ADVERTISEMENT

ചങ്ങനാശേരി ∙ ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വെല്ലുവിളിയെന്ന് എൻഎസ്എസ്. സംവരണമുള്ള ജാതിക്കാരും സംവരണാനുകൂല്യമില്ലാത്തവരും പരസ്പര വൈരികളായി മാറുന്ന സവർണ - അവർണ സംസ്കാരം വളർന്നുവരുന്നതിന്റെ ആധാരം ജാതി സംവരണമാണെന്നും ഇതു രാജ്യത്തിനു ഗുണകരമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. 

ജാതിമത വ്യത്യാസമില്ലാതെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും തൊഴിൽപരമായും പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിൽ എത്തിക്കാൻ ഭരണകൂടങ്ങൾക്കു ബാധ്യതയുണ്ട്. വോട്ടുരാഷ്ട്രീയം മാത്രം കണക്കിലെടുത്തു വിഭജിച്ചു നിർത്തി പരസ്പരം കലഹിപ്പിച്ചു ജാതിയുടെ പേരിൽ രാജ്യത്ത് വർഗീയത വളർത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമായി നിൽക്കുകയും ചെയ്യുന്ന ജാതിസംവരണം അവസാനിപ്പിക്കണം. ജാതി, മതവ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന ബദൽസംവിധാനം ഏർപ്പെടുത്തുകയാണ് ആവശ്യമെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.

ജാതിസംവരണം വംശീയമായ വിവേചനം വർധിപ്പിക്കുന്നതിനും വിവിധ ജാതികൾ തമ്മിലുള്ള സ്പർധയ്ക്കും തുടർന്ന് വർഗീയതയ്ക്കും വഴിതെളിക്കും. വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മർദതന്ത്രങ്ങൾക്കു വഴങ്ങുകയും അവരുടെ സംഘടിത ശക്തിക്കു മുൻപിൽ അടിയറവു പറയുകയും ചെയ്യുന്ന തരത്തിൽ രാഷ്ട്രീയപ്പാർട്ടികൾ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണു ജാതിസംവരണത്തിനു വേണ്ടിയുള്ള മുറവിളിയും ജാതി തിരിച്ചുള്ള സെൻസസും. 

സ്വാതന്ത്ര്യം ലഭിച്ച് 10 വർഷത്തേക്കു തുടങ്ങിവച്ച സംവരണം, 76 വർഷം പിന്നിട്ടിട്ടും ലക്ഷ്യം കൈവരിക്കാൻ കഴിയാതെ പോയതിൽനിന്നുതന്നെ പ്രായോഗികതലത്തിൽ അതിന്റെ അശാസ്ത്രീയത വെളിപ്പെടുത്തുന്നു. ഭരണഘടന നിലവിൽ വന്നപ്പോൾ ഇല്ലാതിരുന്നതും തുടർന്ന് ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കിയതുമായ സംവരണത്തിൽ ഒരു സ്ഥലത്തും പിന്നാക്കാവസ്ഥ എന്നതു ജാതിയുടെ അടിസ്ഥാനത്തിലാണ് എന്നു പറഞ്ഞിട്ടില്ല. ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള പട്ടികജാതിയും പട്ടികവർഗവും പോലും ജാതിയുടെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ പാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തിലല്ല.

ജാതിസംവരണത്തിന്റെ പേരിൽ നൽകുന്ന ഇളവുകൾ വിദ്യാഭ്യാസരംഗത്തും തൊഴിൽരംഗത്തും യോഗ്യതയിൽ വെള്ളം ചേർക്കുന്നു. സാമൂഹികപരമായ മുന്നേറ്റത്തെ പ്രതിരോധിക്കുകയും സാമുദായികപരമായ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സങ്കുചിതമായ രാഷ്ട്രീയചിന്തകളാണ്. സാമൂഹികനീതിക്കു വേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള വിശാലമായ നടപടികളാണ്. പിന്നാക്ക ജാതിയിലെ മുന്നാക്കക്കാർ സംവരണത്തിന്റെ പൂർണമായ ആനുകൂല്യങ്ങൾ അനുഭവിക്കുകയും പിന്നാക്കാവസ്ഥയിലുള്ളവർ കൂടുതൽ പിന്നാക്കാവസ്ഥയിലേക്കു പിന്തള്ളപ്പെടുകയും ചെയ്യുന്നതാണ് ഏറ്റവും ഗുരുതരം. 

പിന്നാക്കക്കാരിലെ മുന്നാക്കക്കാർ സാമൂഹികപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും മെച്ചപ്പെട്ട നിലയിൽ കഴിയുമ്പോഴും ജാതിസംവരണത്തിന്റെ പേരിൽ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുന്നു. അതേസമയം മുന്നാക്കക്കാരിലെ പരമദരിദ്രനും ദരിദ്രനും സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരും യാതൊരുവിധ ആനുകൂല്യവും ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.

English Summary:

NSS General Secretary G Sukumaran Nair on Caste reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com