ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നു. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചുവെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. 

‌കപ്പലിലെ രണ്ടു പേര്‍ക്കാണ് ആദ്യം എഫ്ആര്‍ആര്‍ഒ അനുമതി നൽകിയത്. പിന്നീട് കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചതായുള്ള വിവരം അധികൃതര്‍ അറിയിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മുബൈയില്‍നിന്നുള്ള കമ്പനിയുടെ വിദഗ്ധരും ഉടനെത്തും. കാലാവസ്ഥ കൂടി അനുകൂലമായാല്‍ കപ്പലില്‍നിന്ന് ക്രെയിന്‍ ബര്‍ത്തില്‍ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. കപ്പലിലെ ജീവനക്കാരുടെ ഇമിഗ്രേഷൻ ക്ലിയറൻസിനായി അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും സമ്മർദം ശക്തമാക്കിയിരുന്നു. നിലവില്‍ വിഴിഞ്ഞത്ത് കടല്‍ പ്രക്ഷുബ്ദമാണ്. കാലാവസ്ഥ അനുകൂലമായാലെ ക്രെയിന്‍ ഇറക്കുന്ന നടപടി ആരംഭിക്കാനാകു. 

സർക്കാരിന്റെ സ്വീകരണ പരിപാടി മൂലമാണു നാലു ദിവസം വൈകിയതെങ്കിൽ, മൂന്നു ദിവസമായി തടസ്സം ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസി(എഫ്ആർആർഒ)ന്റെ എതിർപ്പിനെത്തുടർന്നായിരുന്നു. കപ്പലിലെ ചൈനക്കാരായ ജീവനക്കാർക്ക് ബെർത്തിൽ ഇറങ്ങാൻ അനുമതി നൽകേണ്ടത് എഫ്ആർആർഒയാണ്. ക്രെയിൻ ബെർത്തിൽ ഇറക്കുമ്പോൾ കപ്പലിന്റെ സ്ഥാനം ക്രമീകരിക്കുന്നതിനുള്ള വൈദഗ്ധ്യം ചൈനീസ് ക്രൂവിനാണുള്ളത്. അതിന് ഇവർ ബെർത്തിൽ ഇറങ്ങിയേ മതിയാകൂ. 

ഇതേ ജീവനക്കാരുടെ സഹായത്തോടെയാണു ചൈനീസ് കമ്പനിയുടെ ഇന്ത്യൻ സ്ഥാപനത്തിലെ ജീവനക്കാർ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു രണ്ടു ക്രെയിനുകൾ ഇറക്കിവച്ചത്. മുന്ദ്രയ്ക്കു തുറമുഖ പദവിയുള്ളതുകൊണ്ടു തടസ്സമുണ്ടായില്ല. നിർമാണഘട്ടത്തിലുള്ള വിഴിഞ്ഞം തുറമുഖത്തിനു തുറമുഖ പദവിയില്ല. ഈ തുറമുഖം വഴി വിദേശരാജ്യത്തു നിന്ന് ഇന്ത്യൻ കരയിൽ ഇറങ്ങാനാകില്ല. ഈ തടസ്സമാണ് എഫ്ആർആർഒ ചൂണ്ടിക്കാട്ടുന്നതെന്നാണു വിവരം. 

English Summary:

Employees in Chinese ship got clearance from centre to getdown in Vizhijam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com