ADVERTISEMENT

ബെംഗളൂരു∙ ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാർശം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ബിജെപിയുമായി മുന്നോട്ടുപോകാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം അറിയിച്ചിട്ടുണ്ടെന്നായിരുന്നു ദേവെഗൗഡയുടെ അവകാശവാദം.

ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി.എം.ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം ദേവെഗൗഡ പറ‍ഞ്ഞത്. ഇടതു സർക്കാരിൽ മന്ത്രിയായ കെ.കൃഷ്ണൻകുട്ടിയും ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിന് അനുകൂലമാണ്. തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാന ഘടകങ്ങളുടെ അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് ബിജെപിക്കൊപ്പം പോകാനുള്ള സാഹചര്യം ഇവർക്ക് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് അവർ പിന്തുണയ്ക്കുന്നത്. പാർട്ടിയെ രക്ഷിക്കാനാണ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടുവെന്നും ദേവെഗൗഡ പറഞ്ഞു.

എന്നാൽ, ബിജെപി സഖ്യത്തിനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ദൾ കേരള ഘടകം പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കൃഷ്ണൻകുട്ടിയും ഈ മാസമാദ്യം ബെംഗളൂരുവിലെത്തി ദേവെഗൗഡയെ അറിയിച്ചിരുന്നു. പാർട്ടി നേരിടുന്ന പ്രതിസന്ധി സിപിഎമ്മിനെയും എൽഡിഎഫ് നേതൃത്വത്തെയും ബോധ്യപ്പെടുത്തണമെന്നും സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.

മാത്യു ടി.തോമസ്, കെ.കൃഷ്ണൻകുട്ടി
മാത്യു ടി.തോമസ്, കെ.കൃഷ്ണൻകുട്ടി

എൽഡിഎഫിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന മാത്യു ടി.തോമസിനെയും കൃഷ്ണൻകുട്ടിയെയും ഇതിനായി ചുമതലപ്പെടുത്തി. ബിജെപി സഖ്യത്തിലുള്ള പാർട്ടി കേരളത്തിൽ എൽഡിഎഫിൽ തുടരുന്നതു പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തിൽ തിരക്കിട്ട് സിപിഎം ഇക്കാര്യത്തിൽ ഒരു നിലപാട് എടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്റെ സമ്മതത്തോടെയാണ് ജെഡിഎസ് ബിജെപിയുമായി കൈ കോർത്തതെന്ന് േദവെഗൗഡ വെളിപ്പെടുത്തിയത്. 

സഖ്യത്തിനെതിരെ തിരിഞ്ഞ സി.എം.ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം താൽക്കാലിക പ്രസിഡന്റായി നിയമസഭാ കക്ഷി നേതാവ് കുമാര സ്വാമിയെ നിയോഗിച്ചു. ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര നിർവാഹകസമിതി പാർട്ടി സംസ്ഥാന സമിതിയും പിരിച്ചുവിട്ടു. തനിക്കൊപ്പമുള്ളവരാണ് യഥാർഥ ദൾ എന്ന് അനുയായികളുടെ യോഗത്തിൽ ഇബ്രാഹിം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. പാർട്ടി എംഎൽഎമാർ, എംഎൽസിമാർ, ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ നിർവാഹക സമിതിയിൽ പങ്കെടുത്തതായി ദേവെഗൗഡ അവകാശപ്പെട്ടു.

എന്നാൽ, സംസ്ഥാന സമിതി പിരിച്ചുവിട്ട നടപടിയെ നിയമപരമായി നേരിടുമെന്ന് ഇബ്രാഹിം പറഞ്ഞു. ദേവെഗൗഡയുടെ കുടുംബാധിപത്യം ഒരിക്കൽ കൂടി തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 

നിലനില്‍പ്പിനായി ബിജെപിക്കൊപ്പം

കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് ജനതാദളിനെ പുനര്‍ചിന്തനത്തിലേക്ക് നയിച്ചത്. ബിജെപിയോടും കോണ്‍ഗ്രസിനോടും തുല്യ അകലം വേണമെന്നായിരുന്നു ജെഡി(എസ്)ന്റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം നേടിയതോടെ, ഒറ്റയ്ക്ക് മത്സരിച്ച് നിലംപരിശായ ജനതദള്‍, പിടിച്ചു നില്‍ക്കാന്‍ മറ്റു മാര്‍ഗമില്ലാതെ ബിജെപിക്കൊപ്പം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ ബിജെപിയാകട്ടെ എങ്ങനെ കരകയറാം എന്നു നോക്കി തന്നെയാണ് ദളിനെ ചൂണ്ടയിട്ടതും. നിയമസഭയിലേക്ക് സീറ്റുകള്‍ നഷ്ടമായെങ്കിലും വോട്ടു ശതമാനം കുറയാത്ത ബിജെപിക്ക്, ദളിനെ കൂടെ കൂട്ടിയാല്‍ ലോക്‌സഭയിലേക്ക് കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാം എന്നാണ് കണക്കുകൂട്ടല്‍

നരേന്ദ്ര മോദിയും എച്ച്.ഡി. ദേവെ ഗൗഡയും കൂടിക്കാഴ്ച നടത്തിയപ്പോൾ. (Photo: X/ANI)
നരേന്ദ്ര മോദിയും എച്ച്.ഡി. ദേവെ ഗൗഡയും കൂടിക്കാഴ്ച നടത്തിയപ്പോൾ. (Photo: X/ANI)

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെഡിഎസിന് ബിജെപിയുടെ സഹായ പ്രതീക്ഷയും ഉണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും മുന്നണിയായി മത്സരിച്ചിട്ടിട്ടും 28ല്‍ 25 സീറ്റും ബിജെപി നേടി. ഏഴ് സീറ്റില്‍ മത്സരിച്ച് ഒരു സീറ്റിലൊതുങ്ങിയ ജനതാദളിന്, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് വിട്ടു നല്‍കാമെന്ന വാഗ്ദാനമാണ് ബിജെപി നല്‍കിയിട്ടുള്ളത്. ദേവെഗൗഡയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സഖ്യ തീരുമാനമുണ്ടായത്.  28 സീറ്റുള്ള കര്‍ണാടകത്തില്‍ നിലവില്‍ ബിജെപിയുടെ കയ്യിലുള്ള 26ല്‍ മൂന്നു സീറ്റെങ്കിലും വിട്ടു നല്‍കിയാവും ബിജെപി സഖ്യം യാഥാര്‍ഥ്യമാക്കുക.



എച്ച്. ഡി. കുമാരസ്വാമി എച്ച്.‍ഡി ദേവെ ഗൗഡയ്ക്കൊപ്പം ( File Photo by PTI)
എച്ച്. ഡി. കുമാരസ്വാമി എച്ച്.‍ഡി ദേവെ ഗൗഡയ്ക്കൊപ്പം ( File Photo by PTI)

2018ല്‍ ജെഡിഎസും കോണ്‍ഗ്രസും ഒന്നിച്ച് അധികാരത്തിലിരുന്നപ്പോഴാണ് ബിജെപി 28ല്‍ 25 സീറ്റ് നേടിയത്. ജെഡിഎസ് അധ്യക്ഷനായ ദേവെഗൗഡ പോലും തുംകുരില്‍ തോറ്റു. എങ്കിലും ഇപ്പോഴും 13% വോട്ടിന്റെ പിന്‍ബലമുള്ള ദളിനെ ബിജെപി ഒപ്പം കൂട്ടുന്നത് കോണ്‍ഗ്രസിന്റെ നിയമസഭാ വിജയം മറികടക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. ജെഡിഎസിന് മാണ്ഡ്യ, ഹാസ്സന്‍, ബെംഗളൂരു (റൂറല്‍), ചിക്‌ബെല്ലാപുര്‍ ലോക്‌സഭാ  സീറ്റുകളാണ് ബിജെപി വിട്ടുനല്‍കുകയെന്നാണ് വിവരം. ഇതില്‍ മൂന്നെണ്ണത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നു. ഹാസനില്‍ മാത്രമായിരുന്നു ജെഡിഎസ് ജയിച്ചത്. 

ഞെട്ടിയത് കേരളത്തിലെ പ്രവര്‍ത്തകര്‍

നാല് പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തു മാത്രം നിന്നു പാരമ്പര്യമുള്ള കേരളത്തിലെ ഇപ്പോഴത്തെ ജനതാദളിന് ഉള്‍ക്കൊള്ളാവുന്നതല്ല പാര്‍ട്ടി അധ്യക്ഷനായ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെയും കര്‍ണാടക നേതാക്കളുടെയും തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയെയും കണ്ട് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി പാര്‍ട്ടിയെ എന്‍ഡിഎയുടെ ഭാഗമാക്കി പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയത് കേരളത്തിലെ ജനതാദള്‍ (എസ്) പ്രവര്‍ത്തകരാണ്. ജെഡിഎസിനു രണ്ട് എംഎല്‍എമാരാണ് കേരളത്തിലുള്ളത്. ഇതില്‍ മാത്യു ടി.തോമസ് പാര്‍ട്ടി അധ്യക്ഷനും കെ.കൃഷ്ണന്‍ കുട്ടി വൈദ്യുതി മന്ത്രിയുമാണ്. ഇരുവരും മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നവരാണ്. 

എച്ച്.ഡി.ദേവെഗൗ‍ഡയ്ക്കൊപ്പം കെ.കൃഷ്ണൻകുട്ടി (Photo: KKrishnankutty/FB)
എച്ച്.ഡി.ദേവെഗൗ‍ഡയ്ക്കൊപ്പം കെ.കൃഷ്ണൻകുട്ടി (Photo: KKrishnankutty/FB)

ജെഡിഎസ് ദേശീയ നേതൃത്വം കേരളത്തിലെ ജനതാദളിനെ വെള്ളത്തിലാക്കുന്നത് ഇത് ആദ്യമല്ല. മുന്‍പും ബിജെപിക്കൊപ്പം കര്‍ണാടകത്തില്‍ ജെഡിഎസ് അധികാരം പങ്കിട്ട കാലത്ത് കേരളത്തിലെ ജനതാദള്‍ ഇതേ പ്രതിസന്ധി നേരിട്ടതാണ്. അന്നും കേരളത്തില്‍ പ്രത്യേക വിഭാഗമായി നിന്ന ദള്‍, പിന്നീട് കര്‍ണാടത്തിലെ ബിജെപി ബാന്ധവം അവസാനിപ്പിച്ച ശേഷം മാത്രമാണ് ദേശീയ നേതൃത്വത്തോട് സഹകരിച്ചത്. അക്കാലത്തും കേരളത്തിലെ ഇന്നത്തെ ജനതാദള്‍ പ്രവര്‍ത്തകര്‍ നല്ല പങ്കും ഇടതുമുന്നണിയില്‍ തന്നെ ആയിരുന്നു. എന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന പാരമ്പര്യമാണ് കേരളത്തിലെ ജനതാദള്‍ പ്രവര്‍ത്തകരില്‍ നല്ല പങ്കിനും. 1980 മുതല്‍ ഈ പ്രവര്‍ത്തകര്‍ ഇടതു മുന്നണിക്കൊപ്പമാണ്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ അന്തരിച്ച മുന്‍ എംപി എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പിളര്‍ന്ന് ഡെമോക്രാറ്റിക് ജനതാദളും മറ്റുമായി പോയെങ്കിലും മുതിര്‍ന്ന ഒരു വിഭാഗം കാലങ്ങളായി ഇടതു മുന്നണിക്കൊപ്പം തന്നെയായിരുന്നു.

English Summary:

Pinarayi Vijayan has given concurrence to move forward with the BJP: H D Deve Gowda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com