ADVERTISEMENT

ചെങ്ങന്നൂർ∙ വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് യാത്രാക്ലേശം രൂക്ഷമാക്കുന്നുവെന്ന പരാതിയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ട്രെയിനുകൾ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട പരാതികൾ പുതിയ റെയിൽവേ ടൈംടേബിൾ വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് മുരളീധരൻ വ്യക്തമാക്കി. ഇവിടെ സ്റ്റോപ് അനുവദിച്ചശേഷം ആദ്യമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ വന്ദേഭാരതിന് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

‘റെയിൽവേയുടെ ടൈംടേബിൾ റിവിഷൻ വർഷത്തിൽ രണ്ടു തവണയാണ് സാധാരണ നടക്കുന്നത്. റെയിൽവേ ടൈംടേബിൾ റിവിഷൻ നടക്കുന്നതിനിടെയാണ് നമ്മുടെ വന്ദേഭാരത് ട്രെയിൻ വന്നത്. രണ്ടു വഴികളാണ് റെയിൽവേയുടെ മുന്നിൽ ഉണ്ടായിരുന്നത്. ഒന്നെങ്കിൽ‌ റെയിൽവേയുടെ ടൈംടേബിൾ റിവിഷൻ വരെ വന്ദേഭാരത് ആരംഭിക്കേണ്ട എന്ന് തീരുമാനിക്കുക. അല്ലെങ്കിൽ ടൈംടേബിൾ റിവിഷൻ വരെയുള്ള കുറച്ച് സമയം അതിനു വേണ്ടി ബാക്കിയുള്ള ക്രമീകരണങ്ങൾ നടത്തുക.’

‘ടൈംടേബിൾ റിവിഷൻ നടക്കുമ്പോൾ ഈ പ്രശ്നം പൂർണമായും പരിഹരിക്കപ്പെടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സാധാരണ ഗതിയില്‍ ആറു മാസം കൂടുമ്പോഴാണ് റെയില്‍വേ ടൈംടേബിള്‍ പുതുക്കുന്നത്. ഒക്ടോബര്‍ ഒന്നിനാണ് ഒടുവിലായി ടൈം ടേബിള്‍ പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ആറു മാസം ഇനിയും വൈകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.’ – മുരളീധരൻ ചൂണ്ടിക്കാട്ടി.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരതിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. സ്റ്റോപ് അനുവദിച്ചശേഷം ഇന്നു രാവിലെ 6.53നാണ് ട്രെയിന്‍ ചെങ്ങന്നൂരിലെത്തിയത്. മുരളീധരനു പുറമേ കൊടിക്കുന്നിൽ സുരേഷ് എംപിയും സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ് അനുവദിച്ചത് ഏറ്റവും ഉചിതമായ സമയത്താണെന്നും മുരളീധരൻ പറഞ്ഞു. ചെങ്ങന്നൂർ ശബരിമല തീർഥാടകരുടെ ഏറ്റവും സുപ്രധാനമായ കേന്ദ്രമെന്ന നിലയിൽ, ഈ സ്റ്റേഷനിൽനിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ശബരിമലയിലേക്കു പോകുന്നതെന്ന് റെയിൽവേ മന്ത്രിയും പ്രധാനമന്ത്രിയും തിരിച്ചറിഞ്ഞുകൊണ്ടാണ് ശബരിമല തീർഥാടനം ആരംഭിക്കുന്നതിന് മുൻപുതന്നെ ഇവിടെ സ്റ്റോപ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിന് എതിരെ മനുഷ്യാവകാശ കമ്മിഷൻ രംഗത്തു വന്നിരുന്നു. വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതു കാരണം മലബാറിലെ ഹ്രസ്വദൂര യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ 15 ദിവസത്തിനകം യാത്രാകേശം പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com