ADVERTISEMENT

തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നത് ബിജെപി– സിപിഎം ബന്ധത്തെ വീണ്ടും അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തമായ നിര്‍ദേശം ഇല്ലാതെ പ്രോസിക്യൂഷന്‍ ഈ നിലപാട് സ്വീകരിക്കില്ല. ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നെങ്കില്‍ അതു ബിജെപിക്ക് വലിയ തിരിച്ചടി ആകുമായിരുന്നു. 

കൊടകര കുഴല്‍പ്പണക്കേസും മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസും ശരിയായ ദിശയില്‍ അന്വേഷിച്ചിച്ചിരുന്നെങ്കില്‍ ബിജെപിയെ കേരളത്തില്‍നിന്നു കെട്ടുകെട്ടിക്കാമായിരുന്നു. രണ്ടു കേസുകളിലും കാട്ടിയ അലംഭാവം ബിജെപിക്കു രക്ഷപ്പെടാന്‍ പഴുതുകള്‍ ഉണ്ടാക്കിക്കൊടുത്തു. ബിജെപി നേതാക്കള്‍ പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണക്കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ച ശേഷം ഇ.ഡിയുടെ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിട്ടും ഇതുവരെ നടപ്പായില്ല. കുഴല്‍പ്പണക്കേസ് ഇ.ഡിക്കു വിടാത്തത് ബിജെപി സിപിഎം ബന്ധത്തിലെ വേറൊരു അധ്യായമാണ്. പ്രത്യുപകാരമായി മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ് തുടങ്ങിയവയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം കേന്ദ്ര സര്‍ക്കാരും മരവിപ്പിച്ചു.

ബിജെപി സഖ്യത്തിലേര്‍പ്പെട്ട  ജനതാദള്‍ ദേശീയ പ്രസിഡന്റ് എച്ച്.ഡി.ദേവെഗൗഡയും മുന്‍ മുഖ്യമന്ത്രിയും മകനുമായ കുമാരസ്വാമിയും പിണറായി വിജയന്റെ ആശീര്‍വാദവും അനുഗ്രഹവുമുണ്ടെന്നു തുറന്നു പറഞ്ഞ് അദ്ദേഹത്തിന്റെ പൊയ്‌മുഖം ചീന്തിയെറിഞ്ഞു. ബിജെപി സഖ്യമുള്ള ജനതാദളിനെ ഇടതുമുന്നണിയില്‍ നിന്നും മന്ത്രിസഭയില്‍നിന്നും പുറത്താക്കാന്‍ പിണറായി വിജയന്റെ മുട്ടിടിക്കും. ബിജെപിക്ക് മനസാ വാചാ കര്‍മണാ ദോഷം ഉണ്ടാകുന്ന ഒരു പ്രവര്‍ത്തിയും കേരള മുഖ്യമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കേണ്ടെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

English Summary:

K.Sudhakaran against CPM in Manjeshwaram election corruption case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com