ADVERTISEMENT

ടെൽ അവീവ്∙ ശനിയാഴ്ച രാവിലെ നൂറു കണക്കിന് ആളുകളുടെ ജീവനെടുത്ത് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായി പ്രത്യാക്രമണം ശക്തമാക്കുന്നതിനിടെ, ഇസ്രയേലിനെ ഉന്നമിട്ട് രണ്ട് അയൽരാജ്യങ്ങളിൽ നിന്നും ആക്രമണം. ഹമാസിനു പുറമെ അയൽ രാജ്യങ്ങളായ സിറിയ, ലെബനൻ എന്നിവിടങ്ങളിൽ നിന്നാണ് ഇസ്രയേലിനെതിരെ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. ഹമാസിനെതിരായ പ്രത്യാക്രമണം തുടരുന്നതിനിടെ തന്നെ, ഈ രാജ്യങ്ങളിൽ നിന്നുള്ള ആക്രമണത്തിനും തക്ക തിരിച്ചടി നൽകിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.

ഹമാസിനേപ്പോലെ തന്നെ ഇരു രാജ്യങ്ങൾക്കും ഇസ്രയേലുമായി വർഷങ്ങളായി തുടരുന്ന നിതാന്ത വൈരമുണ്ടെന്നാണ് ചരിത്രം. പതിറ്റാണ്ടുകൾക്കിടെ ഇസ്രയേൽ നേരിടുന്ന ഏറ്റവും കനത്ത തിരിച്ചടിക്കും ആൾനാശത്തിനുമിടെ, ഹമാസിനൊപ്പം ഇരു കൂട്ടരും കൈകോർക്കുമോ എന്നാണ് ലോകം വീക്ഷിക്കുന്നത്. പ്രത്യേകിച്ചും ഇവർക്കെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഇസ്രയേലിന്റെ ബദ്ധവൈരികളായ ഇറാന്റെ പിന്തുണയുള്ള സാഹചര്യത്തിൽ. അതേസമയം, ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണയ്ക്കുമ്പോഴും ആക്രമണത്തിൽ പങ്കില്ലെന്നാണ് ഇറാന്റെ നിലപാട്. 

∙ തുടക്കമിട്ട് ഹമാസ് 

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ അപ്രതീക്ഷിതമായി ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കടന്നിരുന്നു. 2007 മുതൽ ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസ്, റോക്കറ്റുകൾ വർഷിച്ചും ഇസ്രയേലിലേക്കു നുഴഞ്ഞുകയറിയും നടത്തിയ ആക്രമണത്തിലാണ് ഇത്രയധികം പേർ മരിച്ചത്. 

ഹമാസിന്റെ പ്രകോപനത്തിന് വ്യാപകമായ രീതിയിൽ വ്യോമാക്രമണം നടത്തിയാണ് ഇസ്രയേൽ മറുപടി നൽകിയത്. ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ പലസ്തീനിൽ ഇതുവരെ 950 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. അതേസമയം, 1500 ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രയേൽ സൈന്യം പറയുന്നു. ഹമാസിനെ തുരത്തുന്നിനായി യുദ്ധപ്രഖ്യാപനം നടത്തി ഇസ്രയേൽ നടത്തുന്ന പോരാട്ടം ഇപ്പോഴും തുടരുകയാണ്.

∙ പിന്തുണച്ച് ലെബനൻ

ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനിടെയാണ്, ലെബനനിലെ സായുധ സംഘമായ ഹിസ്‌ബുല്ല ഇസ്രയേലിനെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം നടത്തിയത്. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായിരുന്നു ആക്രമണമെന്നാണ് വിശദീകരണം. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെ നിരീക്ഷണ കേന്ദ്രം രാത്രിക്കു രാത്രി തകർത്താണ് ഇസ്രയേൽ തിരിച്ചടിച്ചത്.

ലെബനൻ – ഇസ്രയേൽ അതിർത്തിയിൽ 2006നു ശേഷമുള്ള ഏറ്റവും ഗുരുതരമായ പ്രതിസന്ധിയാണ് നിലവിലുള്ളത്. ലെബനനിൽ ഇസ്രയേൽ നടത്തിയ അധിനിവേശത്തിനെതിരെ പൊരുതുന്നതിന് ഇറാന്റെ റെവല്യൂഷനറി ഗാർഡ്സാണ് 1982ൽ ഹിസ്ബുല്ലയ്ക്കു രൂപം നൽകിയത്. തങ്ങളുടെ കൈവശമുള്ള ആയുധശേഖരത്തിന്റെ വ്യാപ്തി ഇസ്രയേലിന് ഊഹിക്കാൻ പോലും സാധിക്കില്ലെന്നാണ് ഹിസ്ബുല്ലയുടെ അവകാശവാദം.

∙ ഏറ്റുപിടിച്ച് സിറിയ

ഹമാസിനെതിരായ പ്രത്യാക്രമണവുമായി ഇസ്രയേൽ സജീവമാകുന്നതിനിടെ, സിറിയൻ അതിർത്തിയിൽ നിന്നും ആക്രമണം ആരംഭിച്ചതായാണ് റിപ്പോർട്ട്. സിറിയയിൽ നിന്നുണ്ടായ പ്രകോപനത്തിന് ഇസ്രയേൽ അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ, മറ്റൊരു യുദ്ധമുഖം കൂടി തുറക്കുന്നുവെന്ന ഭീതിയിലാണ് ലോകം.‌

സിറിയയിൽനിന്നുണ്ടായ ആക്രമണത്തിന് സൈന്യം തക്ക തിരിച്ചടി നൽകിയതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചിരുന്നു. സിറിയയിൽനിന്ന് പലതവണ ആക്രമണം ഉണ്ടായതായാണ് സൈന്യം നൽകുന്ന വിവരം. 1967ൽ ആറു ദിവസം നീണ്ടുനിന്ന് പോരാട്ടത്തിനൊടുവിൽ സിറിയയിൽനിന്ന് ഇസ്രയേൽ ഗൊലാൻ കുന്നുകൾ പിടിച്ചെടുത്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ നേർക്കുനേർ വന്നത്.

English Summary:

Not Just Hamas, Israel Military Is Scrambling To Control 2 More Fronts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com