ADVERTISEMENT

തിരുവനന്തപുരം ∙ നിലവാരമില്ലാത്ത മരുന്ന് വിതരണം ചെയ്തെന്ന ആരോപണത്തിൽ സർക്കാരിനെതിരെ വിമർശനം തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇത്തരം മരുന്ന് കഴിക്കുന്നതിലൂടെ മരണം സംഭവിക്കുകയോ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യാമെന്ന് വി.ഡി.സതീശൻ പരോക്ഷമായി പറഞ്ഞു. വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ സർക്കാരുമായി ധാരണയിലെത്തി അവർ നശിപ്പിക്കാൻവച്ച മരുന്നുകൾ ഇവിടെ വിതരണം ചെയ്യുകയാണെന്നും സതീശൻ ആരോപിച്ചു.

‘‘നിലവാരമില്ലെന്ന് എഴുതിവച്ച മരുന്നുകൾ നൂറുകണക്കിനു സ്ട്രിപ്പുകൾ വിതരണം ചെയ്തു. ഒരിക്കലും കൊടുക്കരുതെന്ന് ഡോക്ടർമാർ എഴുതിവച്ച മരുന്നും കൊടുത്തു. വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ സർക്കാരുമായി ധാരണയിലെത്തി അവർ നശിപ്പിക്കാൻവച്ച മരുന്നുകൾ ഇവിടെ വിതരണം ചെയ്യും. വേറെ കുഴപ്പമൊന്നുമില്ല ഈ മരുന്നുകൾക്ക്, ചിലപ്പോ നമ്മൾ അടിച്ചുപോകും. അല്ലെങ്കിൽ കിഡ്നിയോ കരളോ ഹാർട്ടോ പോകും. കാലാവധി പൂർത്തിയാകുമ്പോൾ ഇതിനു രാസപരിണാമം സംഭവിക്കും. പിഞ്ചു കുഞ്ഞുങ്ങൾക്കുപോലും കൊടുക്കുന്നത് ഈ മരുന്നാണ്. 

ചില കമ്പനികള്‍ക്കും ചിലയിനം മരുന്നുകൾക്കും പരിശോധനയില്ല. ഓരോ ബാച്ച് വരുമ്പോഴും റാൻഡം പരിശോധന നടത്തിവേണം വിതരണത്തിനെത്തിക്കാൻ. എന്നാൽ, പരിശോധനയില്ലാതെ ചാത്തൻ മരുന്നുകൾ വിതരണം ചെയ്യപ്പെടുകയാണ്. ഗുരുതരമായ പിഴവാണിത്. എഐ ക്യാമറ, കെഫോൺ, മെഡിക്കൽ സർവീസസ് കോർപറേഷൻ, സിവിൽ സപ്ലൈസ് തുടങ്ങി എല്ലായിടത്തും അഴിമതി കാണിക്കുന്ന സർക്കാരാണിത്. കേരളം കണ്ട ഏറ്റവും കെടുകാര്യസ്ഥതയുള്ള സർക്കാരാണിത്’’ –സതീശൻ പറഞ്ഞു.

നേരത്തെ, കാലാവധി കഴിഞ്ഞതോ നിലവാരമില്ലാത്തതോ ആയ മരുന്നുകൾ മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി വിതരണം ചെയ്തിട്ടില്ലെന്നു പറയാൻ മന്ത്രി വീണാ ജോർജിനു ധൈര്യമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു. ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മന്ത്രി തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

English Summary:

Opposition leader VD Satheesan criticises government again in distribution of expired medicine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com