ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിൽ സജീവമായി ഇടപെടുന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജെപി. സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനു മഹുവ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്കു കത്ത് നൽകി.

മഹുവയ്ക്കെതിരായ ആരോപണം അന്വേഷിക്കണമെന്നും ഉടനെ സസ്പെൻഡ് ചെയ്യണമെന്നുമാണ് ദുബെയുടെ ആവശ്യം. വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ‘‘അഭിഭാഷകൻ ജയ് ആനന്ദ് ദേഹാദ്രെ എനിക്കൊരു കത്തയച്ചു. പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ മഹുവയും വ്യവസായി ദർശൻ ഹിരാനന്ദാനിയും തമ്മിൽ പണമിടപാട് നടന്നെന്ന ശക്തമായ തെളിവുകളാണ് കത്തിലുള്ളത്.

അൻപതോളം ചോദ്യങ്ങളാണു മഹുവ ചോദിച്ചത്. ഇതിൽ മിക്കതും ദർശൻ ഹിരാനന്ദാനിയെയും അദ്ദേഹത്തിന്റെ കമ്പനിയുടെയും താൽപര്യാർഥമാണ്. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടായിരുന്നു മഹുവയുടെ ചോദ്യങ്ങൾ.’’– ദുബെ ആരോപിച്ചു. സിബിഐ, ഇ.ഡി ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നു പ്രതികരിച്ച മഹുവ, ബിജെപിയെയും അദാനി ഗ്രൂപ്പിനെയും വിമർശിക്കുകയും ചെയ്തു.

‘‘സംശയാലുക്കളായ സംഘികളും വ്യാജ ഡിഗ്രിക്കാരും നിർമിച്ച കേസുകെട്ടിനെ വിശ്വസിച്ച് എന്നെ നിശബ്ദയാക്കാനോ താഴ്‍ത്തിക്കെട്ടാനോ അദാനി ഗ്രൂപ്പ് ശ്രമിക്കുകയാണെങ്കിൽ, സമയം പാഴാക്കരുതെന്നും അഭിഭാഷകരെ ബുദ്ധിപൂർവം ഉപയോഗിക്കണം എന്നുമേ പറയാനുള്ളൂ. വ്യാജ ബിരുദധാരികൾക്കും മറ്റ് ബിജെപി പ്രമുഖർക്കുമെതിരെ ഒന്നിലധികം നിയമലംഘനങ്ങളുണ്ട്. എനിക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുംമുമ്പ് അദാനി കൽക്കരി കുംഭകോണത്തിൽ ഇ.ഡി എഫ്‌ഐആർ ഫയൽ ചെയ്യുന്നതും കാത്തിരിക്കുന്നു’’– മഹുവ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

English Summary:

BJP MP Nishikant Dubey charges TMC MP Mahua Moitra with cash for query, writes to Birla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com