ADVERTISEMENT

തിരുവനന്തപുരം∙ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ആദ്യഘട്ടമായി നൽകാനുള്ള 11.79 കോടിരൂപ സർക്കാർ കൈമാറാത്തതിനാൽ കെൽട്രോൺ പ്രതിസന്ധിയിൽ. തുക കൈമാറാൻ കഴിഞ്ഞമാസം 18ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുക ലഭിക്കാത്തതിനാൽ ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടുകയാണ് കെൽട്രോൺ. ഒരു മാസം ഒരു കോടിയോളം രൂപയാണ് എഐ ക്യാമറ പദ്ധതിക്കായി കെൽട്രോണിനു ചെലവു വരുന്നത്. സെപ്റ്റംബറിലാണ് ആദ്യ ഗഡു കിട്ടേണ്ടിയിരുന്നത്. 

ഒരു മാസം 3 മുതൽ 4 ലക്ഷം ചലാനുകളാണ് നിയമലംഘനം നടത്തിയവരുടെ വിലാസത്തിലേക്ക് അയയ്ക്കുന്നത്. ഒരു ചലാൻ അയയ്ക്കുന്നതിന് 20 രൂപയാണു ചെലവ്. ചലാനുകൾ അയയ്ക്കാൻ 146 താൽക്കാലിക ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനു 30 ലക്ഷത്തിനു മുകളിൽ തുക ചെലവു വരുന്നുണ്ട്. മറ്റ് അനുബന്ധ ചെലവുകൾകൂടി കണക്കിലെടുക്കുമ്പോൾ പ്രതിമാസ ചെലവ് ഒരു കോടിയിലെത്തും. കോടതിയിൽ കേസുള്ളതിനാൽ കൃത്യസമയത്ത് പണം ലഭിക്കില്ലെന്ന ആശങ്ക കെൽട്രോണിനുണ്ടായിരുന്നു. 

കരാറുകാർക്കു പണം നൽകുന്നത് ഹൈക്കോടതി ജൂണിൽ തടഞ്ഞെങ്കിലും ആദ്യ ഗഡുവായ 11.79 കോടിരൂപ കെൽട്രോണിനു നൽകാൻ കഴിഞ്ഞ മാസം അനുമതി നൽകി. എഐ ക്യാമറ ഇടപാടിൽ അഴിമതിയുണ്ടെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു കോടതി വിധി. ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കും അനുമതിയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

കെൽട്രോണിന് ആദ്യഗഡു നൽകാൻ അനുവദിക്കണമെന്നു സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ തുക കെൽട്രോണിനു ലഭിച്ചില്ല. പദ്ധതിയുമായി ബന്ധപ്പെട്ട അനുബന്ധ കരാർ കെൽട്രോൺ കഴിഞ്ഞ മാസം ഗതാഗതവകുപ്പിനു കൈമാറിയിരുന്നു. ചർച്ചകൾക്കുശേഷം അന്തിമ തീരുമാനമെടുക്കും. ആദ്യകരാറിൽനിന്നു കാര്യമായ മാറ്റങ്ങൾ അനുബന്ധ കരാറിലില്ല. വാഹനങ്ങൾ ഇടിച്ചു നശിക്കുന്ന ക്യാമറകളുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കാനാകില്ലെന്നു കെൽട്രോൺ ഗതാഗത വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ചർച്ചകൾ നടക്കുന്നു.

English Summary: Government hasn't handed over remuneration for installing AI cameras, Keltron in trouble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com