ADVERTISEMENT

നിയമസഭയിൽനിന്ന് രാത്രിയോടെ വീട്ടിലെത്തിയ വിഎസ് തന്നെ കാത്തിരുന്ന ലോട്ടറി വകുപ്പ് ഉന്നത ഉദ്യോഗസ്ഥനോട് ‘ഒന്നു കുളിച്ചിട്ടു വരാം’ എന്നു പറഞ്ഞ് അകത്തേക്കു പോയി. ഫ്രെഷ് ആയി വന്ന വിഎസ് തുടർന്ന് ഉദ്യോഗസ്ഥനോടൊപ്പം കതകടച്ചിരുന്നു പഠനത്തിലേക്കു കടന്നു. ലോട്ടറി മേഖലയിൽ നടക്കുന്ന തട്ടിപ്പുകളെപ്പറ്റിയുള്ളതായിരുന്നു അന്നത്തെ ആ വിവരശേഖരണം. ഉദ്യോഗസ്ഥൻ പോകുമ്പോൾ നേരം വെളുക്കാറായിരുന്നു. ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ, ലോട്ടറി അഴിമതി എന്ന ബോംബ് നിയമസഭയിൽ പൊട്ടിക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് കേരളം കണ്ടത്. ഏറെക്കാലം കേരള രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ചതായിരുന്നു ലോട്ടറി അഴിമതികൾക്കെതിരെ 2004ൽ വിഎസ് നടത്തിയ നീക്കങ്ങൾ. തുടർന്ന് മുഖ്യമന്ത്രിയായപ്പോൾ അന്യസംസ്ഥാന ലോട്ടറി മാഫിയയ്ക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്ന വിഎസിനെയാണ് കണ്ടത്. പാർട്ടിയുടെ പതിവു ശാസനകളും എതിരഭിപ്രായങ്ങളും വിലപ്പോയില്ല. എതിർക്കുന്ന നേതാക്കളെല്ലാം വിഎസിന്റെ നാവിന്റെ മൂർച്ചയറിഞ്ഞു. പാർട്ടിപത്രത്തിനു വേണ്ടിയെന്ന പേരിൽ പണം വാങ്ങിയ പലരും നാട്ടുകാർക്കു മുന്നിൽ പരിഹാസ്യരായി. എൺപതു പിന്നിട്ട കാലത്താണ് വിഎസ് ഇത്രയും അധ്വാനിച്ച് കാര്യങ്ങൾ പഠിച്ചത്. ഇതേ ജാഗ്രതയോടെയാണ് ലാവ്​ലിൻ സംബന്ധിച്ച വിവരങ്ങളും വിഎസ് ശേഖരിച്ചതെന്നതാണ് കൗതുകകരം.

വി.എസ്.അച്യുതാനന്ദന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ വീടിനു മുൻപിൽ തടിച്ചുകൂടിയ ആൾക്കൂട്ടം. ചിത്രം:മനോജ് ചേമഞ്ചേരി∙മനോരമ
വി.എസ്.അച്യുതാനന്ദന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ വീടിനു മുൻപിൽ തടിച്ചുകൂടിയ ആൾക്കൂട്ടം. ചിത്രം:മനോജ് ചേമഞ്ചേരി∙മനോരമ

വാർത്തകളാണ് വിഎസിനെ സൃഷ്ടിച്ചതെന്ന് വിമർശിക്കുന്നവരുണ്ട്. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും എന്നും വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു വിഎസ്. അതിനനുസരിച്ച് അദ്ദേഹത്തിന്റെ ജനപ്രീതിയും വർധിച്ചു. അതേസമയം വിഎസ് സൃഷ്ടിക്കുന്ന വാർത്തകൾക്കു വേണ്ടിയാണ് രണ്ടു പതിറ്റാണ്ടോളം കേരളം കാത്തിരുന്നത് എന്നും പറയാം. ഒന്നും വെറും വാർത്തകൾ ആയിരുന്നില്ല. പൊട്ടിത്തെറിക്കാൻ ശേഷിയുള്ള മരുന്ന് ഓരോന്നിലും ഉള്ളടങ്ങിയിരുന്നു.

രണ്ടു ഘട്ടങ്ങൾ

ദൃശ്യമാധ്യമങ്ങൾ സജീവമായി വരുന്ന കാലത്താണ് മാരാരിക്കുളത്ത് വിഎസ് തോറ്റത് (1996). കൃഷിഭൂമി സംരക്ഷണത്തിന്റെ പേരിൽ വെട്ടിനിരത്തൽ അടക്കമുള്ള ദഹിക്കാൻ ബുദ്ധിമുട്ടുള്ള നയങ്ങൾ മൂലം അപ്പോഴേക്കും വലിയൊരു വിഭാഗത്തിന് വിഎസ് ‘വെറുക്കപ്പെട്ട’വനായിരുന്നു. തോൽവി അറിഞ്ഞ് ക്യാമറകൾക്കു മുന്നിൽ അന്ന് വിഎസ് പരിക്ഷീണനായി ഇരുന്നു. തോൽവികൾ ഭക്ഷിച്ചാണ് വിഎസ് ജീവിക്കുന്നതെന്ന എം.എൻ.വിജയന്റെ പ്രശസ്തമായ പരാമർശം പിന്നീടാണ് ഉണ്ടായത്. 

ഏതാനും വർഷങ്ങൾക്കുള്ളിൽ മറ്റൊരു വിഎസ് രൂപം കൊള്ളുകയായിരുന്നു. ഇടുക്കി മതികെട്ടാൻ മലയിലെ അഴിമതി നേരിട്ടു ബോധ്യപ്പെടാൻ വിഎസ് മലകയറി. ഒരു നേതാവ് നേരിട്ടു തെളിവെടുപ്പു നടത്തുന്നത് ആദ്യമായതുകൊണ്ടാകാം, അതു ചർച്ചാവിഷയമായി. ജനകീയ രാഷ്ട്രീയക്കാരൻ എന്ന നിലയിലെ വിഎസിന്റെ ഗ്രാഫ് അതിനോടൊപ്പം മുകളിലേക്കുയരുകയായിരുന്നു. ഉദാരവൽക്കരണവും വിദേശപണത്തിന്റെ വരവും സജീവമായ കാലഘട്ടമായിരുന്നു അത്. കേരളത്തിലും അഴിമതിക്ക് പഞ്ഞമുണ്ടായിരുന്നില്ല. അവ ഓരോന്നായി വിഎസ് ഏറ്റെടുത്തു. ഇതോടെ വിഎസ് മാത്രമല്ല, മറ്റൊരു രാഷ്ട്രീയ കേരളവും രൂപം കൊള്ളുകയായിരുന്നു. പിന്നീട് മാധ്യമങ്ങൾക്ക് വിഎസിനെയും രാഷ്ട്രീയത്തെയും ചർച്ച ചെയ്യാതെ ഒരു ദിവസവും കടന്നുപോകാൻ കഴിയുമായിരുന്നില്ല. 

പാർട്ടിയിലെ രണ്ടു ഘട്ടങ്ങൾ

‘ചിലരങ്ങനെയാണ്, പണം കണ്ടാൽ കണ്ണു മഞ്ഞളിക്കും’ എന്ന് ചടയൻ ഗോവിന്ദനെപ്പോലെ ഒരു മുതിർന്ന നേതാവിന് പരിതപിക്കേണ്ടി വന്നു. അത്തരമൊരു രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉരുത്തിരിയുന്ന കാലമായിരുന്നു അത്. ഏതൊരു കമ്യൂണിസ്റ്റ് പാർട്ടിയുടെയും കൂടെപ്പിറപ്പാണ് വിപ്ലവരാഷ്ട്രീയം കയ്യൊഴിയുന്നുവെന്ന വാദം. കേരളത്തെ അടിമുടി രാഷ്ട്രീയവൽക്കരിച്ച സിപിഎം വിപ്ലവരാഷ്ട്രീയം കയ്യൊഴിയുന്നുവെന്നും സോഷ്യൽ ഡെമോക്രസിയുടെ പാതയിലൂടെ സഞ്ചരിക്കുന്നുവെന്നും പാർട്ടി വിശ്വാസികൾ അസ്വസ്ഥരായ കാലമായിരുന്നു തൊണ്ണൂറുകൾക്കു ശേഷം കണ്ടത്. ഇങ്ങനെ പണം കണ്ടാൽ ‘കണ്ണു മഞ്ഞളിക്കുന്ന’ രാഷ്ട്രീയ നേതാക്കൾക്കെതിരെ വിഎസ് നീങ്ങിയ പശ്ചാത്തലം ഇതായിരുന്നു. 

വി.എസ്.അച്യുതാനന്ദനെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ  കാണാനെത്തിയ പന്ന്യൻ രവീന്ദ്രൻ .ചിത്രം: മനോജ് ചേമഞ്ചേരി∙മനോരമ
വി.എസ്.അച്യുതാനന്ദനെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കാണാനെത്തിയ പന്ന്യൻ രവീന്ദ്രൻ .ചിത്രം: മനോജ് ചേമഞ്ചേരി∙മനോരമ

പാർട്ടി അണികൾക്കിടയിലെന്ന പോലെ പൊതു സമൂഹത്തിലും വിഎസ് രക്ഷാപുരുഷന്റെ റോൾ ഏറ്റെടുക്കുകയായിരുന്നു. കൃത്യമായ പദ്ധതിയോടെ നിർമിച്ചതാണ് (ഫാബ്രിക്കേറ്റഡ്) ആ നീക്കങ്ങൾ എന്നും ആരോപണമുണ്ടായി. ഏതായാലും വിഭാഗീയതയുടെ തിരയിളക്കങ്ങൾ നടക്കുമ്പോഴും ആഴത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തെ വിഎസ് സ്വാധീനിക്കുകയായിരുന്നു. പാർട്ടിയും നേതൃത്വവും കരുത്തരായ നേതാക്കളുടെ കൈവശം ഭദ്രമായിരിക്കുമ്പോഴും വിവിധ സംഘടനകളിലായി നിൽക്കുന്ന ഇടതുവിശ്വാസികൾ വിഎസിന്റെ ഒപ്പം ഒഴുകി. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്നതാണ് പാർട്ടിയെ ചലനാത്മകമാക്കാൻ വേണ്ടതെന്ന് വിഎസ് കരുതി. അച്ചടക്ക ലംഘനം എന്നു നിസ്സംശയം തോന്നിപ്പിക്കുന്ന നിലപാടുകളെടുത്ത് അത് മാധ്യമങ്ങളിലൂടെ ചർച്ചയാക്കിയതോടെ പാർട്ടി അണികൾ ഉണർന്നു, ആവേശം കൊണ്ടു. ഇതിലൂടെ, മാരാരിക്കുളത്ത് തോറ്റ വിഎസ് മറയുകയും ഇന്നത്തെ വിഎസ് പുനർജനിക്കുകയും ചെയ്തു.

ബർലിൻ കുഞ്ഞനന്തൻ നായരെ വി.എസ്. അച്യുതാനന്ദൻ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ. (ഫയൽ ചിത്രം)
ബർലിൻ കുഞ്ഞനന്തൻ നായരെ വി.എസ്. അച്യുതാനന്ദൻ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ. (ഫയൽ ചിത്രം)

വിറപ്പിച്ച ‘മൂലധനം’

‘ഇല്ല, ഇല്ല, ഒറ്റയ്‌ക്കല്ല, സഖാവ് വിഎസ് ഒറ്റയ്‌ക്കല്ല, അഴിമതിവിരുദ്ധ പോരാട്ടത്തിൽ, ലക്ഷം ലക്ഷം പിന്നാലെ’ ഇങ്ങനെ ഒരു മുദ്രാവാക്യം ഉയർന്നത് 2006 മാർച്ചിലായിരുന്നു. സിപിഎം ആസ്ഥാനമായ എകെജി സെന്ററിനു മുന്നിലായിരുന്നു അത്. ചരിത്രത്തിലാദ്യമായി പ്രവർത്തകർ പാർട്ടി ആസ്‌ഥാനമായ എകെജി സെന്ററിനു മുൻപിൽ രോഷ പ്രകടനം നടത്തി. വി.എസ്.അച്യുതാനന്ദനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ തീരുമാനിച്ചതായിരുന്നു സന്ദർഭം. വിഎസ് മുഖ്യമന്ത്രിയാകുന്നത് എല്ലാ വിഭാഗം ജനങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. തീരുമാനം എടുത്തു എന്നു മാത്രമല്ല, ജനങ്ങളുടെ അഭിലാഷങ്ങളെ തള്ളിക്കളയുന്ന ഒരു പ്രസ്താവന ഇറക്കുകയും ചെയ്തു. അതിങ്ങനെയായിരുന്നു– ‘സിപിഎമ്മിന്റെ ഒരു നിര നേതൃത്വം ഇടതു ജനാധിപത്യ മുന്നണിയുടെ ഭാഗമായി തിരഞ്ഞെടുപ്പു മൽസരരംഗത്ത് ഇറങ്ങുമ്പോൾ വി.എസ്.അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും നേതൃത്വത്തിൽ സംസ്‌ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം സഖാക്കൾ സംഘടനാ-സമര പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കാനാണു തീരുമാനിച്ചിട്ടുള്ളത്. സിപിഎമ്മിനെപ്പോലെ തൊഴിലാളി വർഗ വിപ്ലവപ്രസ്‌ഥാനത്തിനു മാത്രമേ സുധീരവും ജനപ്രതിബദ്ധവുമായ ഒരു തീരുമാനം സ്വീകരിക്കാൻ കഴിയൂ’.

സുധീരമായ നടപടി അലിഞ്ഞില്ലാതാകുന്നതാണ് തുടർന്നു കണ്ടത്. ഏതാനും ദിവസങ്ങളുടെ സസ്പെൻസ്. നാടെങ്ങും പാർട്ടി പ്രവർത്തകർ രോഷം കൊണ്ടു. ഒടുവിൽ സ്വന്തം തീരുമാനം പിബിക്ക് തിരുത്തേണ്ടിവന്നു. പിണറായി വിജയൻ ഒരിക്കൽ വിശേഷിപ്പിച്ചതു പോലെ വിഎസ് പാർട്ടിയുടെ ‘മൂലധന’മാണെന്ന് തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പു കാലം. സീറ്റു കൊടുക്കേണ്ടിവന്നെങ്കിലും, പിബി അംഗത്വം മുഖ്യമന്ത്രി സ്ഥാനത്തിനുള്ള മാനദണ്ഡമല്ലെന്ന് പാർട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ളവർ പറഞ്ഞു. കടിഞ്ഞാൺ ഞങ്ങളുടെ കയ്യിൽത്തന്നെയാണ് എന്ന് ദ്യോതിപ്പിക്കുകയായിരുന്നു അവർ. ഇതിന് മലമ്പുഴയിൽ പത്രസമ്മേളനത്തിൽ വിഎസ് സരസമായി മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു– ‘മുഖ്യമന്ത്രി ആരെന്ന് ആണുങ്ങൾ തീരുമാനിക്കും.’ ഒടുവിൽ മുഖ്യമന്ത്രി സ്ഥാനം നൽകേണ്ടി വന്നപ്പോൾ ആഭ്യന്തരം ഒഴിവാക്കിയാണ് നൽകിയത്. വിജിലൻസ് വിട്ടുകൊടുക്കാതെ വിഎസ് കൈവശം വച്ചു.

Achuthananthan-and-Gauriamma

ഒപ്പനയുടെ കാലം

ജനം അംഗീകരിക്കുമ്പോഴും അംഗീകരിക്കില്ലെന്ന വാശിയായിരുന്നു അക്കാലത്ത് പാർട്ടിക്ക്. പാർട്ടി സെക്രട്ടേറിയറ്റ് യോഗം ചേരുന്ന ദിവസത്തെക്കുറിച്ച് ‘ഇന്ന് ഒപ്പനയുള്ള ദിവസമാണെ’ന്ന് വിഎസ് തമാശ പറഞ്ഞിരുന്നു. യോഗത്തിൽ തന്നെ മാത്രം കേന്ദ്രീകരിച്ചു നടക്കുന്ന ചർച്ചകളെയും വിമർശനങ്ങളെയുമാണ് വിഎസ് അങ്ങനെ വിശേഷിപ്പിച്ചത്. 1964 ലെ പിളർപ്പിന്റെ കാലം മുതലേ പാർട്ടിയുടെ ഒപ്പമുള്ള നേതാവിനെ വിമർശിക്കുന്നതിനപ്പുറം നടപടിയെടുക്കാനും ബുദ്ധിമുട്ടായിരുന്നു. എക്കാലത്തും പാർട്ടിയുടെ അനുസരണയുള്ള ആളായിരുന്നു വിഎസ്. 2006ൽ സീറ്റു നിഷേധം ഉണ്ടായപ്പോൾ, പാർട്ടി എന്തു തീരുമാനമെടുത്താലും അംഗീകരിക്കും എന്നു മാത്രമാണ് പറഞ്ഞത്.

സിപിഎമ്മിൽനിന്നു പുറത്തു പോകാൻ വിഎസ് ഒരു കാലത്തും സന്നദ്ധനായിരുന്നില്ല. താനും കൂടി ഉണ്ടാക്കിയതാണ് ഈ പാർട്ടിയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 1964 ലെ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളിൽ ഒരാൾ അച്യുതാനന്ദൻ ആയിരുന്നു. തന്നെ അങ്ങനെയൊന്നും തൊടാൻ കഴിയുന്നവർ പാർട്ടിയിലില്ലെന്ന ഉറച്ച വിശ്വാസവും വിഎസിന് ഉണ്ടായിരുന്നു.

VS-Achuthananthan

കേരള രാഷ്ട്രീയത്തിൽ ഒരു നേതാവിനെ കാണാനും കേൾക്കാനും പതിനായിരങ്ങൾ ഒഴുകിയെത്തിയത് വിഎസിന്റെ തിരഞ്ഞെടുപ്പു യോഗങ്ങൾക്കായിരുന്നു. ‘കണ്ണേ കരളേ’ എന്ന് ആർത്തുവിളിക്കുന്ന പുരുഷാരത്തിൽ പാർട്ടിക്കാ‍ർ മാത്രമായിരുന്നില്ല. ആ കാലത്തിനു ശേഷം പിന്നീടുണ്ടായതൊക്കെ മുൻകൂർ നോട്ടിസ് നൽകി ആളെക്കൂട്ടുന്ന യോഗങ്ങളായിരുന്നു. വിഎസ് പങ്കെടുക്കുന്ന തിരഞ്ഞെടുപ്പു യോഗങ്ങൾക്കായി പാർട്ടിയിലെ ‘മറുപക്ഷ’ത്തിന്റെ കരുത്തരായ സ്ഥാനാർഥികൾ പോലും കാത്തുനിന്ന കാര്യം പറഞ്ഞാൽ നാളെ പലരും വിശ്വസിച്ചെന്നുവരില്ല. 

vs-achuthanandan-and-kk-rema

ചൂടുയർത്തിയ ടിപി കേസ്

2012 മേയ് 4ന് രാത്രിയിലാണ് ടി.പി.ചന്ദ്രശേഖരനെ വധിച്ചത്. പാതി കേരളവും ഉറക്കത്തിലായിരുന്നപ്പോഴാണ് കൊലപാതകം നടന്നത്. രാവിലത്തെ ട്രെയിനിൽ കോഴിക്കോട്ടേക്കു ടിക്കറ്റെടുക്കാൻ നിർദേശിച്ചിട്ടാണ് വിഎസ് ഉറങ്ങാൻ പോയത്. വിഎസ് എങ്ങാനും പോകുമോ എന്ന് രാത്രി മുഴുവൻ ഒരുവിഭാഗം ആകാംക്ഷയോടെ കാത്തിരുന്നു. വിഎസ് പ്രതിപക്ഷ നേതാവായിരിക്കുന്ന കാലത്താണ് വധം നടന്നത്. ഒഞ്ചിയം, ഏറാമല ഭാഗങ്ങളിലെ പാർട്ടി വിഷയങ്ങൾ തീർപ്പാക്കാൻ വിഎസ് പലവട്ടം ടി.പി.ചന്ദ്രശേഖരനെ വിളിച്ചുവരുത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു. ‘കുലംകുത്തി’യെന്ന് പിണറായി വിശേഷിച്ചപ്പോഴും ടിപിയെ പ്രിയപ്പെട്ടവനായാണ് വിഎസ് കണ്ടത്. അതുകൊണ്ടാണ് ‘എങ്ങനെ ഒരാളിനെ ഇങ്ങനെ വെട്ടിനുറുക്കാൻ കഴിഞ്ഞു’ എന്ന് വിഎസ് ചോദിച്ചത്.

ക്രൂരമായ കൊലപാതകത്തിന്റെ പേരിൽ പാർട്ടി പ്രവർത്തകരാകെ തലതാഴ്ത്തി നിന്നപ്പോൾ കോഴിക്കോട് ടൗൺഹാളിൽ എല്ലാവരും ആഗ്രഹിച്ചത് അതേ പാർട്ടിയുടെ നേതാവിനെയാണ്! വിഎസിന്റെ സാന്നിധ്യം ഉണ്ടാകുക തന്നെ ചെയ്തു. ‘ചന്ദ്രശേഖരൻ ധീരനായ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു.’ എന്ന് ടിപിയെ വിശേഷിപ്പിച്ചു. പാർട്ടി എന്തുപറയും എന്നു ചിന്തിക്കാതെ ടിപിക്ക് അന്ത്യാഭിവാദ്യം നൽകി. കുറച്ചുനാൾക്കു ശേഷം നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിന്റെ ദിവസമാണ് വടകരയിലെത്തി കെ.കെ. രമയെ കണ്ടത്. വിഎസിൽ വിശ്വാസമർപ്പിച്ച് പൊട്ടിക്കരയുന്ന രമയുടെ ചിത്രം മലയാളികളുടെ മനസ്സിൽ ആഴത്തിലാണ് പതിഞ്ഞത്. ആലപ്പുഴയിൽ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുന്നതിന്റെ തലേന്ന്, പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അച്യുതാനന്ദന് ‘പാർട്ടി വിരുദ്ധ മാനസികാവസ്ഥ’ ഉണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത് ഈ പശ്ചാത്തലത്തിലാണ്. 

pinarayi-vijayan-vs-achuthanandan

ലാവ്‌ലിൻ കേസ്

ലാവ്‌ലിൻ പോരാട്ടത്തിന്റെ മൂർധന്യത്തിലാണ് 2007 മേയിൽ പൊളിറ്റ് ബ്യൂറോയിൽനിന്ന് വിഎസും പിണറായിയും സസ്പെൻഡ് ചെയ്യപ്പെട്ടത്. വിട്ടുവീഴ്ച ചെയ്യാൻ വിഎസ് തയാറായില്ല. അതിനാൽ 2009 ജൂലൈയിൽ പിബിയിൽനിന്ന് ഒഴിവാക്കി. പിണറായി തിരിച്ചെത്തി. ലാവ്‌ലിൻ ഇടപാടിൽ മറ്റൊരു പിബി അംഗമായിരുന്ന ഇ. ബാലാനന്ദന് എതിർപ്പുണ്ടായിരുന്നു. ആ പാതയിലൂടെയാണ് പിന്നീട് വിഎസും സഞ്ചരിച്ചത്. ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളിലും പുസ്തക രചനകളിലും വിഎസിന്റെ അറിവുണ്ടായിരുന്നു എന്നതാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ക്യാപിറ്റൽ പണിഷ്മെന്റ് ആണ് വിഎസിന് നൽകേണ്ടതെന്നും അദ്ദേഹം ബിംബം ചുമക്കുന്ന കഴുതയാണെന്നും പറഞ്ഞ് അവർ രോഷം തീർത്തു. 

ഓരോ സംസ്ഥാന സമ്മേളനം കഴിയുമ്പോഴും വിഎസ് ഗ്രൂപ്പ് ചുരുങ്ങിച്ചുരുങ്ങി വന്നു. അതിനനുസരിച്ച് ഒറ്റയാൻ പ്രതിഛായയിലേക്ക് വിഎസ് മാറി. പാർട്ടിയിൽ വിഭാഗീയതയില്ലെന്നാണ് ഓരോ ഘട്ടത്തിലും നേതൃത്വം പറഞ്ഞുകൊണ്ടിരുന്നത്. 2019ൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സജീവ രാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം പിൻവാങ്ങി. വിഎസ് ഉയർത്തിയ വെല്ലുവിളി അവസാനിച്ചതോടെ പാർട്ടിയിൽ ‘വിഭാഗീയത ഇല്ലാതായി’ എന്ന് തിരുത്തി. വിഎസിന്റെ സജീവ സാന്നിധ്യത്തിൽ അങ്ങനെ പറയാൻ പാർട്ടിക്ക് ഉറപ്പുപോരായിരുന്നു. 

Pinarayi vijayan with VS Achuthanandan at CPM Kannur District Conference at Payyannur,15/01/2012,kannur, -Photo by MT Vidhuraj
Pinarayi vijayan with VS Achuthanandan at CPM Kannur District Conference at Payyannur,15/01/2012,kannur, -Photo by MT Vidhuraj

ഗ്രൂപ്പുകൾ, പരിമിതികൾ

‘വിഎസ് നല്ല നേതാവാണ്, പക്ഷേ ഒരു കല്യാണച്ചടങ്ങിനിടയിൽ പോലും ഗ്രൂപ്പുണ്ടാക്കിക്കളയും’ എന്ന് സ്വകാര്യമായി വിമർശിച്ചത് പാർട്ടിയുടെ മുതിർന്നൊരു നേതാവായിരുന്നു. എക്കാലത്തും വിഎസ് ഗ്രൂപ്പുകളുടെ ആളായിരുന്നു എന്ന വിലയിരുത്തലുണ്ട്. ഇഷ്ടമില്ലാത്തവരെ വെട്ടിനിരത്താനും മടിച്ചിട്ടില്ലെന്ന് ഇവർ വാദിക്കുന്നു. ഇതിനു പുറമെ, ഒരു ഭരണാധികാരി എന്ന നിലയിൽ ശ്രദ്ധേയമായ ഒരു നടപടിയും സ്വീകരിക്കാനായില്ല. 5 വർഷം മുഖ്യമന്ത്രി ആയിരുന്നെങ്കിലും കേരളത്തിൽ സ്വന്തം മുദ്ര പതിപ്പിച്ച സ്ഥാപനങ്ങൾ തുടങ്ങാൻ കഴിഞ്ഞില്ല. പ്രകൃതി സംരക്ഷണം പോലുള്ള പരമപ്രധാനമായ മേഖലകളിൽ വിഎസിന്റെ ഇടപെടൽ സുപ്രധാനം തന്നെയായിരുന്നു. മൂന്നാർ ഒഴിപ്പിക്കൽ പോലുള്ള നയപരമായ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹം അപാരധൈര്യം പ്രദർശിപ്പിച്ചു. അതേസമയം, അതു പൂർത്തിയാക്കാനും കഴിഞ്ഞില്ല. ഇഎംഎസ്, എകെജി, ഗൗരിയമ്മ, എം.വി.രാഘവൻ, ഇ.കെ.നായനാർ തുടങ്ങിയ പാർട്ടിയുടെ മറ്റു നേതാക്കളെപ്പോലെ കേരളത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞില്ല. സ്മാർട് സിറ്റി പോലുള്ള പദ്ധതികൾ മരവിച്ചു. പാർട്ടി അദ്ദേഹത്തിന്റെ ഇടപെടലുകൾ പരിമിതപ്പെടുത്തിയതും കാരണമായി കരുതാം. 

എവിടെപ്പോയി അഴിമതികൾ?

കേരളത്തിലെ അഴിമതികളും ഭൂമി കയ്യേറ്റങ്ങളും അവസാനിച്ചോ? വിഎസ് സജീവമല്ലാതായതോടെ പൊതുമുതൽ കൈമാറുന്നതും പരിസ്ഥിതി ലംഘനങ്ങളും കോടതിയിലെത്തുന്നില്ല. ഇതു തന്നെയാണ് വിഎസിന്റെ പ്രസക്തിയായി കാണേണ്ടത്. ‘പെൺകുട്ടികളെ നശിപ്പിച്ച മാന്യൻമാരെ കയ്യാമം വച്ച് നടത്തിക്കും’ എന്ന് ഉറപ്പോടെ പറയുന്ന രാഷ്ട്രീയ നേതൃത്വം ഇല്ലാതായി. സിപിഎമ്മിൽ നേതൃത്വത്തിന്റെ വീഴ്ചകളെ ചോദ്യം ചെയ്ത് കേന്ദ്രനേതൃത്വത്തിനെതിരെ കത്തുകളയയ്ക്കാൻ ആളില്ലാതായി. ഒരുപക്ഷേ സിപിഎമ്മിൽ ഇത്രയധികം ശാസനകളോ സസ്പെൻഷനുകളോ പുറത്താക്കലുകളോ നേരിട്ട ഒരു മുതിർന്ന നേതാവ് ഉണ്ടാവില്ല. 1966 ൽ പൂജപ്പുര ജയിലിലായിരിക്കെ ഉണ്ടായ ‘രക്തദാന വിവാദ’ത്തെ തുടർന്നുണ്ടായ നടപടി മുതൽ തുടർച്ചയായ അച്ചടക്ക ലംഘനത്തിന് 2017ൽ കേന്ദ്ര കമ്മിറ്റി നൽകിയ പരസ്യമായ ശാസന വരെ എത്രയോ നടപടികൾ അദ്ദേഹം നേരിട്ടു. ഉൾപ്പാർട്ടി ചർച്ചകളുടെ പേരിൽ മുകളിൽ നിന്നുള്ള നിർദേശങ്ങൾ അംഗീകരിക്കുന്ന പാർട്ടിയിൽ എതിരഭിപ്രായങ്ങളുടെ ഒരു പ്രളയം തന്നെ സൃഷ്ടിച്ചു. അതാണ് വിഎസിനെ വേറിട്ടു നിർത്തുന്നത്. പാർട്ടിക്കും ജനാധിപത്യ സമ്പ്രദായങ്ങൾക്കും അതു നൽകിയത് ഉണർവായിരുന്നു.

English Summary:

write up about v s achuthanandan s life and struggle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com