ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് വന്നത് കപ്പലല്ല, ക്രെയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രെയിൻ സ്വീകരിക്കാൻ ഒന്നരക്കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്നും സതീശൻ ആരോപിച്ചു. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണു കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സർക്കാരിനു നേതൃത്വം നൽകുന്നത്. കുട്ടികളുടെ ഉച്ചഭക്ഷണം നൽകാൻ പോലും സർക്കാരിന്റെ കയ്യിൽ പണമില്ലെന്നും സതീശൻ ആരോപിച്ചു. എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ. 

‘‘പൈസയില്ലെന്നോർത്ത് സർക്കാരിന്റെ ധൂർത്തിന് ഒരു കുറവും ഇല്ല. വിഴിഞ്ഞത്ത് വന്നത് കപ്പൽ അല്ല. ക്രെയിനാണ്. അത് കമ്മിഷൻ ചെയ്യണമെങ്കിൽ ഇനിയും രണ്ടു കൊല്ലമെടുക്കും. ക്രെയിൻ വന്ന കാര്യം പറയാൻ ഏകദേശം ഒന്നരക്കോടി രൂപ ചെലവാക്കി. എന്തെങ്കിലും ചെയ്തെന്നു പറയാൻ വേണ്ടി വിഴിഞ്ഞത്ത് ക്രെയിൻ കൊണ്ടു വന്നിരിക്കുന്നു. വലിയ പന്തലൊക്കെയിട്ട് ക്രെയിനിനു പച്ചക്കൊടി വീശുകയാണ്. വിഴിഞ്ഞത്ത് നിങ്ങൾക്ക് ഒരു കാര്യവുമില്ല. അത് ഞങ്ങടെ ഉമ്മൻചാണ്ടി കൊണ്ടുവന്നതാണ്. പദ്ധതി കൊണ്ടുവരുമ്പോൾ പിണറായി വിജയൻ പറഞ്ഞത് കടൽക്കൊള്ള എന്നാണ്. അദാനിയുമായി ചേർന്ന് പിണറായി നടത്തിയത് 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ്. എന്നിട്ട് നാണമില്ലാതെ ക്രെയിൻ വരുമ്പോൾ പച്ചക്കൊടി കാണിക്കാൻ നില്‍ക്കുകയാണ്. 2019ൽ വിഴിഞ്ഞത്ത് കപ്പൽ അടുക്കേണ്ടതായിരുന്നു. എന്നിട്ടിപ്പോൾ 4 കൊല്ലം കഴിഞ്ഞ് ക്രെയിൻ കൊണ്ടുവന്നിരിക്കുന്നു.’’– വി.ഡി. സതീശൻ ആരോപിച്ചു. 

‌പ്രൊമോഷൻ വേണ്ടെന്നു അധ്യാപകർ കൂട്ടത്തോടെ എഴുതി നൽകിയിരിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകാൻ പണമില്ലാത്ത മുഖ്യമന്ത്രിയാണ് 40 കാറുകളുടെയും ആയിരം പൊലീസുകാരുടെയും അകമ്പടിയിൽ നടക്കുന്നത്. ഖജനാവിൽ പട്ടി പെറ്റുകിടക്കുകയാണെങ്കിലും ധൂർത്തിനു യാതൊരു കുറവുമില്ലെന്നും വി.ഡി. സതീശൻ വിമർശിച്ചു. 4000 കോടി രൂപ കേരളത്തിലെ ജീവനക്കാർക്കും ശമ്പളക്കാർക്കും നൽകാനുണ്ട്. ഇതിലെല്ലാം സർക്കാരിനു റെക്കോർഡ് ഉണ്ട്. 77000 പേർ പെൻഷൻ കുടിശ്ശിക കിട്ടാതെ മരിച്ചെന്നും സതീശൻ പറഞ്ഞു. 

ഇനിയിപ്പോൾ ജനസദസ് എന്ന പേരിൽ 140 മണ്ഡലങ്ങളിൽ കെഎസ്ആർടിസി‌ ബസിൽ പോകുകയാണെന്നാണ് പറയുന്നത്. കെഎസ്ആർടിസി ബസിൽ പോകുമ്പോൾ ശ്രദ്ധിക്കണം. അവർ വഴിയിൽ നിർത്തും. കാരണം കണ്ടക്ടർക്കും ഡ്രൈവർക്കും ശമ്പളം കിട്ടിയിട്ട് രണ്ടുമാസമായെന്നും സതീശൻ പറഞ്ഞു. 

English Summary:

V.D Satheesan Criticise Vizhinjam Port Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com