ADVERTISEMENT

ചെന്നൈ∙ ബിജെപിയുമായുള്ള കാൽ നൂറ്റാണ്ടു കാലത്തെ ബന്ധം ഉപേക്ഷിച്ച് നടി ഗൗതമി. തന്റെ പണം തട്ടിയെടുത്ത സി. അഴകപ്പൻ എന്നയാളെ ബിജെപി നേതാക്കൾ പിന്തുണയ്‌ക്കുന്നു എന്നാരോപിച്ചാണ് നടി ബിജെപി വിട്ടത്. പ്രതിസന്ധി ഘട്ടത്തിൽ ബിജെപിയിൽനിന്നും പിന്തുണ ലഭിച്ചില്ലെന്ന് ഗൗതമി കുറ്റപ്പെടുത്തി. രാജപാളയം നിയമസഭാ മണ്ഡലത്തിൽ സീറ്റ് നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ചതായും ഗൗതമി ആരോപിച്ചു. പണം തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് നീതി ലഭിക്കുന്ന കാര്യത്തിൽ തമിഴ്‍‌നാട് സർക്കാരിൽ വിശ്വാസമർപ്പിക്കുന്നതായും ഗൗതമി വ്യക്തമാക്കി.

25 കോടി രൂപയുടെ സ്വത്ത് വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ബിൽഡറായ അഴകപ്പൻ, ഭാര്യ എന്നിവർക്ക് എതിരെയായിരുന്നു പരാതി. തനിക്കും മകൾക്കും വധഭീഷണിയുണ്ടെന്നും ഗൗതമി പരാതിയിൽ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ആവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു. അതു വിൽക്കാൻ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും വാഗ്‌ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും അഴഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമി പരാതിയിൽ പറയുന്നത്.

നടൻ‌ കമൽഹാസനുമായി പിരിഞ്ഞ ശേഷം മകൾ സുബ്ബലക്ഷ്മിക്കൊപ്പമാണ് ഗൗതമിയുടെ താമസം. 1998ല്‍ വ്യവസായിയായ സന്ദീപ് ഭാട്ടിയയെ ഗൗതമി വിവാഹം ചെയ്തുവെങ്കിലും ഒരു വര്‍ഷത്തിനകം ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. സുബ്ബലക്ഷ്മി ഏക മകളാണ്.

ഗൗതമി പങ്കുവച്ച കത്തിൽനിന്ന്:

‘‘ഏറ്റവും വലിയ ഹൃദയഭാരത്തോടും വേദനയോടും കൂടിയാണ് ബിജെപി അംഗത്വം രാജിവയ്ക്കാനുള്ള തീരുമാനം ഞാൻ കൈക്കൊണ്ടത്. രാഷ്ട്രനിർമാണത്തിൽ എന്റേതായ സംഭാവന ഉറപ്പാക്കുന്നതിനാണ് 25 വർഷം മുൻപ് ഞാൻ ബിജെപിയിൽ ചേർന്നത്. ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, ആ ലക്ഷ്യത്തിനായി എക്കാലത്തും ഞാൻ അധ്വാനിച്ചിട്ടുണ്ട്. എന്നിട്ടും ഇന്നിതാ, എന്റെ ജീവിതത്തിലെ ഊഹിക്കാൻ പോലും സാധിക്കാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഞാൻ. ആ പ്രതിസന്ധിയിൽ പാർട്ടിയുടെയോ നേതാക്കളുടെയോ പിന്തുണ എനിക്കു ലഭിക്കുന്നില്ലെന്നു മാത്രമല്ല, എന്റെ സമ്പാദ്യം തട്ടിയെടുത്ത് വഞ്ചിച്ച വ്യക്തിയെ അവരിൽ പലരും ഇപ്പോഴും സജീവമായി പിന്തുണയ്ക്കുന്നുവെന്നും ഞാൻ മനസ്സിലാക്കുന്നു. 

വെറും 17 വയസ് മാത്രമുള്ള കാലം മുതൽ ഞാൻ അധ്വാനിക്കുന്നതാണ്. 37 വർഷം നീണ്ടുനിൽക്കുന്ന കരിയറിൽ സിനിമ, ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ മീഡിയ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്തു. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ സാമ്പത്തികമായി സുരക്ഷിതമായ നിലയിൽ എത്തുന്നതിനും എന്റെ മകളുടെ ഭാവി ശോഭനമാക്കുന്നതിനുമാണ് ഇക്കാലമത്രയും ഞാൻ കഷ്ടപ്പെട്ടത്. ഞാനും എന്റെ മകളും ജീവിതത്തിൽ സാമ്പത്തികമായി ഏറ്റവും മെച്ചപ്പെട്ട രീതിയിൽ ജീവിക്കേണ്ട ഈ ഘട്ടത്തിൽ, സി. അഴകപ്പൻ എന്ന വ്യക്തി എന്റെ പണവും സ്വത്തും രേഖകളുമെല്ലാം എന്നെ വഞ്ചിച്ച് സ്വന്തമാക്കിയിരിക്കുന്നു.

മാതാപിതാക്കളെ രണ്ടു പേരെയും നഷ്ടപ്പെട്ട്, ഒരു കുഞ്ഞിന്റെ സിംഗിൾ മദർ എന്ന നിലയിൽ ഞാൻ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്ന കാലത്താണ്, അതെല്ലാം മനസ്സിലാക്കി 20 വർഷം മുൻപ് അഴകപ്പൻ എന്റെ അടുത്തെത്തുന്നത്. എന്നെ പൂർണമായും കരുതുന്ന ഒരു മുതിർന്ന സഹോദരനെന്ന വ്യാജേനയാണ് അയാളും കുടുംബവും എന്റെ ജീവിതത്തിന്റെ ഭാഗമായത്. അങ്ങനെയാണ് എന്റെ സ്വത്തുക്കളുടെ സമ്പൂർണമായ മേൽനോട്ടവും വിൽപ്പന ഉൾപ്പെടെയുള്ള കാര്യങ്ങളും ഞാൻ അയാളെ ഏൽപ്പിച്ചത്. എന്നാൽ, അന്നുമുതൽ അയാൾ എന്നെ വഞ്ചിക്കുകയായിരുന്നു എന്ന സത്യം അടുത്തിടെയാണ് ഞാൻ മനസ്സിലാക്കിയത്. സ്വന്തം കുടുംബത്തിന്റെ ഭാഗമായിട്ടാണ് എന്നെയും മകളെയും കാണുന്നതെന്ന് സമർഥമായി വിശ്വസിപ്പിച്ചായിരുന്നു എല്ലാ തട്ടിപ്പും.

ഏതൊരു ഇന്ത്യൻ പൗരനെയും പോലെ, എന്റെ പണവും സ്വത്തും രേഖകളും തിരികെ ലഭിക്കുന്നതിനായി ഞാൻ രാജ്യത്തിന്റെ നിയമ സംവിധാനത്തെ സമീപിച്ചു. നീതി ലഭിക്കുമെന്ന പൂർണ വിശ്വാസത്തോടെയായിരുന്നു ഇത്. എന്റെ മുഖ്യമന്ത്രിയെയും നിയമ വ്യവസ്ഥയെയും പൊലീസ് സംവിധാനത്തെയും പൂർണമായി വിശ്വസിച്ച് ഒട്ടേറെ പരാതികളാണ് ഞാൻ നൽകിയത്. എന്നിട്ടും നീതി ലഭിക്കുന്നതിൽ വലിയ കാലതാമസമാണ് നേരിടുന്നത്.

2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് രാജപാളയം മണ്ഡലത്തിന്റെ പൂർണമായ ഉത്തരവാദിത്തം ബിജെപി എന്നെയാണ് ഏൽപ്പിച്ചിരുന്നത്. അവിടെ മത്സരിക്കാൻ സീറ്റു നൽകാമെന്നും വ്യക്തമാക്കിയിരുന്നു. അവിടുന്നങ്ങോട്ട് രാജപാളയത്തെ ജനങ്ങളുടെ പുരോഗതിക്കായും അവിടെ ബിജെപിയെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനുമായി ഞാൻ പരിശ്രമിച്ചു. എന്നാൽ, എന്നെ സ്ഥാനാർഥിയാക്കാമെന്ന വാഗ്ദാനം അവസാന നിമിഷം അവർ മറന്നു. എന്നിട്ടും പാർട്ടിയോടുള്ള എന്റെ കൂറ് ഞാൻ മറന്നില്ല. 25 വർഷത്തോളം ആ പാർട്ടിയിൽ ഞാൻ അടിയുറച്ചു നിന്നെങ്കിലും എനിക്ക് അവരിൽനിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല. മാത്രമല്ല, എന്റെ സ്വത്തു തട്ടിയെടുത്ത അഴകപ്പനെ കഴിഞ്ഞ 40 ദിവസമായി നിയമത്തിനു മുന്നിൽ വരാതെ മറഞ്ഞിരിക്കാൻ അവരിൽ പലരും സഹായിക്കുകയും ചെയ്യുന്നു. എങ്കിലും ഞാൻ തേടുന്ന നീതി ഇവിടുത്തെ മുഖ്യമന്ത്രിയിൽ നിന്നും നീതിന്യായ വ്യവസ്ഥയിൽനിന്നും പൊലീസ് സംവിധാനത്തിൽ നിന്നും ലഭിക്കുമെന്ന പ്രത്യാശ എനിക്കുണ്ട്. 

വളരെ വിഷമത്തോടും ഖേദത്തോടും അതേസമയം ഉറച്ച മനസ്സോടെയുമാണ് ഞാൻ ഈ രാജിക്കത്ത് എഴുതുന്നത്. ഏകയായ സ്ത്രീയെന്ന നിലയിലും ഒരു സിംഗിൾ മദറെന്ന നിലയിലും എനിക്കായും എന്റെ മകളുടെ ഭാവിക്കായുമാണ് എന്റെ പോരാട്ടം.

English Summary:

Actress Gauthami Resigns from BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com