ADVERTISEMENT

പാലക്കാട് ∙ കാലവർഷം താറുമാറാക്കുകയും വരൾച്ചാ ആശങ്ക ഉയർത്തുകയും ചെയ്ത ശാന്തസമുദ്രത്തിലെ എൽനീനേ‍ാ ഉഷ്ണജലപ്രവാഹം തുലാവർഷത്തിന് തുണയാകുമേ‍ാ? ആകുമെന്നാണ് വലിയെ‍ാരു വിഭാഗം കാലാവസ്ഥ വിദഗ്ധരും ഗവേഷണകേന്ദ്രങ്ങളും വ്യക്തമാക്കുന്നത്. എന്നാൽ‌ ഒന്നും പറയാനാകില്ലെന്നാണ് മറ്റുചിലരുടെ നിരീക്ഷണം.പ്രവചനാതീതമാണ് നിലവിലെ കാലാവസ്ഥയെന്നും അവർ സൂചിപ്പിക്കുന്നു. കാലാവസ്ഥാ ഗവേഷണകേന്ദ്രങ്ങളും ഏജൻസികളും കൂടുതലും പറയുന്നത് സ്ഥിതി തുലാവർഷത്തിന് അനുകൂലമെന്നാണ്. വടക്കുകിഴക്കൻ കാലവർഷം (തുലാമഴ) കേരളത്തിൽ സാധാരണയിൽ കൂടുതൽ ലഭിച്ചേക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ആദ്യപ്രവചനവും പറയുന്നു..  

യൂറേ‍ാപ്യൻ സെന്റർ ഫേ‍ാർ മീഡിയം റേഞ്ച് വെതർ ഫേ‍ാർകാസ്റ്റ്, കേ‍ാപ്പർ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ്, ലേ‍ാക കാലാവസ്ഥ സംഘടന, ദക്ഷിണ കെ‍ാറിയ അപെക്സ് ക്ലൈമറ്റ് സെന്റർ, യുകെയിലെ മെറ്റ് ഒ‍ാഫിസ്, ഒ‍ാസ്ട്രേലിയൻ കാലാവസ്ഥാ ഏജൻസി, നാഷണൽ സെന്റർഫേ‍ാർ എൻവയൺമെന്റൽ പ്രഡിക്ഷൻ അമേരിക്ക എന്നിവയുടെ നിരീക്ഷണവും സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ്. എന്നാൽ, ജപ്പാൻ മീറ്റിയേ‍ാറോളജിക്കൽ ഏജൻസി തുലാവർഷം സാധാരണയിൽ കുറവായിരിക്കുമെന്ന് പ്രവചിക്കുന്നു. ചിലർ തെക്കൻകേരളത്തിലെ നല്ലമഴ സാധ്യതയെക്കുറിച്ചും പറയുന്നു. 

(This image is created using Midjourney)
(This image is created using Midjourney)

അടുത്തയാഴ്ചയേ‍ാടെ തുലാവർഷമെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. കാലവർഷം പിൻവാങ്ങിയശേഷം ചെറിയ ഇടവേളയ്ക്കുശേഷമാണ് തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണ എത്തുക. വിവിധ കാലാവസ്ഥാ ഏജൻസികളുടെ മാതൃകകളുടെ അടിസ്ഥാനത്തിലാണ് ലേ‍ാക കാലാവസ്ഥാ സംഘടനയുടെ പ്രവചനം.  ജൂൺമുതൽ ഇതുവരെ സംസ്ഥാനത്ത് 99.4% മഴ ലഭിക്കേണ്ടിടത്ത് 96.5 ഉം കിട്ടി. എന്നാൽ എല്ലായിടത്തും ഒരേ അളവിൽ കിട്ടിയില്ലെന്നത് പലയിടത്തും പിന്നീട് ശുദ്ധജലക്ഷാമത്തിന് കാരണമാകാം. 

(This image is created using Midjourney)
(This image is created using Midjourney)

കേ‍ാഴിക്കേ‍ാട്, കേ‍ാട്ടയം, പത്തനംതിട്ട ജില്ലകളിൽ സാധാരണയിലധികം മഴ ലഭിച്ചപ്പേ‍‍ാൾ ആലപ്പുഴ, കാസർകേ‍ാട്, കോഴിക്കേ‍ാട്, തൃശൂർ ജില്ലകളിൽ യഥാക്രമം 41%, 28%, 26% മഴ കുറവാണ്. മറ്റു ചില ജില്ലകളിലെയും പല പ്രദേശത്തും ഈ സ്ഥിതിയുണ്ട്. ലക്ഷദ്വീപിൽ 45% മഴ കുറവാണ്. കണ്ണൂരിൽ 32%, കേ‍ാട്ടയത്ത് 20%, പത്തനംതിട്ട 23%, തിരുവനന്തപുരം 59 ശതമാനവും കൂടുതൽ മഴ പെയ്തപ്പേ‍ാൾ,ഏറണാകുളം, ഇടുക്കി, കൊല്ലം, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ സാധാരണതേ‍ാതിൽ മഴകിട്ടിയതായി ഐഎംഡിയുടെ കണക്ക് പറയുന്നു. 

കാലവർഷക്കാറ്റ് കേരളത്തിൽ പിൻവാങ്ങിയെങ്കിലും അതു പൂർണമായിട്ടില്ല. കാറ്റ് 150 ഡിഗ്രി തിരിഞ്ഞ്, നേരെ വിപരീത ദിശയി‍ൽ വടക്കുകിഴക്കൻ കാറ്റായി മാറിയാണ് തുലാപെയ്ത്ത്. പലയിടത്തും ഇടിവെട്ടേ‍ാടെ അഞ്ചുദിവസം മഴപെയ്യുമെന്ന് ഐഎംഡി അറിയിച്ചിട്ടുണ്ട്. തുലാവർഷത്തിന്റെ സ്വഭാവമുണ്ടെങ്കിലും അത് തുലാവർഷ മഴയല്ല. എന്നാൽ, ഒക്ടേ‍ാബർ ഒന്നുമുതൽ ഡിസംബർ 31 വരെയുളള മഴ തുലാവർഷത്തിന്റെ അക്കൗണ്ടിലാണ് വരിക. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ആന്ധ്രയിൽ കാറ്റെത്തുമ്പേ‍ാഴാണ് തുലാവർഷം ഔദ്യേ‍ാഗികമായി പ്രഖ്യാപിക്കാറ്. പശ്ചിമഘട്ടത്തിന്റെ ഏക വിടവായ വാളയാറിലൂടെ അത് കേരളത്തിലെത്തുന്നതാണ് രീതി.

English Summary:

Reports indicate Northeast Monsoon may give heavy precipitation in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com