ADVERTISEMENT

ന്യൂഡൽഹി∙ തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിനാലാണ് കാനഡ പൗരത്വം സ്വീകരിക്കേണ്ടി വന്നതെന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ. ഒരു പാസ്പോർട്ടിൽ എന്തിരിക്കുന്നു എന്നും ആത്മാവും മനസ്സും ഹൃദയവും ഇന്ത്യനായിരിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 

‘‘എന്റെ സിനിമകളൊന്നും ശരിയാകാതെ വരികയും 13, 14 ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുകയും ചെയ്തതോടെയാണ് ഞാൻ കനേഡിയനായി മാറിയത്. ആ സമയത്താണ് കാനഡയിൽ താമസിക്കുന്ന എന്റെ സുഹൃത്ത് എന്നെ അങ്ങോട്ടേക്കും ക്ഷണിക്കുകയും ചെയ്തു. അവിടെ നമുക്ക് ഒരുമിച്ച് കാർഗോ ബിസിനസ് ചെയ്യാമെന്നും പറഞ്ഞു. എന്റെ സിനിമകളെല്ലാം തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സമയം. ഒരു മനുഷ്യൻ എവിടെ ജീവിച്ചാലും ജോലി ചെയ്യണമല്ലോ. അതുകൊണ്ട് ഞാൻ അവിടേക്കു പോകാൻ തീരുമാനിച്ചു. 

ഞാൻ ടൊറന്റോയിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ, എനിക്ക് കാനഡ പാസ്പോർട്ട് ലഭിച്ചു. ആ സമയത്ത് രണ്ടു സിനിമികൾ കൂടി റീലീസ് ചെയ്യാനുണ്ടായിരുന്നു. ആ രണ്ടു സിനിമകളും സൂപ്പർ ഹിറ്റായി. അതോടെയാണ് ഞാൻ തിരിച്ച് ഇന്ത്യയിലേക്കു വരുന്നത്. തുടർന്ന് എനിക്കു കൈനിറയെ സിനിമകൾ ലഭിച്ചു. എന്നാൽ ഒരു യാത്രാ രേഖയെടുത്തു വച്ച് ആളുകൾ ഇത്തരത്തിൽ പ്രശ്നമുണ്ടാക്കുമെന്നു കരുതിയില്ല. ഞാനിവിടെ നികുതി നൽകുന്നുണ്ട്, ഒരുപക്ഷേ, ഏറ്റവും ഉയർന്ന നികുതിദായകരിൽ ഒരാളാണ് ഞാൻ.

ഓഗസ്റ്റ് 15ന് എനിക്ക് പൗരത്വം ലഭിച്ചെന്ന കത്തു കിട്ടിയത് തികച്ചും യാദൃശ്ചികമായിരുന്നു. എന്നാൽ പാസ്പോർട്ടിലല്ല കാര്യം. നമ്മുടെ മനസ്സും ഹൃദയവും ആത്മാവും ഇന്ത്യനായിരിക്കുക എന്നതിലാണ് കാര്യം. ഇന്ത്യൻ പാസ്പോർട്ട് കൈവശം വച്ചിട്ട് മനസ്സും ഹൃദയവും ഇന്ത്യനല്ലെങ്കിൽ എന്താണ് കാര്യം?’– അക്ഷയ് കുമാർ എഎൻഐയോടു പറഞ്ഞു. 

തനിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചെന്നു കാട്ടി കഴിഞ്ഞ ഇടയ്ക്ക് അക്ഷയ് കുമാർ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. മനസ്സു പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി എന്നും കുറിപ്പിൽ പറഞ്ഞിരുന്നു. അതിനിടെ അടുത്ത് ഇറങ്ങിയ മിഷന്‍ റാണിഗഞ്ജും എന്ന ചിത്രവും ബോക്സോഫീസിൽ വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. 55 കോടി മുതൽ മുടക്കുള്ള ചിത്രം ഒരാഴ്ച പിന്നിടുമ്പോൾ നേടിയത് വെറും 17 കോടി മാത്രമാണ്.

പഞ്ചാബിലെ അമൃത്‌സറിൽ ജനിച്ച അക്ഷയ് സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതോടെയാണു കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറിയതും 2011 ൽ കനേഡിയൻ പൗരത്വം നേടിയതും. ഇതോടെ ഇന്ത്യൻ പൗരത്വം നഷ്ടമായി. എന്നാൽ ബോളിവുഡിൽ വീണ്ടും ചുവടുറപ്പിച്ചതോടെ മുംബൈയിൽ സ്ഥിരതാമസമാക്കി. ദേശസ്നേഹം പ്രമേയമായ ഒട്ടേറെ സിനിമകളിൽ വേഷമിട്ടെങ്കിലും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതിന്റെ പേരിൽ വിമർശിക്കപ്പെട്ടു. 2019ൽ നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തിയ നടൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തതും ചർച്ചയായി. 2019 ൽ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും കോവിഡ് സാഹചര്യത്തിൽ നടപടികൾ നീണ്ടുപോയി. തുടർന്ന് 2023 ഓഗസ്റ്റ് 15നാണ് പൗരത്വം ലഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com