ADVERTISEMENT

ഇസ്​ലാമാബാദ്∙ നാലുവര്‍ഷമായി ലണ്ടനില്‍ കഴിയുകയായിരുന്ന പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്നു നാട്ടില്‍ തിരിച്ചെത്തി. ബന്ധുക്കള്‍ക്കും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പം ചാര്‍ട്ടേഡ് വിമാനത്തിലാണ് ദുബായില്‍നിന്ന് നവാസ് ഷെരീഫ് പാക്കിസ്ഥാന്റെ മണ്ണില്‍ തിരിച്ചെത്തിയത്.

ഇന്നു വൈകിട്ട് ലഹോറില്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്‌നവാസ് (പിഎംഎല്‍-എന്‍) സംഘടിപ്പിക്കുന്ന റാലിയില്‍ ഷരീഫ് പ്രസംഗിക്കും. ലണ്ടനില്‍നിന്നുള്ള യാത്രാമധ്യേ രണ്ടുദിവസം മുന്‍പ് പ്രത്യേകവിമാനത്തില്‍ ദുബായിലെത്തിയ നവാസ് ഷരീഫ് അവിടെവച്ചു വിവിധ സംഘടനാനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 24 വരെ അറസ്റ്റ് തടഞ്ഞുള്ള ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി നവാസിന് അനുവദിച്ചിരുന്നു. ആദ്യം തലസ്ഥാനമായ ഇസ്​ലാമാബാദില്‍ എത്തുന്ന നവാസ് അവിടെനിന്ന് ലാഹോറിലേക്കു പോകും. നവാസ് ഷെരീഫ് തിരിച്ചെത്തുമ്പോള്‍ സ്വീകരണം ഉജ്വലമാക്കാന്‍ ഇളയ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.

ജനുവരി അവസാനം നടക്കുന്ന തിരഞ്ഞെടുപ്പില്‍ നവാസിന്റെ സാന്നിധ്യം അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിക്കുമെന്നാണ് പിഎംഎല്‍ എന്‍ വിലയിരുത്തല്‍. നവാസ് പ്രചാരണത്തിനു നേതൃത്വം നല്‍കുമെന്നും ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്നും ഷഹബാസ് നേരത്തേ വ്യക്തമാക്കിയിരുന്നു. മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് (73) അഴിമതിക്കേസില്‍ 7 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു ലഹോര്‍ ജയിലില്‍ കഴിയവേയാണു ചികിത്സാര്‍ഥം 2019 നവംബറില്‍ ലണ്ടനിലേക്കു പോയത്. കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഭീഷണി ഒഴിവായെങ്കിലും ശിക്ഷ നിലനില്‍ക്കുന്നത് നവാസ് വിഭാഗത്തിന് ആശങ്കയാണ്. 

English Summary:

Ex-Pak PM Nawaz Sharif To Return Home Today After Four Years Of Self-Exile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com