ADVERTISEMENT

ഗാങ്ടോക്ക്∙ സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ച 27 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചവരിൽ ഏഴ് പട്ടാള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. 143 പേരെ കാണാതായി. പ്രതീക്ഷിച്ചതിലും കൂടുതൽപേരെ കാണാതായിട്ടുണ്ടെന്നത് ആശങ്കയുണ്ടാക്കുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പ്രേംസിങ് തമാങ് അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് 2000 രൂപ വീതം അടിയന്തര സഹായം നൽകുമെന്നും അറിയിച്ചു. 26 ക്യാംപുകളിലായി 7644 പേരെയാണു മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിനുള്ള അടിയന്തര സഹായമായി 44.8 കോടി രൂപ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചു

ബുധനാഴ്ചയുണ്ടായ മേഘസ്ഫോടനത്തെ തുടർന്നാണ് സിക്കിമിൽ മിന്നൽപ്രളയം ഉണ്ടായത്. 25000ത്തോളം പേരെ ദുരന്തം ബാധിച്ചു. 1200ഓളം വീടുകൾ തകർന്നു. 13 പാലങ്ങൾ ഒലിച്ചുപോയി. കാണാതായവര്‍ക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിനിടെ, വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള മൂവായിരത്തോളം വിനോദസഞ്ചാരികളെ ഹെലികോപ്റ്റർ മാർഗം സുരക്ഷിത സ്ഥലങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാരും കരസേനയും ആരംഭിച്ചു. ലാച്ചുങ്, ലാച്ചെൻ, ചുങ്താങ് എന്നിവിടങ്ങളിലാണു സഞ്ചാരികളിലധികവുമുള്ളത്. ഇവിടേയ്ക്കുള്ള റോഡുകളും പാലങ്ങളും തകർന്ന നിലയിലാണ്. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ഹെലികോപ്റ്ററുകളിൽ ഇവരെ രക്ഷപ്പെടുത്താനാണു ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com