ADVERTISEMENT

ജറുസലം∙ ‘‘അവർ കുഞ്ഞുങ്ങളാണ്. അവരെ വെറുതെ വിടൂ. പകരം ഞങ്ങളുടെ ജീവനെടുക്കൂ.’’ ഇസ്രയേൽ–ഹമാസ് യുദ്ധം കൊടുമ്പിരികൊണ്ട പശ്ചിമേഷ്യൻ ഭൂമിയിൽ നിന്നുയരുന്ന ആർത്തവിലാപം. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനു മനുഷ്യരാണ് പ്രിയപ്പെട്ടവരുടെ ജീവനുവേണ്ടി കേഴുന്നത്. പക്ഷേ, യുദ്ധവെറി പൂണ്ടവരിൽ മനുഷ്യത്വത്തിന്റെ കണിക അവശേഷിക്കുന്നില്ലെന്നാണ് പശ്ചിമേഷ്യയില്‍ നിന്നു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധവും പലായനവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാകുമ്പോൾ അവിടെ ഏറ്റവും ആദ്യം ഇരകളാകുന്നത് നിഷ്കളങ്കരായ കുട്ടികളാണ്. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ എത്ര കുട്ടികള്‍ക്കു ജീവൻ നഷ്ടമായെന്ന് വ്യക്തമല്ല. ഗാസയിൽ 2005 മുതൽ നടന്ന ആക്രമണങ്ങളിൽ 1000 കുട്ടികളുടെ ജീവൻ പൊലിഞ്ഞതായാണ് ഔദ്യോഗിക കണക്ക്. 

∙ ഇസ്രയേലിലും ഗാസയിലും കുരുന്നുകളുടെ രക്തം ചിന്തുന്നു

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിൽ മാത്രം 447 കുട്ടികൾ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന കണക്ക്. കൊല്ലപ്പെട്ടവരിൽ 248 സ്ത്രീകൾ ഉൾപ്പെടുന്നതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2005 മുതൽ ഉണ്ടായ ആറ് സൈനിക ആക്രമണങ്ങളിലായി 1000 പലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടതായാണ് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷനല്‍ പുറത്തുവിടുന്ന റിപ്പോർട്ട്. 

‘‘ഈ യുദ്ധം മാത്രമല്ല. എല്ലാ യുദ്ധങ്ങളും ആദ്യം ബാധിക്കുന്നത് കുട്ടികളെയാണെന്ന് എല്ലാവരെയും ഞാൻ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്’’ 

ഇസ്രയേലിൽ എത്ര കുട്ടികൾ അക്രമത്തിനിരയായി എന്നതിന് ഔദ്യോഗിക കണക്കുകളില്ല. കുട്ടികൾ ഉൾപ്പെടെ നിരവധിപേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേലില്‍ മിന്നലാക്രമണം നടത്തിയ ഹമാസ്‌ കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചുവെന്നും നെതന്യാഹു ആരോപിച്ചിരുന്നു. പിഞ്ചുകുഞ്ഞുങ്ങളോടു കാണിച്ച കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഒാഫിസ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിടുകയും ചെയ്തു. ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ, ഇസ്രയേലികളായ കുട്ടികളുടെ തല വെട്ടിയെന്നും അതിന്റെ ചിത്രങ്ങൾ കണ്ടുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തിയിരുന്നു. ഇതുപക്ഷേ പിന്നീട് വൈറ്റ് ഹൗസ് നിഷേധിക്കുകയും ചെയ്തു.

PALESTINIAN-ISRAEL-CONFLICT
ആക്രമണത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹവുമായി സംസ്കാര ചടങ്ങിനു നീങ്ങുന്നവർ∙ (Photo by SAID KHATIB / AFP)

∙ പുതപ്പിൽ പൊതിഞ്ഞു കുഞ്ഞുമൃതദേഹങ്ങൾ

ഇസ്രയേലിൽ ഹമാസ് നടത്തിയ വ്യോമാക്രമണത്തിനിരയായ കുട്ടികളുടെ ചിത്രങ്ങൾ രാജ്യാന്തര മാധ്യമങ്ങളിൽ എത്തിയിരുന്നു. പ്രാണരക്ഷാർഥം കുട്ടികൾ ഭയന്നു വിറച്ച് ഓടുന്ന ചിത്രങ്ങളായിരുന്നു അവയിൽ പലതും. ഗാസയിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ, പുതപ്പിൽ പൊതിഞ്ഞ മൃതദേഹങ്ങളുമായി നടന്നു പോകുന്ന രക്ഷിതാക്കളുടെ ചിത്രങ്ങൾ ആഗോളമനഃസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. ഗാസ അതിർത്തിയിൽനിന്ന് 12 ഉം 16ഉം വയസ്സുള്ള തന്റെ കുട്ടികളെ ഹമാസ് തട്ടിക്കൊണ്ടുപോയതിനെ കുറിച്ച് ഒരു അമ്മ പറയുന്നത് ഇങ്ങനെ: ‘‘നിഷ്കളങ്കരായ കുട്ടികളെ വെറുതെ വിടാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ലോകത്തോട് ഞാൻ അഭ്യർഥിക്കുകയാണ്. കുട്ടികളെയും സ്ത്രീകളെയും തിരികെ വീടുകളിലെത്തിക്കാനുള്ള നീക്കം നടത്തണം. എന്റെ കുട്ടികളെ കൂടി തിരികെ എത്തിക്കണം. എനിക്കുറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും സാധിക്കുന്നില്ല. മനുഷ്യരായി ജനിച്ചവർക്ക് സഹജീവികളോട് ഇങ്ങനെ പെരുമാറാന്‍ സാധിക്കില്ല. കുട്ടികളെ തിരികെ വീട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ലോകത്തോട് ഞാൻ അപേക്ഷിക്കുകയാണ്.’’

PALESTINIAN-ISRAEL-CONFLICT
കുട്ടികളുമായി പ്രാണരക്ഷാർഥം നടന്നു നീങ്ങുന്ന പെൺകുട്ടി (Photo by BASHAR TALEB / AFP)

ഇസ്രയേലില്‍ ഹമാസ് ആക്രമണത്തിൽ നൂറു കിബ്ബുസ് വിഭാഗക്കാർ കൊല്ലപ്പെട്ടതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നും നിരവധി കുട്ടികളെ ഹമാസ് തട്ടിക്കൊണ്ടു പോയെന്നും ഇസ്രയേല്‍ സൈനികവൃത്തങ്ങൾ അറിയിച്ചു.

∙ ഏത് യുദ്ധത്തിന്റെയും ആദ്യത്തെ ഇര കുട്ടികൾ

ഇസ്രയേൽ –ഹമാസ് പോരിൽ കുടുംബങ്ങൾക്കുണ്ടാകുന്നത് വലിയ നഷ്ടമാണെന്ന് അപലപിച്ച യുനിസെഫ്, കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും സാധാരണക്കാരെ നാടുകടത്തുകയും ചെയ്യുന്നതില്‍ നടുക്കം രേഖപ്പെടുത്തി. ‘‘കുട്ടികളെ കൊല്ലുകയും പരുക്കേൽപിക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളെ ഒരുവിധത്തിലും ന്യായീകരിക്കാനാകില്ല. ഇസ്രയേലിൽ കുട്ടികൾ കടുത്ത മനുഷ്യാവകാശലംഘനം നേരിടുന്നു. ആക്രമണങ്ങൾക്ക് ഇരയാകുന്നു.’’– യുനിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടർ കാതറിൻ റസൽ പറഞ്ഞു. രാജ്യാന്തര നിയമപ്രകാരം കുട്ടികളെ സംരക്ഷിക്കണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണെന്ന് യുനിസെഫ് വ്യക്തമാക്കി. ‘‘ഈ യുദ്ധം മാത്രമല്ല. എല്ലാ യുദ്ധങ്ങളും ആദ്യം ബാധിക്കുന്നത് കുട്ടികളെയാണെന്ന് എല്ലാവരെയും ഞാൻ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്.’’ – കാതറിൻ റസൽ കൂട്ടിച്ചേർത്തു. 

∙ ഭക്ഷണദൗർലഭ്യവും പ്രതികൂല കാലാവസ്ഥയും കുട്ടികളുടെ ജീവന് ആപത്ത്

കഴിഞ്ഞ ദിവസം ഗാസയിലേക്കുള്ള ഭക്ഷണ വിതരണവും വൈദ്യുതിയും ഇസ്രയേൽ നിർത്തലാക്കി. രണ്ടുലക്ഷത്തോളം ജനങ്ങളിൽ 40 ശതമാനവും 15 വയസ്സിനു താഴെയുള്ളവരാണ്. ഭക്ഷണവും ശുദ്ധജലവും ലഭിക്കാത്തത് കുട്ടികളെ രോഗികളാക്കും. പ്രതികൂല കാലാവസ്ഥയിൽ വൈദ്യുതി ലഭിക്കാത്തത് കുട്ടികളുടെ അതിജീവനത്തെ ബാധിക്കും. മുൻപും സൈനിക നീക്കങ്ങളുണ്ടായപ്പോൾ ഗാസയിൽ സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ട്. തുടർന്ന് നിരവധി കുട്ടികൾക്ക് മഞ്ഞപ്പിത്തമടക്കമുള്ള പകർച്ചവ്യാധികൾ പിടിപെട്ടിരുന്നു. 

‘‘ഇത് വലിയ പ്രത്യാഘാതം ഗാസയിലുണ്ടാക്കും. ഭക്ഷണക്ഷാമം കുട്ടികളുടെ ജീവനു തന്നെ ആപത്താണ്. ജനവാസ മേഖലയിലെ ആക്രമണം വലിയ ഭീഷണിയാണ്.’’– യുനിസെഫ് വക്താവ് ജയിംസ് എൽഡർ വ്യക്തമാക്കി. ഗാസയിലെ 80 ശതമാനം ജനങ്ങളും ഏതെങ്കിലും രീതിയിലുള്ള മാനുഷിക വെല്ലുവിളികൾ നേരിടുന്നവരാണ്. ‘‘ഈ യുദ്ധം മാനവരാശിക്കു തന്നെ ആപത്തായി മാറുകയാണ്. പൗരന്മാർ, കുട്ടികൾ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുടെയെല്ലാം സുരക്ഷ ഉറപ്പു വരുത്തേണ്ട സമയമാണിത്. ’’– ഗാസയിലെ യുഎൻ ഹ്യുമാനിറ്റേറിയൻ കോഓർഡിനേറ്റർ ലയൻ ഹേസ്റ്റിങ്സ് പറഞ്ഞു. 

PALESTINIAN-ISRAEL-GAZA-CONFLICT
ഗാസയിൽ ആക്രമണത്തിന്റെ ശബ്ദം കേട്ട് നടുങ്ങി നിൽക്കുന്ന കുട്ടികൾ∙ (Photo by MOHAMMED ABED / AFP)

∙ വിഷാദം ബാധിക്കുന്ന കുഞ്ഞുമനസ്സുകൾ

2022ലെ കണക്കുപ്രകാരം ഗാസയിൽ അഞ്ചു കുട്ടികളിൽ നാലുപേർക്കു വീതം വിഷാദരോഗം, അകാരണമായ ഭയം തുടങ്ങിയ മാനസിക പ്രശ്നങ്ങളുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പകുതിയോളം കുട്ടികളിൽ ആത്മഹത്യാപ്രവണതയുള്ളതായും കണ്ടെത്തിയിരുന്നു. കൺമുന്നിൽ മറ്റു കുട്ടികൾ മരിച്ചുവീഴുന്നതിന്റെ ആഘാതമാണ് അതിനു കാരണമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 

നിരന്തര ആക്രമണങ്ങൾ കുട്ടികളുടെ പഠനനിലവാരം മോശമാക്കുന്നതായും റിപ്പോർട്ടുണ്ട്. യുനൈറ്റഡ് നേഷൻസ് ഏജൻസി ഫോർ പലസ്തീനിയൻ പുറത്തുവിടുന്ന കണക്കുപ്രകാരം, ആക്രമണത്തിൽ പാർപ്പിടം നഷ്ടമായ 73,000 പലസ്തീനികൾ 64 സ്കൂളുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. ഗാസയിൽ 4 സ്കൂളുകൾ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ നിലംപൊത്തി. ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന ഭയത്തിലാണ് പലസ്തീനിലെ കുട്ടികൾ. ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ പലായനം ചെയ്യാനുള്ള നിർദേശവും ഗാസ അതിർത്തിയിലെ കുട്ടികൾക്കും അധ്യാപകർക്കും നൽകിയിട്ടുണ്ട്. 

English Summary:

Children become victims of the Israel-Hamas conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com