ADVERTISEMENT

ന്യൂഡൽഹി∙ ദ്വാരകയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി വ്യവസായി പി.പി.സുജാതന്റെ മരണത്തിനു പിന്നിലെ ദുരൂഹത തുടരുന്നു. 

കൊലക്കുറ്റം ചുമത്തിയാണു പൊലീസ് കേസെടുത്തത്. എന്നാൽ, ആത്മഹത്യാ സാധ്യതയാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പ്രാഥമികഘട്ടത്തിൽ ആത്മഹത്യയെന്നു വിലയിരുത്താമെങ്കിലും ഫൊറൻസിക് ലാബിൽ നിന്ന് ആന്തരികാവയവങ്ങളുടെയും രക്ത സാംപിളിന്റെയും പരിശോധനാഫലം ലഭിച്ചതിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ, സുജാതന്റെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളെക്കുറിച്ച് റിപ്പോർട്ടിൽ കൂടുതൽ വ്യക്തതയില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസ് സുജാതന്റെ കുടുംബത്തിന്  കൈമാറി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്

സെപ്റ്റംബർ 29ന് രാവിലെ 5.20നാണ് സുജാതന്റെ മൃതദേഹം ദ്വാരക സെക്ടർ 15ലെ കക്രോളയിലെ സെൻട്രൽ പാർക്കിനുള്ളിൽ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ബോധരഹിതനായ നിലയിലാണ് ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് മരണം സ്ഥിരീകരിച്ചു. ധരിച്ചിരുന്ന ഷർട്ടിലാണ് തൂങ്ങിനിന്നിരുന്നത്. 

വസ്ത്രങ്ങളിൽ രക്തം പുരണ്ടിരുന്നു. കഴുത്തിലും കൈത്തണ്ടയിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗത്തും മുറിവുകളുണ്ടായിരുന്നു. തൂങ്ങിയപ്പോൾ കഴുത്തിലുണ്ടായ ക്ഷതമാണു മരണകാരണമായി കണ്ടെത്തുന്നത്. മരണം സംഭവിക്കുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപ് സുജാതൻ ഭക്ഷണം കഴിച്ചിരുന്നുവെന്നും ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിലെ ഡോ.രാജേഷ് കുമാർ തയാറാക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

തുടരുന്ന ദുരൂഹത

സുജാതന്റെ മരണത്തെ തുടർന്ന്, വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികൾ ദ്വാരക സിറ്റി പൊലീസ് കമ്മിഷണർ എം.ഹർഷവർധനുമായി മുൻപ് നടത്തിയിരുന്ന കൂടിക്കാഴ്ചയിൽ മരണകാരണം ആത്മഹത്യയാകമെന്നു അദ്ദേഹം പറഞ്ഞിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ നൽകിയ സൂചനകൾ ആത്മഹത്യയിലേക്കാണ് വിരൽചൂണ്ടുന്നതെന്നാണു അന്നു പൊലീസ് പറഞ്ഞത്. എന്നാൽ, സുജാതനെ പാർക്കിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയ ദിവസം പ്രഥമദൃഷ്ട്യാ സംഭവം കൊലപാതകം ആണെന്നായിരുന്നു കമ്മിഷണറുടെ പ്രതികരണം. 

ആദ്യം കൊലക്കുറ്റം ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയെന്നു സൂചന ലഭിച്ച സ്ഥിതിക്ക് ഇതിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചാണ് തുടരന്വേഷണം നടത്തുകയെന്ന് പൊലീസ് പറഞ്ഞു.

സുജാതന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദ്വാരകയിലെ വിവിധ മലയാളി സംഘടനകളിലെ സാരഥികൾ ചേർന്ന് ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.

English Summary:

Postmortem report; Mysterious death of Malayali businessman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com