ADVERTISEMENT

ന്യൂഡല്‍ഹി∙ രാജ്യത്തിന്റെ പുരോഗതിക്ക് ജാതി സെൻസസ് അനിവാര്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാവപ്പെട്ടവർക്കായുള്ള ശ്കതമായ കാൽവയ്പ്പാണിത്. പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ ഭൂരിപക്ഷം പാർട്ടികള്‍ക്കും ഇതു സംബന്ധിച്ച് അനുകൂല നിലപാടാണ്. ചില പാർട്ടികൾക്ക് എതിർപ്പുണ്ടെങ്കിലും അത് ഉൾക്കൊള്ളുന്നുവെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാഗങ്ങൾക്കായി ഒന്നും ചെയ്യുന്നില്ലെന്നും രാഹുൽ ആരോപിച്ചു.

ഡൽഹിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അവരുടെ സംസ്ഥാനങ്ങളിലെ ജാതി സെൻസസ് സംബന്ധിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചതായും ഇത് ചരിത്രപരമായ തീരുമാനമാണെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതി (സിഡബ്ല്യുസി) നാല് മണിക്കൂറോളം യോഗം ചേർന്ന് ജാതി സെൻസസ് സംബന്ധിച്ച് ചർച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു. രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന പ്രമേയം കോൺഗ്രസ് പ്രവർത്തകസമിതി പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘‘കോൺഗ്രസ് പ്രവർത്തക സമിതി കൂട്ടായി ഒരു ചരിത്ര തീരുമാനമെടുത്തു. ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, കർണാടക, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ജാതി സെൻസസ് നടത്താൻ മുഖ്യമന്ത്രിമാർ തീരുമാനിച്ചു. പുരോഗമനപരമായ ഒരു ചുവടുവയ്പ്പാണിത്. പ്രധാനമന്ത്രിക്ക് ജാതി സെൻസസ് നടപ്പാക്കാൻ കഴിയില്ല. ഞങ്ങളുടെ 4 മുഖ്യമന്ത്രിമാരിൽ 3 പേരും ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. 10 ബിജെപി മുഖ്യമന്ത്രിമാരിൽ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളത്. 

ഒബിസികൾക്ക് വേണ്ടിയല്ല പ്രധാനമന്ത്രി പ്രവർത്തിക്കുന്നത്. ബിജെപിയെ സമ്മർദത്തിലാക്കി ഞങ്ങൾ ഈ ജോലി പൂർത്തിയാക്കും. ഇന്ത്യ സഖ്യത്തിലെ പല പാർട്ടികളും ജാതി സെൻസസിനെ പിന്തുണയ്ക്കും. ഒന്നോ രണ്ടോ പാർട്ടികളുടെ അഭിപ്രായം വ്യത്യസ്തമായിരിക്കാം. പക്ഷേ മിക്ക പാർട്ടികളും ഇതിനെ പിന്തുണയ്ക്കും. ഇന്ത്യയുടെ ഭാവിക്ക് ജാതി സെൻസസ് അനിവാര്യമാണ്. ജാതി സെൻസസ് കഴിഞ്ഞാൽ വികസനത്തിന്റെ പുതിയ പാത തുറക്കും’’– അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com