ADVERTISEMENT

ഗാസ∙ ഇസ്രയേൽ സൈന്യം ഗാസയിൽ കടന്നുകയറി നേരിട്ട് ആക്രമണം ആരംഭിച്ചതിനു പിന്നാലെ രണ്ടു ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. വയോധികരായ രണ്ട് ഇസ്രയേലി സ്ത്രീകളെയാണ് ഹമാസ് ഇന്നു വിട്ടയച്ചത്. നൂറിത് കൂപ്പർ (79), യോചേവദ് ലിഫ്ഷിറ്റ്സ് (85) എന്നിവരെയാണ് മോചിപ്പിച്ചത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ മാനുഷിക പരിഗണന വച്ചാണ് ഇവരെ മോചിപ്പിച്ചതെന്ന് ഹമാസ് പ്രതികരിച്ചു. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ടെൽ അവീവിലേക്കു മാറ്റി.

അതേസമയം, ഇന്നു മോചിപ്പിച്ച രണ്ടു പേരുടെയും ഭർത്താക്കൻമാർ ബന്ദികളായി തുടരുകയാണ്. നൂറിത്തിന്റെ ഭർത്താവ് അമിറം (85), ലിഫ്ഷിറ്റ്സിന്റെ ഭർത്താവ് ഓബദ് (83) എന്നിവരാണ് ബന്ദികളുടെ കൂട്ടത്തിലുള്ളതെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു. ആകെ 222 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് ഇസ്രയേൽ നൽകുന്ന വിവരം.

ഹമാസ് മോചിപ്പിച്ച ഇസ്രയേൽ വനിതകളായ നൂറിത് കൂപ്പർ , യോചേവദ് ലിഫ്ഷിറ്റ്സ് എന്നിവർ. (Photo: Videograb/Al-Qassam Brigades, military wing of Hamas/Handout via REUTERS)
ഹമാസ് മോചിപ്പിച്ച ഇസ്രയേൽ വനിതകളായ നൂറിത് കൂപ്പർ , യോചേവദ് ലിഫ്ഷിറ്റ്സ് എന്നിവർ. (Photo: Videograb/Al-Qassam Brigades, military wing of Hamas/Handout via REUTERS)

ഖത്തറിന്റെയും ഈജിപ്‌‍തിന്റെയും മധ്യസ്ഥശ്രമങ്ങളെ തുടർന്നാണ് രണ്ടു പേരെക്കൂടി മോചിപ്പിക്കാൻ ഹമാസ് തയാറായത്. ബന്ദികളുടെ മോചനത്തിനായി നടത്തിയ ശ്രമങ്ങൾക്ക് ഈജിപ്തിനും, അവരെ ഇസ്രയേലിൽ തിരിച്ചെത്തിക്കാൻ സഹായിച്ചതിന് റെഡ് ക്രോസിനും ഇസ്രയേൽ നന്ദിയറിയിച്ചു. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം യുഎസിൽ നിന്നുള്ള രണ്ടു സ്ത്രീകളേയും ഹമാസ് മോചിപ്പിച്ചിരുന്നു. ജൂഡിത് റാനൻ, മകൾ നതാലി എന്നിവരെയാണ് അന്നു മോചിപ്പിച്ചത്.

∙ കൂടുതൽ ബന്ദികളെ മോചിപ്പിച്ചേക്കും

ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം തുടങ്ങിയതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ആകെ 222 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് ഇസ്രയേൽ കരുതുന്നത്. ഇവരിൽ 50 പേരെ അധികം വൈകാതെ ഹമാസ് മോചിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റെഡ് ക്രോസ് പ്രതിനിധികളുടെ ഇടപെടലിൽ ഇരട്ട പൗരന്മാരായ ബന്ദികളെ മോചിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

യോചേവദ് ലിഫ്ഷിറ്റ്സ് ഭർത്താവിനൊപ്പം(Daniel Lifshitz archive/Handout via REUTERS)
യോചേവദ് ലിഫ്ഷിറ്റ്സ് ഭർത്താവിനൊപ്പം(Daniel Lifshitz archive/Handout via REUTERS)

ഹമാസിന്റെ പിടിയിലുള്ള ബന്ദികളിൽ ഏറിയ ഭാഗവും ഗാസയിലാണുള്ളതെന്നാണ് വിവരം. ഇവരിൽ കൊച്ചു കുട്ടികളും മുതിർന്നവരും സൈനികരുമുണ്ട്. ഒക്ടോബർ ഏഴിന് അതിർത്തിയോടു ചേർന്ന് മരുഭൂമിയിൽ നടന്ന സംഗീത വേദിയിൽ ആക്രമണം നടത്തി ബന്ദികളാക്കിയവരാണ് ഇവരിൽ കൂടുതൽ പേരും. പിടികൂടിയ ബന്ദികളിൽ ചിലരുടെ വിഡിയോ ദൃശ്യങ്ങൾ ഹമാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഗാസയിൽത്തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലും ടണലുകളിലുമാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്നാണ് ഹമാസിന്റെ നിലപാട്.

ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്ന പ്രദേശവാസികൾ Photo by MAHMUD HAMS / AFP
ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്ന പ്രദേശവാസികൾ Photo by MAHMUD HAMS / AFP

∙ ഗാസയിൽ മരണം 5000 കടന്നു

കഴിഞ്ഞ  24 മണിക്കൂറിനിടെ 436 പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രിത ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗാസയിൽ ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കടന്നു. കൊല്ലപ്പെട്ടവരിൽ പകുതിയോളം കുട്ടികളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 7ന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേൽ തിരിച്ചടിക്കാൻ ആരംഭിച്ചത്. ഹമാസ് ആക്രമണത്തിൽ 1,400ലേറെപ്പേർ ഇസ്രയേലില്‍ കൊല്ലപ്പെട്ടു.

ഹമാസ് താവളമാക്കിയിരിക്കുന്ന ടണലുകളിൽ ഉൾപ്പെടെ ആക്രമണം നടത്തിയതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിനിടെ ഹമാസിന്റെ രണ്ടു ഡ്രോണുകൾ തകർത്തെന്നും ഇസ്രയേൽ സേന വ്യക്തമാക്കി. ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യത്തെ നേരിട്ടതായി ഹമാസ് സ്ഥിരീകരിച്ചെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. ഗാസയിലെ ആൾപ്പാർപ്പുള്ള മേഖലകളിലും വിവിധ ആശുപത്രികള്‍ക്കു നേരെയും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ നൂറുകണക്കിനു സാധാരണക്കാർ കൊല്ലപ്പെട്ടതായി പലസ്തീനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു.

നേരത്തെ വടക്കൻ ഗാസയിൽനിന്ന് പലായനം ചെയ്യാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്ന് ഇസ്രയേൽ മുന്നയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. അതിർത്തിയിൽ വിന്യസിച്ചിരുന്ന സൈനിക ടാങ്കുകൾ ഗാസയിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം വിശദീകരിച്ചു.

English Summary:

Hamas releases two captives as Israel pounds Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com