ADVERTISEMENT

കൊച്ചി ∙ ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റെന്നു സംശയിക്കുന്ന യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി.നായരാണ് (22) മരിച്ചത്. കെഎസ്ഇബി റിട്ട. ഓവർസിയറും കെടിയുസി (എം) പാലാ ടൗൺ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയിൽ കെ.കെ.ദിവാകരൻ നായരുടെയും എം.പി.സിൽവിയുടെയും മകനാണ്. സഹോദരങ്ങൾ: കാർത്തിക്, ഭവ്യ. സംസ്കാരം പിന്നീട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനി ജീവനക്കാരനായ രാഹുൽ ചിറ്റേത്തുകരയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു. മാവേലിപുരം ലേ ഹയാത്ത് ഹോട്ടലിൽനിന്ന് 18ന് ഓൺലൈൻ ഓർഡറിലൂടെ വരുത്തിയ ഷവർമ കഴിച്ചതിനു ശേഷമാണു രാഹുൽ അവശനിലയിലായതെന്ന് ബന്ധുക്കൾ പറഞ്ഞു. 19ന് ചികിത്സ തേടിയ ശേഷം താമസസ്ഥലത്തു മടങ്ങിയെത്തിയ രാഹുൽ അവശനിലയിലായതിനെ തുടർന്ന് 22ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

യുവാവിന് വിഷബാധ ഉണ്ടായിട്ടുണ്ടെന്നും ഷവർമ വഴിയാണോ സംഭവിച്ചതെന്ന് പരിശോധനാഫലം വന്ന ശേഷമേ വ്യക്തമാകൂയെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലായി. ഹൃദയാഘാതവുമുണ്ടായി.  തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് ഹോട്ടൽ അടച്ചു. ഹോട്ടലുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസിന്റെ ഫൊറൻസിക് വിഭാഗവും പരിശോധന നടത്തിയെങ്കിലും അന്നത്തെ ഷവർമ സാംപിൾ ലഭ്യമായില്ല. ഹോട്ടലിലുണ്ടായിരുന്ന ഭക്ഷണത്തിന്റെ സാംപിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു.

English Summary:

A young man suspected of food poisoning after eating Shawarma in Kochi died while undergoing treatment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com