ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും  ‌നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. എഐ ക്യാമറകൾ സ്ഥാപിച്ചശേഷം നടന്ന റോഡ് അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും സർക്കാർ ഹൈക്കോടതിയിലും നിയമസഭയിലും നൽകിയ കണക്കുകളില്‍ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരള പൊലീസിന്റെ റാപിഡ് സോഫ്റ്റ്‌വെയറിൽനിന്നു ലഭ്യമായ കണക്കുകൾ മന്ത്രി വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. 2022 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം യഥാക്രമം 344, 313, 307 എന്നിങ്ങനെയാണ്. 2023 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 277, 273, 181 എന്നിങ്ങനെയും. 964 മരണങ്ങളാണ് 2022ൽ സംഭവിച്ചതെങ്കിൽ ഈ വർഷം 731 ആയി കുറഞ്ഞു. അപകടത്തിൽ പരുക്കേറ്റവർ ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്നതിനാൽ മരിക്കുന്നവരുടെ എണ്ണത്തെ സംബന്ധിച്ചു കിട്ടുന്ന ആദ്യ കണക്കുകള്‍ കുറവായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം നിയമസഭയിലും വ്യക്തമാക്കിയിട്ടുണ്ട്.

2023 ഓഗസ്റ്റിലെ റോഡ് അപകടത്തെ സംബന്ധിച്ച് പൊലീസിന്റെ കണക്കിനു വ്യത്യാസമായാണ് സെപ്റ്റംബർ ആറിന് സർക്കാർ ഹൈക്കോടതിയിലും ഗതാഗത മന്ത്രി സെപ്റ്റംബംർ 12ന് നിയമസഭയിലും അവതരിപ്പിച്ചതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. ആരോപണം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് മാപ്പ് പറയണം. കേരളത്തിൽ നാലര ലക്ഷം നിയമലംഘനങ്ങളാണു പ്രതിദിനം നടന്നിരുന്നതെങ്കിൽ എഐ ക്യാമറകൾ സ്ഥാപിച്ചശേഷം 44,623 ആയി കുറഞ്ഞു. 2023 ജൂൺ 5 മുതൽ സെപ്റ്റംബർ 30 വരെ 62,67,853 നിയമ ലംഘനങ്ങൾ കണ്ടെത്തി. ജൂണിൽ 18.77 ലക്ഷം, ജൂലൈയിൽ 13.63 ലക്ഷം, ഓഗസ്റ്റിൽ 16.89 ലക്ഷം, സെപ്റ്റംബറിൽ 13.38 ലക്ഷം.

ക്യാമറകളുടെ ഒരു വർഷത്തെ വിലയിരുത്തലിലൂടെ മാത്രമേ അപകടങ്ങളെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ക്യാമറ സ്ഥാപിച്ചതോടെ ട്രാഫിക് നിയമലംഘനങ്ങളും മരണ നിരക്കും ഇപ്പോഴത്തെ കണക്ക് അനുസരിച്ചു കുറഞ്ഞു. ഇനിയും കൂടുതൽ മേഖകളിലേക്ക് എഐ ക്യാമറയുടെ പ്രവർത്തനം വ്യാപിക്കും. അമിതവേഗം പിടികൂടാനുള്ള സംവിധാനം ഇപ്പോൾ ചുരുക്കം ചില ക്യാമറകളിലേ ഉള്ളൂ. അമിതവേഗം, നിയമവിരുദ്ധ പാർക്കിങ് എന്നിവ കണ്ടെത്താൻ കൂടുതൽ ക്യാമറകളിൽ സംവിധാനം ഏർപ്പെടുത്തും. ഇപ്പോഴത്തെ ക്യാമറകൾക്ക് ഹെവി വാഹനങ്ങളിലെ ഡ്രൈവർമാരും സഹയാത്രികരും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്നു കണ്ടെത്താൻ കഴിയും.

നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. 2023 സെപ്റ്റംബറിലെ കണക്ക് അനുസരിച്ച് എംപിമാരും എംഎൽഎമാരും 56 തവണ നിയമലംഘനം നടത്തി. ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങളിൽ 102 കോടി രൂപയുടെ ചലാൻ തയാറാക്കിയെങ്കിലും 14 കോടിയാണ് പിഴയായി ഒടുക്കിയത്. അറിയിപ്പ് മൊബൈലിലൂടെ ലഭിച്ചിട്ടും പിഴ ഒടുക്കിയില്ലെങ്കിൽ കേസുകൾ വെർച്വൽ കോടതിയിലേക്ക് അയയ്ക്കും. 60 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ കോടതിയിൽ പിഴ അടയ്ക്കാമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com