ADVERTISEMENT

മണ്ണുത്തി ∙ മാടക്കത്തറ പഞ്ചായത്തിലെ ചിറക്കേക്കോട്ട് പിതാവ് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൊട്ടേക്കാടൻ വീട്ടിൽ ജോജിയുടെ ഭാര്യ ലിജി (32) ആണ് ഇന്നു മരിച്ചത്. ജോജി (39), മകൻ തെൻഡുൽക്കർ (12) എന്നിവർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. തീ കൊളുത്തിയ പിതാവ് ജോൺസൻ (68) വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ഒരാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങിയിരുന്നു.

സെപ്റ്റംബർ 14നു പുലർച്ചെ 12.30നാണു മകന്റെ കുടുംബം ഉറങ്ങുന്ന മുറിയിലേക്കു ജനലിലൂടെ ജോൺസൺ പെട്രോൾ ഒഴിച്ചത്. ഭാര്യ സാറ ഉറങ്ങുന്ന മുറി പൂട്ടിയിട്ട ശേഷമായിരുന്നു ഇയാൾ പെട്രോളുമായി മകന്റെ മുറിയിലേക്കു പോയത്. ഏതാനും വർഷങ്ങളായി ജോൺസനും മകനും തമ്മിൽ ഇടയ്ക്കിടെ തർക്കം ഉണ്ടാകാറുണ്ടായിരുന്നെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ഇടക്കാലത്തു വാടകവീട്ടിലേക്കു മാറിയ ജോജിയും കുടുംബവും ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്നു 2 വർഷം മുൻപാണു തറവാട്ടിൽ മടങ്ങിയെത്തിയത്.

മരിച്ച ജോജിയും മകൻ ടെൻഡുൽക്കറും.
മരിച്ച ജോജിയും മകൻ ടെൻഡുൽക്കറും.

സമീപവാസികളാണ് ആംബുലൻസ് വിളിച്ചുവരുത്തി പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ജൂബിലി മിഷനിലും പിന്നീട് എറണാകുളം മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചെങ്കിലും ജോജിയും തെൻഡുൽക്കറും അന്നു തന്നെ മരിച്ചു. തീയാളുന്നതു കണ്ട് രക്ഷാപ്രവർത്തനത്തിനെത്തിയ ജോൺസൻ ആക്രമിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. വീട്ടിലെ മോട്ടർ തകർത്തതും ജോജി കിടന്ന മുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടിയതും കൃത്യം ആസൂത്രിതമായി നടത്തിയതിനു തെളിവായി. മൂന്നുപേരും കിടന്ന കിടക്കയിൽ തീ പടർന്നതോടെ ഇവരെ പുറത്തെടുക്കുന്നതിനും ഏറെ ബുദ്ധിമുട്ടി.

തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ കണ്ടെത്തിയത്. ഇയാളെ ഉടൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഒരാഴ്ചയ്‌ക്കു ശേഷം മരിച്ചു. ലോറി ഡ്രൈവറായ ജോജിക്കു പുറമേ ജോൺസന് ഒരു മകനും മകളുമുണ്ട്. തളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു തെൻഡുൽക്കർ.

English Summary:

Man sets Son and Family on fire Four Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com