ADVERTISEMENT

തിരുവനന്തപുരം∙ ലോക കേരള സഭയുടെ സൗദി മേഖലാ സമ്മേളനം മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കേണ്ട പരിപാടിയായതിനാൽ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അനുമതി നിഷേധിക്കാതെ തീരുമാനം നീട്ടുന്ന സാഹചര്യത്തിൽ ഒക്ടോബർ 19 മുതൽ 21വരെ സൗദിയിൽ നടക്കേണ്ട സമ്മേളനം മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ അനുമതി ലഭിച്ചാലും സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കാൻ കഴിയില്ലെന്ന ആശങ്ക സർക്കാരിനുണ്ട്. അനുമതി നിഷേധിച്ചാൽ എന്തു ചെയ്യണമെന്നു മന്ത്രിസഭ ചർച്ച ചെയ്യും.

സെപ്റ്റംബർ 9നാണ് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി അപേക്ഷിച്ചത്. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി പി.രാജീവും സ്പീക്കർ എ.എൻ.ഷംസീറും നോർക്ക ഉദ്യോഗസ്ഥരും സൗദിയിലേക്കു പോകാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങളും നിശ്ചയിച്ചിരുന്നു. കേന്ദ്രം തീരുമാനമെടുക്കാത്തതിനാൽ മേഖലാ സമ്മേളനം നടത്താനുള്ള പ്രാദേശിക സംഘാടക സമിതികൾ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. സൗദി പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയും ലഭിച്ചിട്ടില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘാടക സമിതി രൂപീകരിച്ച് പ്രാദേശിക അനുമതികൾ വാങ്ങിയെടുക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണു സമ്മേളനം മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

English Summary:

Government decided to postpone Loka Kerala Sabha Saudi Regional Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com