ADVERTISEMENT

ഐസോൾ∙ മിസോറമിൽ മിസോ നാഷനൽ ഫ്രണ്ട് വീണ്ടും അധികാരത്തിൽ എത്തുമെന്ന് മുഖ്യമന്ത്രി സോറംതാംഗ. 25 മുതൽ 35 വരെ സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2018ൽ എംഎൻഎഫ് പുറത്താക്കിയ കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘‘വരുന്ന തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള പ്രവർത്തനങ്ങളുമായി ഞങ്ങൾ തിരക്കിലാണ്. വൻഭൂരിപക്ഷത്തോടു കൂടി ജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. 25 മുതൽ 35 സീറ്റുവരെ നേടി എംഎൻഎഫ് വീണ്ടും അധികാരത്തിൽ എത്തും.’’– സോറംതാംഗ പറഞ്ഞു. ഒന്നോ രണ്ടോ സീറ്റുകൾ കോൺഗ്രസിനു ലഭിച്ചാൽ തന്നെ അവരുടെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘‘അവർക്ക് ഒരു സീറ്റുപോലും ലഭിക്കാനുള്ള സാധ്യതയില്ല. ബിജെപിക്ക് ചിലപ്പോൾ രണ്ട് സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഞങ്ങളുടെ പ്രധാന പ്രതിപക്ഷമായ സോറം പീപ്പിൾസ് മൂവ്മെന്റിന് 10 സീറ്റുകൾ ലഭിച്ചാൽ അവരുടെ ഭാഗ്യം. ഞങ്ങൾ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.’’– സോറംതാംഗ പറഞ്ഞു. 

1987ൽ സംസ്ഥാനം രൂപീകരിച്ച ശേഷം മൂന്നു തവണ എംഎൻഎഫ് അധികാരത്തിൽ എത്തിയിട്ടുണ്ട്. കോൺഗ്രസ് നാലുതവണ അധികാരത്തിൽ എത്തിയ സംസ്ഥാനമാണ് മിസോറം.  2018ൽ എംഎൻഎഫ് 26 സീറ്റുകൾ നേടി. കോൺഗ്രസ് അഞ്ചുസീറ്റുകളിൽ ഒതുങ്ങി. ബിജെപിക്ക് ഒരു സീറ്റാണ് ലഭിച്ചത്. സോറം പീപ്പിൾസ് മൂവ്മെന്റ് അനുഭാവികൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകൾ ലഭിച്ചു. 2019ലാണ് സോറം പീപ്പിൾസ് മൂവ്മെന്റിനെ രാഷ്ട്രീയ പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചത്. 

എംഎന്‍എഫിന് ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചതായും ഇത്തവണയും അധികാരത്തിലെത്തുമെന്നും അടുത്തിടെ നടത്തിയ പ്രസംഗത്തിൽ സോറംതാംഗ പറഞ്ഞിരുന്നു. കോവിഡ്–19 മഹാമാരിയുണ്ടായ കാലത്ത് തന്റെ സർക്കാർ മിസോറമിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിച്ചതായും അദ്ദേഹം പറഞ്ഞു. ‘‘ഞങ്ങളുടെ അഞ്ചുവര്‍ഷത്തെ ഭരണകാലത്താണ് കോവിഡ്–19 ഉണ്ടായത്. ലോകത്തെ മറ്റിടങ്ങളെ പോലെ തന്നെ സാമ്പത്തിക തകർച്ച സംസ്ഥാനവും നേരിട്ടു. പക്ഷേ, അശ്രാന്ത പരിശ്രമത്തിലൂടെ മിസോറമിനെ വികസനത്തിന്റെ പാതയിലേക്കു നയിക്കാൻ ഈ കാലയളവിൽ ഞങ്ങൾക്കു സാധിച്ചു.’’– സോറംതാംഗ പറഞ്ഞു. 

English Summary:

Zoramthanga Says His Party Will Win Next Election In Mizoram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com