ADVERTISEMENT

കോഴിക്കോട്∙ പ്രമുഖ ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരൻ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നു വൈകിട്ട് 4 മുതൽ കെ.പി.കേശവമേനോൻ ഹാളിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. നാളെ വൈകിട്ട് ആറിന് വീട്ടുവളപ്പിലാണ് സംസ്കാരം.

ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് തുടങ്ങി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നിരവധി സിനിമകളുടെ നിർമാതാവാണ്. വടക്കൻ വീരഗാഥ, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് എന്നീ സിനിമകൾ സംസ്ഥാന പുരസ്കാരങ്ങൾ നേടി. കാണാക്കിനാവ്, ശാന്തം എന്നീ സിനിമകൾക്ക് ദേശീയ പുരസ്കാരം ലഭിച്ചു. 

ഹരിഹരൻ സംവിധാനം ചെയ്ത സുജാതയാണ് ആദ്യ സിനിമ. 23 സിനിമകൾ നിർമിച്ചു. ഹരിഹരൻ, ഐ.വി.ശശി, ഭരതൻ, സത്യൻ അന്തിക്കാട്, ഷാജി കൈലാസ്, സിബി മലയിൽ, പ്രിയദർശൻ, വി.എം.വിനു, രോഷൻ ആൻഡ്രൂസ്, അനീഷ് ഉപാസന, ബാലചന്ദ്ര മേനോൻ, ജയരാജ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 

എഐസിസി അംഗമായിരുന്ന അദ്ദേഹം, 2011 ൽ കോഴിക്കോട് നോർത്ത് നിയമസഭ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പിവിഎസ് ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെയും മേധാവി ആയിരുന്നു. കെഎസ്എഫ്ഡിസി മുൻ ചെയർമാൻ, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ്, മലബാർ ചേംബർ മുൻ പ്രസിഡന്റ്, ഒയിസ് ക സൗത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡന്റ്, എയർപോർട്ട് ഡവലപ്മെന്റ് ആക്‌ഷൻ കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. 

കെടിസി ഗ്രൂപ് സ്ഥാപകൻ പി.വി.സാമിയുടെയും മാധവി സാമിയുടെയും മകനായാണ് ജനനം. മാതൃഭൂമി മാനേജിങ് ഡയറക്ടർ പി.വി. ചന്ദ്രൻ സഹോദരനാണ്. മുൻ അഡ്വ ജനറൽ രത്നസിങ്ങിന്റെ മകൾ ഷെറിൻ ആണ് ഭാര്യ. ഉയരെ, ജാനകി ജാനെ തുടങ്ങിയ സിനിമകൾ നിർമിച്ച എസ്ക്യൂബ് സിനിമാസിന്റെ ഉടമക ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് മക്കൾ. മരുമക്കൾ : ജയ തിലക്, വിജിൽ, സന്ദീപ്.

English Summary:

Film producer PV Gangadharan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com