ADVERTISEMENT

വാഷിങ്ടൻ∙ ഇസ്രയേൽ– ഹമാസ് പോരാട്ടത്തിൽ ആദ്യമായി പ്രതികരിച്ച് യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഇസ്രയേലിനെതിരായ ഹമാസിന്റെ മിന്നലാക്രമണം ഭീകരാക്രമണമാണെന്ന് വിശേഷിപ്പിച്ച ഒബാമ, ഹമാസിനെ ഇല്ലാതാക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഇസ്രയേലിനെതിരായ ആക്രമണത്തിൽ യുഎസ് ജനത ആശങ്കാകുലരാകണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനും പലസ്തീനും ഒരുപോലെ നീതി ലഭിക്കുന്നതിനും ശാശ്വതമായ സമാധാനം ഉണ്ടാകാനും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിലൂടെയാണ് ഒബാമയുടെ പരാമർശം.

‘ഇസ്രയേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണത്തിലും സാധാരണക്കാരായ ജനങ്ങളുടെ ജീവൻ അപഹരിക്കുന്നതിലും എല്ലാ അമേരിക്കക്കാരും രോഷാകുലരും ആശങ്കാകുലരുമാകണം. മരണപ്പെട്ടവരെയോർത്ത് ദുഃഖിക്കുന്നു, ബന്ദികളാക്കപ്പെട്ടവരുടെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാർഥിക്കുന്നു, അതുപോലെ ഹമാസിനെതിരെയുള്ള പോരാട്ടത്തിൽ ഞങ്ങളുടെ സഖ്യകക്ഷികളായ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഭീകരതയ്ക്കെതിരെയുള്ള സ്വയം പ്രതിരോധത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുന്നതുപോലെ, ഇസ്രയേലിനും പലസ്തീനും ഒരുപോലെ നീതി ലഭിക്കുന്നതിനും ശാശ്വതമായ സമാധാനം ഉണ്ടാകാനും പരിശ്രമിക്കണം’– ഒബാമ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 

നിരവധി പേരുടെ ജീവനെടുത്ത് ഇസ്രയേൽ– ഹമാസ് പോരാട്ടം അയവില്ലാതെ തുടരുന്നതിനിടെ, ഹമാസിനെതിരെ മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു രംഗത്തെത്തി. യുദ്ധം ആരംഭിച്ചത് തങ്ങളല്ലെന്നും എന്നാൽ പൂർത്തിയാക്കുന്നത് ഇസ്രയേൽ ആയിരിക്കുമെന്നുമാണ് നെതന്യാഹു പറഞ്ഞത്. ഹമാസിന് എതിരെയുള്ള പോരാട്ടത്തിനായി 3,00,000 സൈനികരെയാണു ഇസ്രയേൽ രംഗത്തിറക്കിയിരിക്കുന്നത്. ഹമാസിന്റെ ആക്രമണങ്ങളിൽ ഇതുവരെ 700 ഇസ്രയേലുകാരാണു കൊല്ലപ്പെട്ടത്. 2,300 പേർക്കു പരുക്കേൽക്കുകയും ചെയ്തു. അതിനിടെ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റഷ്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. 

English Summary:

"Americans Should Be Horrified By Terrorist Attacks On Israel," Says Barack Obama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com