ADVERTISEMENT

വാഷിങ്ടൻ∙ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കുത്തിവയ്‌പെടുത്ത ഫിറ്റ്നസ് ഇൻഫ്ലുവൻസറെ ‘കാർന്നുതിന്ന്’ മാരകരോഗം. ശരീരം, ശരീരത്തെ തന്നെ ഭക്ഷിക്കുന്ന പ്രത്യേക രോഗാവസ്ഥയാണ് ബിയാട്രിസ് അമ്മ എന്ന ഇൻഫ്ലുവൻസറെ പിടികൂടിയതെന്നാണു റിപ്പോർട്ട്. ത്വക്കിൽ മുറിവുകൾ ഉണ്ടാക്കുന്ന വളരെയധികം വേദനാജനകമായ മൈക്രോബാക്ടീരിയം ആബ്സിസസ് എന്ന  അണുബാധയാണ് ബിയാട്രിസിനെ ബാധിച്ചത്.

ഡിയോക്സികോളിക് ആസിഡ് തെറ്റായ രീതിയിൽ ശരീരത്തിൽ കുത്തിവച്ചതാണ് രോഗകാരണമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മൂന്നു വർഷം മുൻപ് തന്റെ 23ാം വയസ്സിലാണ് ലൊസാഞ്ചലസിലെ സ്പാ കേന്ദ്രത്തിൽനിന്ന് 66,000 രൂപ ചെലവാക്കി ബ്രിയാട്രിസ് ഒരുപറ്റം വൈറ്റമിൻ ഇൻജക്‌ഷനുകൾ സ്വീകരിച്ചത്.  വൈറ്റമിൻ ബി,സി, കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന ഡീയോക്സികോളിക് ആസിഡ് എന്നിവയുടെ മിശ്രിതം കുത്തിവച്ചു. കൈകളിലും മുതുകിലും വയറ്റിലുമായി 60 തവണയാണ് കുത്തിവയ്‌പെടുത്തത്.

കുത്തിവയ്പ് കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കു ശേഷം തന്നെ ശരീരത്തിൽ മാറ്റം കണ്ടുതുടങ്ങിയെന്ന് ബിയാട്രിസ് പറയുന്നു. ‘‘എന്റെ ത്വക്കിൽ ആദ്യം ചുവന്നപാടുകളും മുറിവുകളും ഉണ്ടായി. കുത്തിവയ്പ് എടുത്ത ഇടങ്ങളിൽ അവ കൂടുതൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ശരീരം മുഴുവൻ സ്വയം നശിക്കാൻ തുടങ്ങുകയായിരുന്നു’’–  യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിയാട്രിസ് പറഞ്ഞു. 

സ്വിംസ്യൂട്ട് മോഡലായിരുന്ന ബിയാട്രിസ് ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിൽ തന്റെ കരിയർ രൂപപ്പെടുത്തുന്നതിനിടെയാണ് ദുരന്തമുണ്ടാകുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ചികിത്സയുടെ ഭാഗമായി നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായി. ഇപ്പോൾ ദിവസേന നാലു മണിക്കൂറുകളോളം നീളുന്ന ആന്റിബയോട്ടിക് ചികിത്സയുമുണ്ട്. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.

‘‘എനിക്ക് വസ്ത്രം മാറാൻ പോലും മറ്റൊരാളുടെ സഹായം വേണം. കുളിക്കാനും മറ്റു പ്രാഥമിക കൃത്യങ്ങൾക്കു പോലും മറ്റൊരാൾ എന്നെ സഹായിക്കാനായുണ്ട്. ഇവിടെ ഇങ്ങനെ കിടന്നിട്ട് ഇല്ലാതാകുന്നതു പോലെയാണ് തോന്നുന്നത്. കുത്തിവയ്പ് എടുത്ത സ്പാ പുറമേനിന്ന് നോക്കുമ്പോൾ വളരെ മികച്ചതായിരുന്നു. വളരെ പ്രഫഷനലായാണ് അവർ കാര്യങ്ങൾ ചെയ്തിരുന്നത്. പ്രമുഖ കമ്പനിയുടെ മരുന്നാണ് കുത്തിവയ്ക്കുന്നതെന്ന് എന്നെ വിശ്വസിപ്പിച്ചു’’– ബിയാട്രിസ് വിഷമത്തോടെ പറഞ്ഞു,

English Summary:

Fitness Influencer Shares Her Body Started Eating Itself After Fat-Dissolving Injections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com