ADVERTISEMENT

ആദ്യകാലങ്ങളിൽ ഇന്ത്യയോട് ഇടഞ്ഞുനിന്ന നാട്ടുരാജ്യം, തുടർന്ന് ഹൈദരാബാദ് സംസ്‌ഥാനവും സ്വന്തം നിയമസഭയും, പിന്നാലെ ആന്ധ്രയിലേക്കു ലയനം, ഒടുവിൽ പുതു സംസ്‌ഥാനമായി മറുപിറവി - തെലങ്കാന സംസ്ഥാനത്തിന്റെ പിറവിയിലേക്കുള്ള നാൾവഴി ഇങ്ങനെ ചുരുക്കാം. തെലങ്കാന മേഖലയുടെ പിന്നാക്കാവസ്‌ഥയിൽ ചൂടുപിടിച്ച ജനരോഷത്തെ തുടർന്ന് ദശകങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ, ഭാഷാടിസ്‌ഥാനത്തിൽ ഇന്ത്യയിൽ രൂപംകൊണ്ട ആദ്യ സംസ്‌ഥാനമായ ആന്ധ്രപ്രദേശ് വിഭജിച്ചാണ് തെലങ്കാന സംസ്‌ഥാനം യാഥാർഥ്യമായത്. 2014 ജൂൺ രണ്ടിന് നിലവിൽവന്ന തെലങ്കാന, രാജ്യത്തെ ഇരുപത്തിയൊൻപതാം സംസ്‌ഥാനമാണ്.

സംസ്ഥാനം രൂപീകരിച്ചതിന്റെ ക്രെഡിറ്റ് 2009 മുതൽ പ്രക്ഷോഭങ്ങൾക്കു പുതുജീവൻ പകർന്ന തെലങ്കാന രാഷ്ട്ര സമിതി (ഇപ്പോൾ ഭാരതീയ രാഷ്ട്രസമിതി) സ്ഥാപകനും അധ്യക്ഷനുമായ കെസിആർ എന്ന കൽവാകുന്തള ചന്ദ്രശേഖർ റാവുവിനും അക്കാലത്ത് കേന്ദ്രത്തിൽ ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസിനും അവകാശപ്പെട്ടതാണെങ്കിലും നേട്ടം കയ്യടക്കാൻ തെലങ്കാന രാഷ്ട്ര സമിതിക്കു സാധിച്ചു. 2014 മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി സംസ്ഥാനഭരണം പിടിച്ചു. ആകെയുള്ള 119 സീറ്റുകളിൽ 63 എണ്ണമാണ് തെലങ്കാന രാഷ്ട്ര സമിതി നേടിയത്. 21 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് മുഖ്യപ്രതിപക്ഷമായി. തെലുങ്കുദേശം പാർട്ടി (ടിഡിപി) – 15 സീറ്റ്, എഐഎംഐഎം – 7, ബിജെപി – 5, വൈഎസ്ആർ കോൺഗ്രസ് – 3, ബിഎസ്പി – 2, സിപിഎം – 1, സിപിഐ – 1, സ്വതന്ത്രൻ – 1 എന്നിങ്ങനെയായിരുന്നു സീറ്റെണ്ണം. കെ. ചന്ദ്രശേഖര റാവു തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി.

2019 ജൂൺ വരെ കാലാവധിയുണ്ടായിരുന്നെങ്കിലും നിയമസഭ പിരിച്ചുവിടാൻ 2018 സെപ്റ്റംബറിൽ ചന്ദ്രശേഖര റാവു തീരുമാനിച്ചു. ശക്തമായ പ്രതിപക്ഷമില്ലാത്തതും മികച്ച മുഖ്യമന്ത്രി സ്ഥാനാർഥിയില്ലാത്തതും തിരഞ്ഞെടുപ്പിന് തയാറെടുക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് സമയം നൽകാതിരിക്കുകയെന്ന തന്ത്രവുമായിരുന്നു കാലാവധി അവസാനിക്കാൻ ഒൻപതു മാസം ശേഷിക്കെ നിയമസഭ പിരിച്ചുവിടാൻ ചന്ദ്രശേഖര റാവുവിനെ പ്രേരിപ്പിച്ച ഘടകങ്ങൾ. ചന്ദ്രശേഖര റാവുവിന്റെ അപ്രതീക്ഷിത നീക്കത്തിൽ പകച്ചെങ്കിലും കോൺഗ്രസും പരമ്പരാഗത എതിരാളികളായ ടിഡിപിയും തമ്മിൽ സഖ്യം രൂപീകരിച്ചു. സിപിഐയും തെലങ്കാന ജനസമിതിയും സഖ്യത്തിന്റെ ഭാഗമായി. 

അധികാരത്തിലേക്കു തിരിച്ചുവരാമെന്ന ചന്ദ്രശേഖര റാവുവിന്റെ ആത്മവിശ്വാസം തെറ്റിയില്ല. 2018 ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, മുൻ തിരഞ്ഞെടുപ്പിനെക്കാൾ 25 സീറ്റുകൾ കൂടി വർധിപ്പിച്ച് 88 സീറ്റുകളുമായി തെലങ്കാന രാഷ്ട്ര സമിതി തുടർഭരണം ഉറപ്പാക്കി. 21 അംഗങ്ങൾ ഉണ്ടായിരുന്ന കോൺഗ്രസ് 2 സീറ്റുകൾ കുറഞ്ഞ് 19 ൽ ഒതുങ്ങി. എഐഎംഐഎം മുൻ തിരഞ്ഞെടുപ്പിലെ 7 എന്ന സീറ്റെണ്ണം നിലനിർത്തി. ടിഡിപി 15 സീറ്റിൽനിന്ന് രണ്ടിലേക്ക് ഒതുങ്ങി. ബിജെപിയും ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കും സ്വതന്ത്രനും ഓരോ സീറ്റു വീതം നേടി. മിന്നുന്ന ജയത്തോടെ ചന്ദ്രശേഖർ റാവു രണ്ടാമതും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 

2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റുകളിൽ 9 എണ്ണം നേടി ടിആർഎസ് മേൽക്കൈ നേടിയിരുന്നു. ബിജെപി – 4, കോൺഗ്രസ് – 3, എഐഎംഐഎം – 1 എന്നിങ്ങനെയായിരുന്നു മറ്റു കക്ഷികളുടെ സീറ്റുനില. 2014ൽ ടിആർഎസ് – 11, കോൺഗ്രസ് – 2, ടിഡിപി, ബിജെപി, വൈ.എസ്.ആർ കോൺഗ്രസ്, എഐഎംഐഎം എന്നീ കക്ഷികൾ ഓരോ സീറ്റ് എന്നിങ്ങനെയായിരുന്നു നില.

k-chandrashekar-rao-1
കെ.ചന്ദ്രശേഖർ റാവു

2020 ഡിസംബറിൽ നടന്ന ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി ആദ്യമായി കടുത്ത പരീക്ഷണം നേരിട്ടു. ദേശീയ നേതാക്കളെ ഉൾപ്പെടെ രംഗത്തിറക്കി ബിജെപി അതിതീവ്ര പ്രചാരണം അഴിച്ചുവിട്ടു. കേന്ദ്ര സർക്കാരിലെ രണ്ടാമനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി പാർട്ടിയിലെ നേതൃനിരയാകെ പ്രചാരണത്തിനിറങ്ങി. കോവിഡ് വാക്സീൻ നിർമാതാക്കളായ ബയോടെക്കിന്റെ ലാബ് സന്ദർശിക്കാൻ ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോർപറേഷൻ തിരഞ്ഞെടുപ്പു യോഗത്തിലും പ്രസംഗിച്ചു. പൊതുതിരഞ്ഞെടുപ്പിനു സമാനമായ വാശിയോടെ ബിജെപി നടത്തിയ പ്രചാരണം ടിആർഎസ് വോട്ടുബാങ്കിൽ കാര്യമായ വിള്ളലുണ്ടാക്കി. ആകെയുള്ള 150 വാർഡുകളിൽ 55 എണ്ണത്തിൽ മാത്രമാണ് പാർട്ടിക്കു ജയിക്കാനായത്. ബിജെപി 48 വാർഡിലും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം 44 വാർഡിലും കോൺഗ്രസ് രണ്ടിടത്തും ജയിച്ചു. കോർപറേഷനിൽ എഐഎംഐഎം പിന്തുണയോടെയാണ് ടിആർഎസ് ഭരണമുറപ്പിച്ചത്. തെലങ്കാനയിൽ ഒതുങ്ങിനിൽക്കാതെ ദേശീയ തലത്തിൽ വളരുകയെന്ന ലക്ഷ്യത്തോടെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) 2022 ഒക്ടോബർ 5ന് ഭാരതീയ രാഷ്ട്ര സമിതി (ബിആർഎസ്) എന്നു പേരു മാറ്റി. 

കെ. ചന്ദ്രശേഖർ റാവു (Photo by NOAH SEELAM / AFP)
കെ. ചന്ദ്രശേഖർ റാവു (Photo by NOAH SEELAM / AFP)

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപുതന്നെ 115 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഭാരതീയ രാഷ്ട്ര സമിതി പ്രചാരണത്തിനു തുടക്കംകുറിച്ചു. സംസ്ഥാനത്ത് നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ അശക്തരായ പ്രതിപക്ഷ നിരയെയാണ് നേരിട്ടതെങ്കിൽ  ഇത്തവണ കരുത്താർജിച്ച പ്രതിപക്ഷമാണ് എന്നത് ബിആർഎസിന്റെ ഹാട്രിക് മോഹങ്ങൾക്ക് മങ്ങലേൽപ്പിച്ചേക്കാം. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു രണ്ടു സീറ്റുകളിൽ മത്സരിക്കുന്നതു പാർട്ടിക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നതിന്റെ സൂചനയായി പ്രതിപക്ഷ കക്ഷികൾ വിലയിരുത്തുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിആർഎസ് എന്തു നിലപാട് സ്വീകരിക്കുമെന്നത് തെലങ്കാന ഉൾപ്പടെ 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചിരിക്കും. 

അരി സംഭരിക്കുന്ന വിഷയത്തിൽ കേന്ദ്രത്തിനെതിരെ ടിആർഎസിന്റെ നേതൃത്വത്തിൽ ഹൈദരാബാദിൽ നടത്തിയ പ്രതിഷേധം. 2021 നവംബർ 18ലെ ചിത്രം. (Photo by NOAH SEELAM / AFP)
അരി സംഭരിക്കുന്ന വിഷയത്തിൽ കേന്ദ്രത്തിനെതിരെ ബിആർഎസിന്റെ നേതൃത്വത്തിൽ ഹൈദരാബാദിൽ നടത്തിയ പ്രതിഷേധം. 2021 നവംബർ 18ലെ ചിത്രം. (Photo by NOAH SEELAM / AFP)

തുടർച്ചയായി 9 വർഷം ഭരണത്തിലിരിക്കുന്ന ബിആർഎസിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ.കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതും വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്. ഭാരത് ജോഡോ യാത്രയ്ക്കു കിട്ടിയ സ്വീകാര്യതയും പാർട്ടിയെ താഴെത്തട്ട് മുതൽ സജീവമാക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഗുണം ചെയ്യുമെന്ന് അവർ കരുതുന്നു. ബിആർഎസ് കയ്യൊഴിഞ്ഞതോടെ ഇടതുപാർട്ടികൾ കോൺഗ്രസുമായി ചേർന്ന് മൽസരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. തെലങ്കാനയിൽ കോൺഗ്രസ് മുന്നിലെത്തുമെന്ന് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സർവേയും പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവുമായ വൈ.എസ്.ശർമിളയെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിൽ എത്തിയിരുന്നെങ്കിലും സംസ്ഥാന നേതാക്കളുടെ എതിർപ്പിനെതുടർന്ന് ഫലവത്തായില്ല. കോൺഗ്രസിൽ ലയിക്കാനോ സഖ്യത്തിൽ മത്സരിക്കാനോ ഉള്ള സന്നദ്ധത കേന്ദ്ര നേതൃത്വത്തെ അറിയിച്ച് നാലു മാസം കാത്തിരുന്നിട്ടും മറുപടി ലഭിച്ചില്ലെന്നു വ്യക്തമാക്കിയ ശർമിള 119 സീറ്റിലും സ്വന്തം സ്ഥാനാർഥികളെ രംഗത്തിറക്കുമെന്നും പ്രഖ്യാപിച്ചു. 

വൈ.എസ്.ശർമിള (File Photo: J Suresh / Manorama)
വൈ.എസ്.ശർമിള (File Photo: J Suresh / Manorama)

ബിജെപി കൂടുതൽ ശക്തമായി എന്നതാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിലും മറ്റു ചില ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ താഴെത്തട്ടിൽ സ്വാധീനമില്ലാത്തത് മികച്ച പ്രകടനം നടത്താമെന്ന ബിജെപി നേതൃത്വത്തിന്റെ മോഹങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്താനിടയുണ്ട്. ഹൈദരാബാദ് മേഖലയിൽ മാത്രമാണ് സ്വാധീനശക്തിയെങ്കിലും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചേക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ദുർബലമായ അവസ്ഥയിലായ ടിഡിപി വോട്ടുശതമാനത്തിൽ ചലനമുണ്ടാക്കിയേക്കില്ല.

എൻ.ചന്ദ്രബാബു നായിഡു (PTI Photo)
എൻ.ചന്ദ്രബാബു നായിഡു (PTI Photo)

കോൺഗ്രസും ബിജെപിയും കരുത്താർജിച്ചതോടെ ഇത്തവണ സംസ്ഥാനത്ത് ത്രികോണ മൽസരത്തിനാണ് അരങ്ങൊരുങ്ങുന്നത്. ന്യൂനപക്ഷ വോട്ടുകളേറെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്ന പാർട്ടിയെന്ന ആരോപണം നേരിടുന്ന എഐഎംഐഎം സ്വീകരിക്കുന്ന നിലപാട് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം. ചെറുകക്ഷിയെങ്കിലും വൈഎസ്ആർ തെലങ്കാന പാർട്ടി നേടുന്ന വോട്ടുകളും പ്രധാനമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ സഖ്യരൂപീകരണങ്ങൾക്കു സാധ്യത നിലനിൽക്കെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം സംസ്ഥാനത്തെ മൂന്നു പ്രധാനകക്ഷികൾക്കും നിർണായകമാണ്.

English Summary:

Congress BJP and BRS expectations in Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com