മദ്യനയ അഴിമതി കേസ്: സഞ്ജയ് സിങ്ങിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി എഎപി
Mail This Article
ന്യൂഡൽഹി ∙ ഡൽഹി മദ്യനയ അഴിമതി കേസിൽ എഎപി എംപി സഞ്ജയ് സിങ്ങിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധ പ്രകടനവുമായി പാർട്ടി പ്രവർത്തകർ. ബിജെപി ദേശീയ ആസ്ഥാനത്തേക്ക് നിശ്ചയിച്ച പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു. ഡൽഹിയിലെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സഞ്ജയ് സിങിനെ ഇന്നലെ ഇഡി അറസ്റ്റു ചെയ്തത്.
അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്രത്തെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്ര ഏജന്‍സി കൂടുതൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്യുമെന്നും തിരഞ്ഞെടുപ്പിനെ ബിജെപിക്ക് ഭയമാണെന്നും കേജ്‌രിവാൾ തുറന്നടിച്ചു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവു വലിയ അഴിമതിക്കാരനായ പ്രധാനമന്ത്രിയാണു മോദിയെന്നും കേജ്‌രിവാൾ പറഞ്ഞു. പാർലമെന്റിൽ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനാലാണ് പ്രതിപക്ഷ എംപിമാർ വേട്ടയാടപ്പെടുന്നതെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.
അതേസമയം അറസ്റ്റ് അഴിമതി രഹിത ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് ബിജെപി തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അവർ നഗരത്തിലെ വിവിധയിടങ്ങളിൽ കഴിഞ്ഞദിവസം ബോർഡുകൾ സ്ഥാപിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. അതിനിടെ അഴിമതിക്കേസിൽ എഎപി എന്ന പാർട്ടിയെ പ്രതിചേർക്കാനാവുമോ എന്ന വിഷയത്തിൽ ഇഡി നിയമോപദേശം തേടിയിരിക്കുകയാണ്.
English Summary: Sanjay Singh's arrest: AAP conducted protest march, Kejriwal attacks Modi