ADVERTISEMENT

പാലക്കാട്∙ വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീഡനക്കേസിലെ പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ മധു.

2017 ജനുവരി 7നും മാർച്ച് 4നുമായാണു പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരെ വീടിനോടു ചേർന്നു ഷീറ്റു മേഞ്ഞ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരാണു കേസിലെ പ്രതികൾ. ഇതിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ പ്രദീപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാലാം പ്രതിയായ ചെറിയ മധുവും ജീവനൊടുക്കിയത്.

വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ 4 പ്രതികൾക്കെതിരെ 6 കേസുകളാണുണ്ടായിരുന്നത്. രണ്ടു പെൺകുട്ടികളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാൽ ഈ കേസുകൾ ഒഴിവാക്കി. വലിയ മധു രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും, ചെറിയ മധുവും ഷിബുവും മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.

കേസ് ഇതുവരെ

∙ വാളയാറിൽ 13 വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13 നും 9 വയസ്സുള്ള ഇളയ കുട്ടിയെ 2017 മാർച്ച് നാലിനും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
∙ വിചാരണ നടത്തിയ പാലക്കാട് പോക്സോ കോടതി പ്രതികളെ വിട്ടയച്ചു.
∙ സർക്കാരും കുട്ടികളുടെ അമ്മയും നൽകിയ അപ്പീലുകൾ അനുവദിച്ച ഹൈക്കോടതി 2021 ജനുവരി 6നു വിചാരണക്കോടതിയുടെ ഉത്തരവു റദ്ദാക്കി. പുനർവിചാരണയ്ക്കു നിർദേശിച്ചു. തുടരന്വേഷണം നടത്താമെന്നും വ്യക്തമാക്കി.
∙ സർക്കാർ തുടരന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചെങ്കിലും മാതാപിതാക്കളുടെ ആവശ്യം മാനിച്ച് സിബിഐയെ ചുമതലപ്പെടുത്തി.

∙ എന്നാൽ 2021 ജനുവരി 25നു പുറപ്പെടുവിച്ച അനുമതി വിജ്ഞാപനത്തിൽ മൂത്ത കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ നമ്പർ മാത്രമാണുള്ളതെന്നും ഇളയ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചു പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അമ്മ ഹൈക്കോടതിയിലെത്തി.
∙ രണ്ടാമത്തെ കേസും സിബിഐക്കു വിട്ടുകൊണ്ടുള്ള തിരുത്തൽ വിജ്ഞാപനം സർക്കാർ കോടതിക്കു കൈമാറി.
∙ ഹർജി പരിഗണിച്ചപ്പോൾ 2018 നവംബർ 22 ലെ കേന്ദ്ര മാർഗരേഖയനുസരിച്ച് അനുമതി വിജ്ഞാപനത്തിനൊപ്പം നൽകേണ്ട വിവരങ്ങൾ സംസ്ഥാനം നൽകിയിട്ടില്ലെന്നു കേന്ദ്രസർക്കാർ അറിയിച്ചു.

∙ കോടതിയിൽ ഉറപ്പു നൽകിയ പ്രകാരം സംസ്ഥാനം രേഖകൾ കൈമാറിയ സാഹചര്യത്തിലാണു കേസ് സിബിഐ ഏറ്റെടുക്കണമെന്ന കോടതി നിർദേശം.
∙ സിബിഐ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നും ആവശ്യപ്പെട്ടു പെൺ‍കുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ
∙ വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട  കേസിൽ രാജേഷ് എം.മേനോൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com