട ജനുവരി 11 മുതൽ അദ്ദേഹത്തെ അയോഗ്യനാക്കിയെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്നലെ അറിയിച്ചത്.

വധശ്രമ കേസില്‍ മുഹമ്മദ് ഫൈസലിനെതിരെ പ്രഥമദൃഷ്ട്യ തെളിവുകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്നുമായിരുന്നു ഫൈസലിന്റെ ആവശ്യം. കേസില്‍ കവരത്തി സെഷന്‍സ് കോടതി വിധിച്ച പത്തുവര്‍ഷം തടവുശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് എന്‍.നഗരേഷ് തയാറായില്ല. ജനപ്രാതിനിധ്യ നിയമപ്രകാരം ഏതെങ്കിലും കുറ്റത്തിനു രണ്ടുവര്‍ഷത്തിനുമേല്‍ തടവിനു ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധി അയോഗ്യനാകും.

2009ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടായ സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഫൈസലും മറ്റു മൂന്നു പ്രതികളും കുറ്റക്കാരാണെന്നു വിചാരണ കോടതി വിധിച്ചത്.

English Summary: Former Lakshadweep MP Mohammed Faizal approches Supreme Court to Stay HighCourt Order 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com