ADVERTISEMENT

കൊച്ചി∙ സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ.സിസാ തോമസിനെതിരായ സർക്കാർ അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തെന്നു കാണിച്ച് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസും റദ്ദാക്കി.

മുന്‍ വൈസ് ചാന്‍സലര്‍ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനേത്തുടർന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സിസാ തോമസിനെ താത്കാലിക വൈസ് ചാന്‍സലറായി നിയമിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു. അതിനുശേഷമാണ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തെന്നാരോപിച്ച് സിസയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.

നോട്ടിസിനെതിരേ സിസാ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നടപടികള്‍ തുടരാമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടിസ് നിയമപരമായി നിലനില്‍ക്കില്ലെന്നും തെറ്റായി നല്‍കിയതാണെന്നും ഡിവിഷൻ ബെഞ്ച് കണ്ടെത്തി. സിസയുടെ നിയമനം നിയമപരമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

സിസാ തോമസിനെതിരായ നടപടികളൊന്നും നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. 

English Summary:

Ciza Thomas appointment was legal high court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com