ADVERTISEMENT

ടെൽ അവീവ്∙ ഹമാസിനെതിരായ ആക്രമണം കടുപ്പിക്കുന്നതിനിടെ, ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിലേക്കും വ്യോമാക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. ഇന്നലെ അർധരാത്രിയോടെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സേന അറിയിച്ചു. ലബനൻ മേഖലയിലെ ഹിസ്ബുല്ലയുടെ സായുധ കേന്ദ്രങ്ങളാണ് ഇസ്രയേൽ സേന ലക്ഷ്യംവച്ചതെന്നാണ് പ്രസ്താവനയിൽ അറിയിച്ചത്. ഇസ്രയേലിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനും ഹിസ്ബുല്ലയ്ക്കും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ആക്രമണം.

ഇസ്രയേൽ കരയുദ്ധം ആരംഭിച്ചാൽ ഹമാസിനൊപ്പം ചേരുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല നേരത്തെ അറിയിച്ചിരുന്നു. അതിനു പിന്നാലെ ഇസ്രയേൽ–ലബനൻ അതിർത്തിയിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഇസ്രയേൽ ഒഴിപ്പിച്ചിരുന്നു. ഹമാസിനെതിരെ ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ വടക്കൻ ഇസ്രയേലിലെ ഒരു ടാങ്ക് വ്യൂഹത്തിനെതിരെ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തുകയും ഹിസ്ബുല്ലയുടെ ഒരു താവളത്തിലേക്ക് ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

അതിനിടെ ഇസ്രയേൽ ജനതയ്ക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിൽ എത്തും. ബൈഡന്റെ സന്ദർശനം ഇസ്രയേലിനും ലോകത്തിനും നിർണായകമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ അറിയിച്ചു. ഗാസ മുനമ്പിലേക്ക് രാജ്യാന്തര സഹായം എത്തിക്കുന്നതിൽ പ്രശ്നം സൃഷ്ടിക്കില്ലെന്ന് ഇസ്രയേൽ യുഎസിന് ഉറപ്പു നൽകിയിട്ടുണ്ടെന്നും ആന്റണി ബ്ലിങ്കൺ അറിയിച്ചു. 

ഇസ്രയേലിൽ ഹമാസ് നടത്തിയ വിവിധ ആക്രമണങ്ങളിൽ ഇതുവരെ 1,400 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 2808 പേർ കൊല്ലപ്പെട്ടതായി ഹമാസ് മീഡിയ ഓഫിസ് അറിയിച്ചു. ഇതിൽ നാലിലൊന്നും കുട്ടികളാണ്. 10,000 പേർക്ക് പരുക്കേറ്റതായും ഹമാസ് അറിയിച്ചു. 

English Summary:

Israel Strikes Hezbollah Targets In Lebanon As Gaza Ground Offensive Looms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com