ADVERTISEMENT

ജറുസലം∙ നിരവധി പട്ടാളക്കാരെയും സാധാരണക്കാരെയും ഹമാസ് തടവുകാരായി പിടിച്ചുകൊണ്ടുപോയെന്ന് ഇസ്രയേൽ സൈന്യം. ചിലർ കൊല്ലപ്പെട്ടുവെന്നും ചിലർ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ജോനാഥൻ കോൺറികസ് അറിയിച്ചു. കുട്ടികളും സ്ത്രീകളും പ്രായമായവരും ഭിന്നശേഷിക്കാരും ഇക്കൂട്ടത്തിലുണ്ട്. സങ്കൽപ്പിക്കാൻ സാധിക്കാത്തിൽ കൂടുതൽ ആൾക്കാരെ പിടിച്ചുകൊണ്ടുപോയി. ഇത് യുദ്ധത്തിന്റെ ഭാവി നിർണയിക്കുമെന്നും ജോനാഥൻ കോൺറിക്സ് പറ‍ഞ്ഞു. 

തട്ടിക്കൊണ്ടുപോയവരുടെ സംരക്ഷണം ഹമാസിന്റെ ഉത്തരവാദിത്തമാണെന്നും ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അതിന് കണക്കുപറയേണ്ടി വരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. 

ഇസ്രയേൽക്കാരെ ഹമാസ് പിടിച്ചുകൊണ്ടുപോകുന്ന നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. പലരേയും വീടുകൾ നിന്നാണ് പിടിച്ചുകൊണ്ടുപോയത്.  കൈകൾ കെട്ടിയ നിലയിൽ രക്തം വാർന്ന് ആളുകളെ ട്രക്കുകളിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. 

ഗാസ മുനമ്പിന് പുറത്ത് തടവുകാരായ നിരവധിപ്പേരെ സൈന്യം മോചിപ്പിച്ചു. കിബുട്സ് ബീരിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയവരെ 18 മണിക്കൂറിനു ശേഷം മോചിപ്പിച്ചു. 50 പേരടങ്ങുന്ന മറ്റൊരു സംഘത്തെയും മോചിപ്പിച്ചുവെന്ന് സൈന്യം അറിയിച്ചു. 

ഇന്നലെ രാവിലെ ആരംഭിച്ച റോക്കറ്റ് ആക്രമണത്തിനു പുറമെ, 200 മുതൽ 300 വരെ ഹമാസിന്റെ ആളുകള്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയും ആക്രമണം നടത്തി. സമീപകാലത്ത് ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

നുഴഞ്ഞുകയറിയ ഇവർ ഇസ്രയേലിൽ വീടുവീടാന്തരം കയറി ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. സൈനിക പോസ്റ്റുകളും ഇവർ ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പകച്ചുപോയതോടെയാണ് സൈനികർ ഉൾപ്പെടെയുള്ളവരെ ഹമാസ് ബന്ദികളാക്കിയത്. ബന്ദികളാക്കിയ സൈനികരിൽ ചിലരെ ഗാസയിലേക്ക് കടത്തിയതായും റിപ്പോർട്ടുണ്ട്. 

    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com