ADVERTISEMENT

ലണ്ടൻ∙ ആളുകൾക്ക് അവർക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാനാവില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും മാത്രമേ കാണാനാകൂ എന്നും അതു സാമാന്യ ബോധമാണെന്നും സുനക് പറഞ്ഞു. കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിന്റെ സമാപന ചടങ്ങിലെ പ്രസംഗത്തിലായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ പരാമർശം.

‘‘ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാമെന്ന അബദ്ധധാരണയിൽ നാം വിശ്വസിക്കരുത്. അതു സാധ്യമല്ല. ഒരു പുരുഷൻ പുരുഷനും, സ്ത്രീ സ്ത്രീയുമാണ്. അതു സാമാന്യ ബോധമാണ്. കഠിനാധ്വാനികളായ മഹാഭൂരിപക്ഷം ജനങ്ങളും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. ബന്ധങ്ങളെക്കുറിച്ച് കുട്ടികൾ സ്കൂളിൽ പഠിക്കുന്നത് എന്താണെന്നു രക്ഷിതാക്കൾ അറിയണം. ആശുപത്രികൾ പുരുഷന്മാരെയോ സ്ത്രീകളെയോ കുറിച്ചു സംസാരിക്കുമ്പോൾ രോഗികൾക്ക് അതു മനസ്സിലാക്കാനാകണം’’ – സുനക് പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ സുനകിന്റെ പ്രസ്താവനയെ വിമർശിച്ചും അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി. ട്രാൻസ്ജെൻഡർ സമൂഹത്തെ അധിക്ഷേപിക്കുന്നതാണു സുനകിന്റെ പരാമർശമെന്നു ചിലർ ചൂണ്ടിക്കാണിച്ചു. സാമാന്യബുദ്ധിക്കു നിരക്കാത്തതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും അവർ പ്രതികരിച്ചു. സുനക് ഗണിതത്തിൽ മിടുക്കനാണെങ്കിലും ബയോളജിയിലുള്ള അറിവ് പരിമിതമാണെന്നും സെക്സ്, ജെന്‍ഡർ എന്നിവ തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന് അറിയില്ലെന്നും ചിലർ പരിഹസിച്ചു. 

അതേസമയം, ട്രാൻസ്ജെൻഡർ വനിതകള്‍ക്ക് ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ സ്ത്രീകളുടെ വാർഡിൽ ചികിത്സ നൽകുന്നത് നിർത്തലാക്കുമെന്ന ഹെൽത്ത് സെക്രട്ടറി സ്റ്റിവ് ബാർക്ലേയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സുനകിന്റെ പരാമർശമെന്നത് ശ്രദ്ധേയമാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ചികിത്സ നൽകുമ്പോൾ ലിംഗഭേദത്തോടെയാണ് ഡോക്ടർമാർ ഭാഷ ഉപയോഗിക്കുന്നതെന്നും സ്റ്റിവ് ബാർക്ലേ പറഞ്ഞിരുന്നു. ബാർക്ലേയുടെ പ്രസ്താവനയിലും നിരവധിപ്പേർ പ്രതിഷേധിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണിതെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചു. 

English Summary: "Shouldn't Be Believing People Can Be Any Sex They Want": Rishi Sunak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com