ADVERTISEMENT

തിരുവനന്തപുരം∙ നിയമങ്ങളിലേക്കു പോലും വർഗീയത കടത്തി വിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐപിസിയും സിആർപിസിയും പരിഷ്കരിച്ചത് കൃത്യമായ വർഗീയ രാഷ്ട്രീയത്തിന്റെ അജണ്ട പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന കെ.എം. മാണി ലീഗൽ എക്സലൻസ് അവാർഡ് വിതരണച്ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

‘‘ഇന്ത്യൻ പീനൽ കോഡും ക്രിമിനൽ പ്രോസീജ്യർ കോഡുമൊക്കെ വർഗീയ താൽപര്യത്തോടെ മാറ്റുന്നതും അവരുടെ പേരുതന്നെ ഭാഷാ പക്ഷപാതിത്തത്തോടെ പരിഷ്കരിക്കുന്നതും നിങ്ങൾക്കെല്ലാം അറിയാവുന്നതാണ്. നിയമങ്ങൾ പരിഷ്കരിക്കപ്പെടേണ്ടതില്ല എന്ന അഭിപ്രായം നമ്മൾക്കാർക്കുമില്ല. മെക്കാലെയുടെ കാലത്തുള്ള നിമയങ്ങളാണ്. അതിൽ കാലാനുസൃതമായ മാറ്റങ്ങളുണ്ടാകാം. എന്നാൽ അത്തരം നവീകരണങ്ങൾക്കുള്ള പരിഷ്കരണങ്ങളല്ല ഇപ്പോഴുള്ളത് എന്നതു വ്യക്തമാണ്. സർക്കുലേറ്റ് ചെയ്യപ്പെട്ട ഡ്രാഫ്റ്റുകളിൽനിന്നു വ്യക്തമാകുന്നത് നിയമങ്ങളിലേക്കു പോലും വർഗീയത കടത്തിവിടുന്നതും മെക്കാലയുടെ അടിസ്ഥാന സംവിതകളിൽ മാറ്റം വരുത്താത്തതുമാണു നിർദേശങ്ങളിൽ പലതുമെന്നാണ്. കൃത്യമായ വർഗീയ രാഷ്ട്രീയത്തിന്റെ അജണ്ട പ്രകാരമുള്ള മാറ്റം മാത്രമാണു നിർദേശിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യങ്ങൾ കൃത്യമായി പഠിക്കാനും ഇതിന്റെ പിന്നിലുള്ള ദുരുദ്ദേശ്യങ്ങൾ ജനങ്ങളെ അറിയിക്കാനും കേരള ലോയേഴ്സ് കോൺഗ്രസ് പോലെയുള്ള സംഘടനകൾക്ക് ഉത്തരവാദിത്തമുണ്ട്. 

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രവാക്യം രാഷ്ട്രീയ അധികാരം പിന്‍വാതിലിലൂടെ പിടിച്ചെടുക്കാൻ പഴുതുണ്ടാക്കലല്ലേ എന്ന് എല്ലാവരിലും സംശയം ജനിപ്പിച്ചിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാരുണ്ടായാൽ ഏതെങ്കിലും പ്രത്യേക കാരണങ്ങളാൽ അത് അസ്ഥിരപ്പെട്ടു എന്നു വരാം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് അത് സംഭവിക്കുന്നതെങ്കിൽ പിന്നീടുള്ള നാലര വർഷം കേന്ദ്ര സർക്കാരിന് ആ സംസ്ഥാനം ഭരിക്കാനുള്ള അവസരം ലഭ്യമാക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

ഇന്ത്യൻ പീനൽ കോഡിന്റെ 124എ രാജ്യദ്രോഹത്തെ കുറിച്ചാണു പറയുന്നത്. അത് ദേശീയ സ്വാതന്ത്ര്യ സമരത്തെ തകർക്കാൻ വേണ്ടിയും ദേശാഭിമാനികളെ ദേശദ്രോഹികളായി ചിത്രീകരിക്കാൻ വേണ്ടിയും ബ്രിട്ടീഷുകാർ ആവിഷ്കരിച്ച സങ്കൽപത്തിൽനിന്നു രൂപപ്പെട്ടതാണ്. രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് പകപോക്കാനുള്ള വകുപ്പായി വലിയ തോതിൽ ദുരുപയോഗപ്പെട്ടതാണ് അത്. ഈ വകുപ്പ് ഭേദഗതി ചെയ്യണമെന്ന ആവശ്യം അതിനാലാണ് ജനാധിപത്യ പ്രസ്ഥാനങ്ങൾ നമ്മുടെ രാജ്യത്ത് കാലാകാലങ്ങളായി ഉയർത്തിയിട്ടുള്ളത്. 

ഇത്തരം ഒരു പശ്ചാത്തലം വച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് രമണയെ പോലുള്ളവർ ഇടപെട്ടത്. ഈ വകുപ്പ് ദുരുപയോഗപ്പെടുന്നതിനെതിരെ ധീരമായ നിലപാടാണ് ആ ഘട്ടത്തിൽ അദ്ദേഹം കൈക്കൊണ്ടത്. അതോടെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ വിമർശനങ്ങളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന നടപടികൾക്കെതിരെ കൂടിയ തോതിൽ ആഹ്വാനങ്ങളുണ്ടായത്. ആ പശ്ചാത്തലത്തിൽ, പുതിയ നിയമപരിഷ്കാരത്തിന്റെ ഘട്ടത്തിൽ ഐപിസി 124എ നീക്കം ചെയ്യുമെന്ന് ആരെങ്കിലും കരുതിയെങ്കിൽ അത് തെറ്റി. ആ വകുപ്പ് അതേപടി നിലനിർത്തുകയാണ് എന്നതു വ്യക്തമാണ്. 

ഇപ്പോൾ എവിഡെൻസ് ആക്ടിന് ഭാരതീയ സാക്ഷ്യസംഹിത എന്നും ഐപിസിക്ക് ഭാരതീയ ന്യായ സംഹിത എന്നും സിആർപിസിക്ക് ഭാരതീയ നാഗരിക് സുരക്ഷ സംഹിതയെന്നുമൊക്കെ പറയേണ്ടി വരുന്ന അവസ്ഥയിൽ കേരളം പോലെയുള്ള സംസ്ഥാനത്തെ അഭിഭാഷകർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് എത്രയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. നാഗരിക് എന്ന വാക്കിന്റെ അർഥം പൗരനെന്നാണ്. സിആർപിസി ഇനി പൗരന്മാർക്ക് മാത്രമേ ബാധകമാകുകയുള്ളോ? ഇന്ത്യയിൽ ഇനി രണ്ടു തരം ക്രിമിനൽ പ്രൊസീജ്യറുകൾ നടപ്പാക്കുമോ? ഇതൊക്കെ സങ്കീർണമായ പ്രശ്നങ്ങളാണ് തുറന്നുവയ്ക്കുന്നത്. മതം രാഷ്ട്രീയത്തിൽ കലരുകയും നിയമത്തെപ്പോലും സ്വന്തം വഴിക്ക് ആക്കുകയും ചെയ്യാൻ തുടങ്ങിയാൽ ഉണ്ടാകുന്ന അപകടങ്ങളിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. ഇത്തരം വിഷയത്തിൽ കൃത്യമായ നിലപാടെടുക്കാൻ, മതേതരത്വത്തിന്റെ ജനാധിപത്യത്തിന്റെ താൽപര്യത്തിൽ ഇതേകുറിച്ചു ജനങ്ങളെ ബോധവത്കരിക്കാനും കേരള ലോയേഴ്സ് കോൺഗ്രസ് ശ്രമിക്കണം’’– മുഖ്യമന്ത്രി പറഞ്ഞു. 

English Summary:

CM Pinarayi Vijayan said that communalism is being introduced even into laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com