ADVERTISEMENT

കോഴിക്കോട്∙ സത്യസന്ധരായ ഉദ്യോഗസ്ഥർക്കുള്ള പിണറായി സർക്കാരിന്റെ സമ്മാനമാണ് സസ്പെൻഷനെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. കത്വ ഫണ്ട് തട്ടിപ്പ് കേസിലെ ആരോപണം കള്ളമാണെന്നു കോടതിയിൽ റിപ്പോർട്ട് നൽകിയ കുന്ദമംഗലം സിഐയെ സസ്പെൻഡ് ചെയ്തതിലൂടെ സർക്കാരിന്റെ പകപോക്കലാണ് പുറത്തു വന്നിരിക്കുന്നതെന്ന് ഫിറോസ് കുറ്റപ്പെടുത്തി. കെ.ടി. ജലീൽ എംഎൽഎയ്‌ക്െതിരെയും ഫിറോസ് പരിഹാസം ഉയർത്തി. കഴുതക്കാമം കരഞ്ഞു തീർക്കുക എന്ന പ്രയോഗം കെ.ടി.ജലീലിന്റെ കാര്യത്തിൽ സത്യമാണെന്ന് ഫിറോസ് അഭിപ്രായപ്പെട്ടു.

‘കത്വ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കുകയും കോടതി കേസ് അവസാനിപ്പിക്കുകയും ചെയ്തതാണ്. എന്നാൽ പിന്നീട് സ്വകാര്യ അന്യായം ഫയൽ ചെയ്തതിന്റെ പേരു പറഞ്ഞ് പൊലീസ് റിപ്പോർട്ട് കോടതി തള്ളിയെന്ന ആസൂത്രിത പ്രചാരണമാണ് ഇവർ നടത്തിയത്. കോടതി റിപ്പോർട്ട് തള്ളിയതിന്റെ ഉത്തരവ് ചോദിച്ചപ്പോൾ ബന്ധപ്പെട്ടവർക്ക് ഒന്നും മിണ്ടാനില്ല.’

‘ഭരണകക്ഷി എംഎൽഎയായ കെ.ടി. ജലീൽ തന്നെ റിപ്പോർട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥന്റെ കാര്യം കഷ്ടമാണെന്ന് നേരത്തേ തന്നെ ഫെയ്സ്ബുക് പോസ്റ്റിട്ടത് സിഐയെ സസ്പെൻഡ് ചെയ്യാൻ ആസൂത്രിത ശ്രമം നടന്നു എന്നതിന്റെ തെളിവാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരെ രാഷ്ട്രീയ വിരോധം വച്ച് കേസെടുക്കുന്ന പിണറായി സർക്കാർ, പാർട്ടി നേതാക്കളുടെ താൽപര്യത്തിനനുസരിച്ച് റിപ്പോർട്ട് നൽകിയില്ലെങ്കിൽ അവരുടെയും ഗതി ഇതായിരുക്കുമെന്ന സന്ദേശമാണ് സിഐക്കെതിരെയുള്ള നടപടിയിലൂടെ നൽകുന്നത്. എന്നെ തൂക്കി കൊല്ലണമെന്ന റിപ്പോർട്ടാണ് സിഐ കോടതിയിൽ നൽകിയിരുന്നതെങ്കിൽ അദ്ദേഹത്തിന് വലിയ അംഗീകാരം കിട്ടുമായിരുന്നു.’ – ഫിറോസ് ചൂണ്ടിക്കാട്ടി.

‘കെ.ടി.ജലീൽ എന്നെ വേട്ടയാടി എന്നൊന്നും ഞാൻ പറയുന്നേ ഇല്ലല്ലോ. ജലീലിന് എന്നെ വേട്ടയാടാൻ കഴിയില്ല. ഒരു പ്രയോഗമുണ്ട്. അത് പൊളിറ്റിക്കലി കറക്ട് ആണോ എന്നൊന്നും എനിക്ക് അറിയില്ല. അതായത്, കഴുതക്കാമം കരഞ്ഞുതീർക്കുക എന്നു പറയാറുണ്ട്. അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഇങ്ങനെ കരഞ്ഞു തീർക്കുകയാണ്.’

‘ഒരു ഭരണകക്ഷി എംഎൽഎ, ഇത്തരത്തിൽ റിപ്പോർട്ട് നൽകിയ സിഐയുടെയും എസ്ഐയുടെയും കാര്യം കഷ്ടമാണ് എന്നൊരു സൂചന ആദ്യമേ കൊടുക്കുന്നു. പൊലീസ് റിപ്പോർട്ട് കോടതി തള്ളി എന്നൊരു വാർത്ത മാധ്യമങ്ങളിലൊക്കെ വരുത്തിക്കുന്നു. എന്നിട്ട് സിഐയെ സസ്പെൻഡ് ചെയ്യുന്നു. ഇതൊക്കെ കേരളത്തിൽ സംഭവിക്കുന്നതാണ്. അല്ലാതെ യുപിയിലല്ല. ബിജെപി ഭരിക്കുന്ന ഗുജറാത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ അല്ല. ജനാധിപത്യം അങ്ങേയറ്റം ഉണ്ട് എന്ന് നമ്മളൊക്കെ വിശ്വസിക്കുന്ന ഈ കേരളത്തിലാണ് ഇതെല്ലാം നടക്കുന്നത്. അതൊക്കെയാണ് നിങ്ങൾ വാർത്തയാക്കേണ്ടത്.’

‘മുസ്‍ലിം ലീഗും സമസ്തയുമായുള്ള ബന്ധം ഊഷ്മളമായി മുന്നോട്ടു പോകണം എന്നാണ് യൂത്ത് ലീഗ് ആഗ്രഹിക്കുന്നത്. അതിനായുള്ള ശ്രമങ്ങളാണ് യൂത്ത് ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക. അത് തകർക്കാൻ സാധിക്കില്ല എന്ന് ഇരു ഭാഗത്തുനിന്നുമുള്ള നേതാക്കൻമാർ വ്യക്തമാക്കിയിട്ടുള്ളതാണ്. ഞങ്ങൾക്ക് അതിലാണ് വിശ്വാസം.’ – ജലീൽ പറഞ്ഞു.

English Summary:

PK Firos Takes A Dig At KT Jaleel MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com